ഗറാഫ ഗ്യാസ് ദുരന്തം: നാല് പ്രതികള്‍ക്ക് തടവുശിക്ഷ

മൂന്ന് മലയാളികളടക്കം 11 പേരുടെ മരണത്തിനും 42 പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ ഗറാഫ ഗ്യാസ് ടാങ്ക് സ്‌ഫോടനത്തില്‍ നാല് പ്രതികള്‍ക്ക് ദോഹ ക്രിമിനല്‍ കോടതി തടവ് ശിക്ഷ വിധിച്ചു.
കേസിലെ ആദ്യ രണ്ട് പ്രതികളായ ഖത്തര്‍ ഗ്യാസ് എന്ന സ്വകാര്യ ഗ്യാസ് ഏജന്‍സി ജനറല്‍ സൂപ്പര്‍വൈസറായ ഈജിപ്ത് സ്വദേശി, പൊതുമേഖല എണ്ണപാചകവാതക കമ്പനിയായ വുഖൂദിലെ സൂപ്പര്‍വൈസറായ ഇന്ത്യക്കാരനും അഞ്ച് വര്‍ഷം വീതമാണ് തടവ് വിധിച്ചത്. സ്‌ഫോടനം നടന്ന ഇസ്താംബൂള്‍ റസ്‌റ്റോറന്റിലെ ബെയ്ക്കര്‍, അകൗണ്ടന്റ് എന്നിവര്‍ക്ക് രണ്ടുവര്‍ഷം വീതവും തടവുശിക്ഷ വിധിച്ചു. റസ്‌റ്റോറന്റ് ജീവനക്കാര്‍ തുര്‍ക്കി സ്വദേശികളാണ്. സംഭവം നടന്ന് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് കോടതിവിധിയുണ്ടാകുന്നത്. തടവുശിക്ഷക്ക് പുറമെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ദയാധനവും പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരവും നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്. ദശലക്ഷ കണക്കിന് റിയാല്‍ നഷ്ടപരിഹാരം വേണമെന്നാണ് ഇരകളുടെ ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
2014 ഫെബ്രുവരി 27നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മലയാളികളുമടക്കം ആന്ധ്ര സ്വദേശികളും അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. ഗറാഫ ലാന്റ്മാര്‍ക്ക് പെട്രോള്‍ സ്‌റ്റേഷന് സമീപം ഇസ്താംബുള്‍ റസ്‌റ്റോറന്റിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ജില്ലയിലെ തിക്കോടി വടക്കെ മുല്ലമറ്റത്ത് മഹ്മൂദിന്റെ മകന്‍ പടിഞ്ഞാറെ ആനക്കണ്ടി സകരിയ്യ (33) കൊയിലാണ്ടി മുചുകുന്ന് കിഴക്കേ മനോളി സുലൈമാന്റെ മകന്‍ റിയാസ് (34) മലപ്പുറം എടവണ്ണപ്പാറ ചീക്കോട് പാലങ്ങാട് അബ്ദുല്‍ സലീം (35) എന്നിവരാണ് മരിച്ച മലയാളികള്‍. അഞ്ച് ഇന്ത്യാക്കാര്‍ക്ക് പുറമെ നാല് നേപ്പാളികളും രണ്ട് ഫിലിപ്പീന്‍സ് സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള ടേസ്റ്റി ഹോട്ടലിലെ ജോലിക്കാരായിരുന്നു മരിച്ച മലയാളികള്‍. ഇവിടെ ജോലി ചെയ്യുന്ന നാല് നേപ്പാളികളും മരിച്ചവരില്‍പെടും. നിരവധി മലയാളികളുടെ കടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശം കൂടിയായിരുന്നു അപകടമുണ്ടായ സ്ഥലം.
പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നാലു വിദേശികള്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും വാദം വിശദമായി കേട്ടശേഷമാണ് ക്രിമിനല്‍ കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്. ദുരന്തത്തിന് കാരണം ഹോട്ടലില്‍ ഉപയോഗിച്ചിരുന്ന ഓവന്റെ ഗ്യാസ് വാള്‍വ് അടയ്ക്കാഞ്ഞതാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടത്തെിയിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ, മനപൂര്‍വമല്ലാതെയേ അവിചാരിതമായോ അപായപ്പെടുത്തല്‍, വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പ്രധാനമായും ചുമത്തിയത്.
ഇതിന് പുറമെ അപകടമുണ്ടായതില്‍ ഓരോരുത്തരുടെ പങ്കും കുറ്റപത്രത്തില്‍ വ്യക്തമായി വിശദീകരിച്ചിരുന്നു. റസ്‌റ്റോറന്റിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ വുഖൂദ് ഗ്യാസ് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കാതിരുന്നതാണ് ഇന്ത്യക്കാരനായ സൂപ്പര്‍വൈസര്‍ക്കെതിരായ കുറ്റാരോപണം. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരിശോധന കൂടാതെ പുതിയ ഗ്യാസ് ലൈന്‍ കണക്ഷന്‍ നല്‍കി അശ്രദ്ധ കാണിച്ചതിനാണ് ഗ്യാസ് ഏജന്‍സി ജീവനക്കാരനായ ഈജിപ്ത് സ്വദേശിക്കെതിരെ കുറ്റം ചുമത്തിയത്. ഓവന്റെ വാല്‍വ് ശരിയായി അടക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് തുര്‍ക്കിഷ് റെസ്‌റ്റോറന്റിലെ ബെയ്ക്കര്‍ക്കെതിരെയുള്ള കുറ്റം. റസ്‌റ്റോറന്റിലെ മുഴുവന്‍ ഗ്യാസ് വാല്‍വുകളും ശരിയായ രീതിയില്‍ അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ട കടമ നിര്‍വഹിക്കാതിരുന്നതാണ് അകൗണ്ടന്റിനെതിരെയുള്ള കുറ്റാരോപണം. നാലുപേരും തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ നിഷേധിച്ചിരുന്നു.
ഈ നാല് പേര്‍ക്കുമെതിരായ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി വിശദമായി പരിശോധിച്ച്, സാക്ഷിമൊഴികള്‍ കേട്ടശേഷമാണ് വിധി പ്രസ്താവിച്ചത്. കോടതിവിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha