ഇനി ലോകം യുഎഇയിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദര്‍ശനമായ ദുബായ് എക്‌സ്‌പോ 2020ന് വർണോജ്വല തുടക്കം! ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങൾ പങ്കെടുക്കുന്ന മഹാമേള 2022 മാർച്ച് 31വരെ തുടരും, സഹിഷ്ണുതയുടെ ഭൂമിയിലേക്ക് ഏവരെയും സ്വാഗതം ചെയ്ത ദുബായ് ഭരണാധികാരി

ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദര്‍ശനമായ ദുബായ് എക്‌സ്‌പോ 2020ന് വർണോജ്വല തുടക്കം. ദുബായിൽ നാലര കിലോമീറ്റർ ചുറ്റളവിൽ സജ്ജമാക്കിയിരിക്കുന്ന എക്സ്പോ ഗ്രാമത്തിലെ പ്രധാനവേദിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് യുഎഇ സമയം എഴരയോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചത്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപ പ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് എക്സ്പോ കമ്മീഷണർ ജനറൽ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സജീവസാന്നിധ്യമായിരുന്നു.
ലോകപ്രശസ്ത സംഗീതജ്ഞർ പങ്കെടുത്ത സംഗീതപരിപാടികൾ അരങ്ങേറി. അറബ് ലോകത്തെ പ്രശസ്ത ഗായകൻ സൗദിയിലെ മുഹമ്മദ് അബ്ദു, ആഞ്ചലിക് കിഡ്ജ, ഹുസൈൻ അൽ ജാസിമി, മൈസ കാറ,അഹ്ലാം അൽ ഷംസി തുടങ്ങി നിരവധി പേർ ഗാനങ്ങളവതരിപ്പിച്ചു. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് പ്രവേശനം അനുവദിച്ചതെങ്കിലും virtualexpo.world, Expo 2020 TV യിൽ ലോകം മുഴുവൻ ലൈവ് ആയി കാണാൻ അധികൃതർ സൗകര്യമൊരുക്കിയിരുന്നു.
ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങൾ പങ്കെടുക്കുന്ന മഹാമേള 2022 മാർച്ച് 31വരെ തുടരുന്നതാണ്. 2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടത്താൻ തീരുമാനിച്ചിരുന്ന എക്സ്പോ കോവിഡ് സാഹചര്യങ്ങളെ തുടർന്നാണു മാറ്റിവച്ചത്.
അതോടൊപ്പം തന്നെ 360 ഡിഗ്രിയിൽ കാഴ്ചകൾ തെളിയുന്ന ലോകത്തെ ഏറ്റവും വലിയ കുംഭ ഗോപുരമാണു മുഖ്യവേദിയായ അൽ വാസൽ പ്ലാസയിൽ ലോകം മുഴുവനെയും വിസ്മയിപ്പിക്കാൻ ഒരുക്കിയിരുന്നത്. എക്സ്പോ ഗ്രാമത്തിലേക്കു മാത്രമായി മെട്രോ സ്റ്റേഷനും സർവീസും സജ്ജമാക്കിയിട്ടുണ്ട്. എക്സ്പോ നഗരിയിൽ ഇതുൾപ്പടെ ഗതാഗത സൗകര്യം ഒരുക്കാൻ മാത്രം 30,000 കോടി രൂപയാണു ചെലവഴിച്ചത്.
അതേസമയം സഹിഷ്ണുതയുടെ ഭൂമിയിലേക്ക് ഏവരെയും സ്വാഗതം ചെയ്ത ദുബായ് ഭരണാധികാരി. '192 രാജ്യങ്ങളുടെ പ്രതിനിധികളെ സഹിഷ്ണുതയുടെ ദേശത്തേയ്ക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, മാനവികതയ്ക്ക് രാജ്യാന്തര സഹകരണം ആവശ്യമായ സാഹചര്യത്തിൽ ആഗോള വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ആറു മാസം നീണ്ടുനിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടിക്ക് കഴിഞ്ഞ 10 വർഷം നമ്മൾ നടത്തിയ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായുള്ള ദേശീയ അഭിമാനമാണിത്' എന്നും അദ്ദേഹം പറയുകയുണ്ടായി.
കൂടാതെ ഈ യാത്ര യുഎഇയോടുള്ള ആഗോള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. മനുഷ്യരാശിയെ സേവിക്കാൻ ഏറ്റെടുക്കുന്ന ഏതൊരു ദൗത്യത്തിലും സ്ഥാനത്തിലും മികവ് പുലർത്താനുള്ള അസാധാരണമായ കഴിവ് എമിറാത്തികൾ വീണ്ടും വീണ്ടും തെളിയിച്ചു.
യുഎഇ ഒരു ഫലവൃക്ഷമാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. ഈ ഗ്രഹത്തിന് ഒരു നല്ല നാളെയെക്കുറിച്ച് സ്വപ്നം കാണുന്ന എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയും. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ തന്ത്രങ്ങളുടെ ഫലം ഇന്ന് ഞങ്ങൾ കൊയ്യുന്നു. ഇതാണ് നിങ്ങളുടെ ഫലം. വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാനുള്ള നിങ്ങളുടെ കാഴ്ചപ്പാടിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് ലോകത്തിന്റെ ആത്മവിശ്വാസമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
https://www.facebook.com/Malayalivartha


























