നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കുവൈറ്റ് ഭരണകൂടം; രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് മുതല്‍ നൂറു ശതമാനം ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ, കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം രീതിയും വിവിധ ഷിഫ്റ്റുകളാക്കി തിരിച്ച് ജോലി സമയം ക്രമീകരിച്ചതുമെല്ലാം ഇന്നു മുതല്‍ അവസാനിക്കുന്നു

നീണ്ട നാളായുള്ള കാത്തിരിപ്പുകൾക്ക് ശേഷം കൊവിഡ് വ്യാപനം വലിയ തോതില്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കുവൈറ്റ് ഭരണകൂടം രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് ഞായറാഴ്ച മുതല്‍ നൂറു ശതമാനം ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു.
കോവിഡ് വ്യാപനത്തിന് ശേഷമുള്ള രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇത് ആദ്യമായാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതുപ്രകാരം കോവിഡിന് മുമ്പുള്ള കാലത്തേക്ക് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തിരികെയെത്തുന്നതാണ്.
അതായത് രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മാര്‍ച്ച് 13 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതു പ്രകാരം ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും കോവിഡ് പൂര്‍വ സ്ഥിതിയിലേക്ക് തിരികെത്തുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഓഫീസുകള്‍ പൂര്‍ണ രീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച സ്ഥിതിക്ക് ഇപ്പോള്‍ നിലവിലുള്ള എല്ലാ ഇളവുകളും റദ്ദാക്കപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പ്രത്യേകം നിര്‍ണയിക്കപ്പെട്ടതും അവകാശപ്പെട്ടതുമായ അവധി ദിനങ്ങളിലല്ലാതെ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരിക്കരുത്. അങ്ങനെ ചെയ്യുന്നവര്‍ക്കെതിരേ നടപടി വരുന്നതായിരിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം രീതിയും വിവിധ ഷിഫ്റ്റുകളാക്കി തിരിച്ച് ജോലി സമയം ക്രമീകരിച്ചതുമെല്ലാം ഇന്നു മുതല്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതാണ്. രാജ്യത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലായിരുന്നു സര്‍ക്കാര്‍ ഓഫീസുകളുടെ ഹാജര്‍ നില 50 ശതമാനമാക്കി വെട്ടിക്കുറച്ചത്. പിന്നീട് ഇത് 70 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു. ഇന്നത്തോടെ അവ പൂര്‍ണ തോതില്‍ പുനരാരംഭിക്കുകയാണ്. രാജ്യത്ത് കോവിഡ് കുറഞ്ഞുവന്ന സാഹചര്യത്തില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ വാര്‍ത്തയായും സോഷ്യല്‍ മീഡിയയിലും നല്‍കുന്ന രീതി അവസാനിപ്പിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയവും അറിയിക്കുകയുണ്ടായി. അതേസമയം, അവ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























