പ്രവാസികളുടെ സുരക്ഷിത ഇടം; മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കയിലും കൊടും ഭീകരസംഘമായ ഐ.എസിന്റെ സ്വാധീനം കുറഞ്ഞതായി റിപ്പോർട്ട്, 2021ൽ തീവ്രവാദ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി യു.എ.ഇ

ഗൾഫ് രാഷ്ട്രങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന് അവിടുത്ത നിയമങ്ങളും പോലീസിന്റെ കാര്യനിഷ്ഠതയും കണ്ടാൽ മനസിലാകും. സ്ത്രീകൾക്ക് ഏതു സമയത്തും ഇറങ്ങിനടക്കാൻ കഴിയുന്ന ഇടം. അതെ യുഎഇ.... തൊഴിൽ മേഖലകലുങ്കിലും തൊഴിൽ നിയമങ്ങളിലും പ്രവാസികൾക്കും തുല്യപങ്കാളിത്തം നൽകി എല്ലാം മെച്ചപ്പെടുത്താൻ നോക്കുന്ന ഭരണാധികാരികൾ. ഇതൊക്കെയും തന്നെ ഏവരെയും ഗൾഫിലേക്ക് ആകർഷിക്കുകയാണ്. എന്നാൽ അതിനേക്കാളേറെ ഗൾഫ് എത്രത്തോളം സുരക്ഷിതമാണ് എന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
അതായത് മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കയിലും കൊടും ഭീകരസംഘമായ ഐ.എസിന്റെ സ്വാധീനം കുറഞ്ഞതായിട്ടുള്ള റിപ്പോർട്ടാണ് അത്. സിഡ്നി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്റ് പീസ് (ഐ.ഇ.പി) നടത്തിയ പഠനത്തിലാണ് ഐ.എസ് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും സ്വാധീനം മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. മേഖലയിലെ 19 രാജ്യങ്ങളിൽ 16 രാജ്യങ്ങളും അവരുടെ സഹിഷ്ണുതാ നിലവാരം മെച്ചപ്പെടുത്തിയതായും മൂന്ന് രാജ്യങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുകയാണ്.
എന്നാൽ അൾജീരിയയിൽ മാത്രമാണ് തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, സഹാറ മരുഭൂമിക്ക് തെക്ക് ഭാഗത്തുള്ള സാഹിൽ പ്രദേശം ഭീകരതയുടെ പുതിയ പ്രഭവകേന്ദ്രമായി മാറുന്നുവെന്നും ഇൻസ്റ്റിറ്റിയൂട്ടിന്റെ റിപ്പോർട്ട് വ്യക്തമാക്കുകയുണ്ടായി. ഭീകരവാദത്തിന്റെ മറവിൽ 2007 നും 2021 നും ഇടയിൽ ലോകത്ത് ആകെ ഉണ്ടായ മരണങ്ങളിൽ 39 ശതമാനവും മിഡിൽ ഈസ്റ്റ്-വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലായിരുന്നു. എന്നാൽ 2021ൽ ഇത് 16 ശതമാനമായി കുറയുകയാണ് ചെയ്തിരിക്കുന്നത്. ഐ.എസിന്റെ പതനമാണ് ഇത് സൂചിപ്പിക്കുന്നത്. 2021-ൽ ലോകാടിസ്ഥാനത്തിൽ ഭീകരവാദത്തിന്റെ പേരിൽ മരിച്ചവരുടെ എണ്ണം 7,142 ആയിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 1.2 ശതമാനം കുറവാണ് എന്നതാണ്.
അതോടൊപ്പം തന്നെ 2021ൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് 2015ൽ രേഖപ്പെടുത്തിയ നിരക്കിന്റെ മൂന്നിലൊന്ന് മാത്രമാണ് ഉള്ളത്. 2021ൽ തീവ്രവാദ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി യു.എ.ഇയെ ഐ.ഇ.പി തെരഞ്ഞെടുക്കുകയുണ്ടായി. മേഖലയിൽ ഏറ്റവും കൂടുതൽ മരണനിരക്ക് സിറിയയിലാണ്. ഇവിടെ 488 പേർക്കാണ് ഭീകരതയുടെ പേരിൽ ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ ഇത് 2020നെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതും ശ്രദ്ധേയം. 2020 ൽ ഭീകരതയുടെ പേരിൽ 724 പേരാണ് മരിച്ചത്. അൾജീരിയ ഒഴികെയുള്ള മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും ഭീകരവാദത്തിന്റെ പേരിലുള്ള മരണങ്ങൾ കുറഞ്ഞതായി ഐ.ഇ.പി എക്‌സിക്യൂട്ടീവ് ചെയർമാൻ സ്റ്റീവ് കില്ലിലിയ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























