പ്രവാസികൾക്ക് സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ സൗദി അറേബ്യ; തവക്കൽനാ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ, വിവിധ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ, യാത്രാ നിബന്ധനകൾ ഇനി മുതൽ തവക്കൽന ആപ്പിൽ
പ്രവാസികൾക്ക് സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ തയ്യാറായി സൗദി അറേബ്യ. കൊറോണ വ്യാപനത്തിന് പിന്നാലെ സൗദിയിൽ വികസിപ്പിച്ചെടുത്ത തവക്കൽനാ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നത് തുടരുകയാണ്. വിവിധ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ, യാത്രാ നിബന്ധനകൾ ഇനി മുതൽ തവക്കൽന ആപ്പിൽ അറിയാൻ സാധിക്കുന്നതായിരിക്കും.
അതായത് ഓരോ രാജ്യത്തേക്കും നിർബന്ധമുള്ള കോവിഡ് പരിശോധന, യാത്രയുടെ എത്ര ദിവസങ്ങൾ മുമ്പ് എടുക്കണം, ഏതൊക്കെ പ്രായക്കാർക്കാണ് നിബന്ധന ബാധകം, ഓരോ രാജ്യങ്ങളും അംഗീകരിച്ച കോവിഡ് വാക്സിൻ ഏതെല്ലാം, ക്വാറന്റൈൻ തുടങ്ങിയ മറ്റു നിബന്ധനകൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങളെല്ലാം യാത്രക്കാർക്ക് ആപ്പ് വഴി പരിശോധിക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
അതോടപ്പം തന്നെ ഈ സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തവക്കൽന ആപ്പ് സന്ദർശിച്ച് ആരോഗ്യ സേവനങ്ങളിലെ 'ഹെൽത്ത് ട്രാവൽ റിക്വയർമെന്റ്' എന്നതിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ അറിയാൻ കഴിയുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യം, പുറപ്പെടുന്ന തിയതി, മടങ്ങുന്ന തിയതി എന്നിവ നൽകുന്നതോടെ വിവരങ്ങൾ കൃത്യമായി ലഭിക്കുകയും ചെയ്യും. ഇതേ സേവനം വഴി സൗദിയിലെ ഓരോ പ്രവിശ്യയിലുമുള്ള അംഗീകൃത കോവിഡ് പിസിആർ പരിശോധനാ കേന്ദ്രങ്ങൾ സേർച്ച് ചെയ്യാനും ആപ്പിൽ സ്വകാര്യം ഒരുക്കിയിട്ടുണ്ട്.
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നാഷനൽ ഇൻഫർമേഷൻ സെന്റർ വികസിപ്പിച്ചെടുത്ത തവക്കൽന മൊബൈൽ ആപ്ലിക്കേഷനിൽ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും എളുപ്പത്തിൽ ലഭ്യമാവുന്ന വിവിധ സേവനങ്ങൾ ഉൾപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
അതേസമയം ഇനിമുതൽ പ്രവാസികൾക്ക് സൗദിയിൽ തൊഴിൽ ചെയ്യാൻ അനുവാദം ലഭിക്കണമെങ്കിൽ തൊഴിൽ യോഗ്യതാ പരീക്ഷയിൽ പാസായിരിക്കണം. ഇതിനായി വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷൻ കമ്മിറ്റിക്ക് സൗദി അറേബ്യ അനുമതി നൽകിയിരിക്കുകയാണ്.
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. യോഗ്യത പരീക്ഷ വിജയിക്കാത്തവർക്ക് സൗദിയിൽ ജോലി ചെയ്യാൻ സാധിക്കുന്നതല്ല. സാങ്കേതികവും പ്രത്യേക കഴിവുകൾ ആവശ്യവുമായ മേഖലയിലാണ് സൗദി തൊഴിൽ യോഗ്യതാ പരീക്ഷ തുടങ്ങിയത്. വിദേശത്തുനിന്നുള്ളവർക്ക് അവരവരുടെ രാജ്യത്തുതന്നെ പരീക്ഷ കേന്ദ്രമുണ്ടാകും. ഇത് അനുവദിക്കുന്നതിനുള്ള സ്ഥിരം അക്രഡിറ്റേഷൻ കമ്മിറ്റിക്കാണ് മന്ത്രിസഭയുടെ അനുമതി നൽകിയത്.
ഈ കമ്മിറ്റിയാകും ഓരോ രാജ്യത്തും വേണ്ട പരീക്ഷകേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുക. സൗദിയിൽ ഇനിമുതൽ വിസ ലഭിക്കാൻ ഈ പരീക്ഷ പാസാകേണ്ടിവരും. നിലവിൽ സൗദിക്കകത്തുള്ളവർക്കാണ് ഈ പരീക്ഷ നടത്തിവരുന്നത്. ഓൺലൈനായും പ്രാക്ടിക്കലായും പരീക്ഷയുണ്ടാകും. ഇത് പാസാകുന്നവർക്കേ ജോലിയിൽ തുടരാൻ സാധിക്കുകയുള്ളു.
https://www.facebook.com/Malayalivartha

























