എല്ലാത്തിനേയും തൂക്കിയെടുക്കാൻ സൗദി...! നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി, ഒരാഴ്ചക്കിടെ 14,509 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം

നിയമലംഘകർക്ക് കടുത്ത ശിക്ഷ നൽകുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. ഇത്തരത്തിലുള്ള ഒരു നടപടിയും രാജ്യത്ത് വെച്ചുപൊറുപ്പിക്കാൻ അനുവദിക്കില്ല. നിയമലംഘനം നടത്തിയ പ്രവാസികളും സൗദിയിൽ കടുത്ത ശിക്ഷകൾക്ക് വിധിക്കപ്പെടാറുണ്ട്. ഇത്തരത്തിൽ രാജ്യത്തെ നിയമങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്നവരെ തിരഞ്ഞു പിടിക്കുകയാണ് സുരക്ഷാ വിഭാഗം.
നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന രാജ്യത്ത് ശക്തമായി തുടരുകയാണ് . സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 14,509 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസരേഖ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവർ, തൊഴിൽ നിയമ ലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്.
ദിവസേന ആയിരകണക്കിന് വിദേശികളാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വിവിധ വകുപ്പുകൾ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്.ഒരാഴ്ചക്കിടെ പിടിയിലായവരിൽ 8581 പേർ താമസ രേഖയുടെ കാലാവധി അവസാനിച്ചവരും 4337 പേർ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 1591 പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരുമാണ്.
നിയമ ലംഘകർക്ക് അഭയവും യാത്രാ സൗകര്യവും നൽകിയതിന് 12 പേരും അറസ്റ്റിലായി. നിയമ ലംഘകർക്ക് താമസ യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നവർക്ക് മന്ത്രാലയ അധികൃതർ ശക്തമായ മുന്നറിയിപ്പും നൽകി. ഇത്തരക്കാർക്ക് പതിനഞ്ച് വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
അതുപോലെ സൗദിയിൽ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള മതിയായ ലൈസൻസ് ഇല്ലാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഫൈനും തടവുമടക്കമുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.സൗദി ഹെൽത്ത് പ്രൊഫഷൻസ് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 28/4 അനുസരിച്ച്, ഇത്തരം മേഖലകളിൽ ആൾമാറാട്ടം നടത്തുകയോ വ്യാജമായോ അനുമതി നേടാതെയോ പ്രാക്ടീസ് ചെയ്യുന്നതുമെല്ലാം കുറ്റകരമാണ്.
ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് 6 മാസം വരെ തടവും 100,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകൂർ ലൈസൻസ് ലഭിക്കാതെ ജോലി ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കുന്നതിനിടെയാണ് പബ്ലിക് പ്രോസിക്യൂഷന്റെ ഇത്തരമൊരു മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha
























