ദുബായിൽ പുതിയ സംവിധാനം; റോഡിന്റെ നിലവാരം അളക്കാൻ സഞ്ചരിക്കുന്ന ഓട്ടമേറ്റഡ് സംവിധാനവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

കേരളത്തിൽ മഴ മാറിയപ്പോൾ കുഴി പൊങ്ങി. റോഡുകളിൽ ഉണ്ടായ കുഴികളിൽ നിരവധിപേർ അപകടത്തിപ്പെട്ടു. എന്നാൽ ഇവിടെ ദുബായിൽ റോഡിന്റെ നിലവാരം അളക്കാൻ സഞ്ചരിക്കുന്ന ഓട്ടമേറ്റഡ് സംവിധാനവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രംഗത്ത് എത്തിയിരിക്കുകയാണ്. ലേസർ ഉപയോഗിച്ചു റോഡുകളെ സ്കാൻ ചെയ്ത് ആയുസ്സും നിലവാരവും അറ്റകുറ്റ പ്രവൃത്തി ചെയ്യേണ്ട സമയവും പുതിയ സംവിധാനത്തിലൂടെ കണ്ടെത്താൻ സാധിക്കുന്നത്. റോഡ് പൊളിയുന്നതു വരെ നന്നാക്കാൻ കാത്തുനിൽക്കേണ്ട ആവശ്യവും ഇല്ല.
അതായത് റോഡിന്റെ ആയുസ്സും പൊളിയുന്ന ദിവസവും വരെ സോഫ്റ്റ്‌വെയർ കണ്ടെത്തി മുൻകൂട്ടി അറിയിക്കുന്നതാണ്. റോഡിനെ പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കി ഓരോ 100 മീറ്ററും പ്രത്യേക പേരിൽ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തി. 99% കൃത്യത ഉറപ്പു വരുത്തുന്ന രീതിയിലാണ് പ്രവർത്തനം സജ്ജമാക്കിയിരിക്കുന്നത്.
അങ്ങനെ നഗരാസൂത്രണവുമായും റോഡുകളുടെ വാർഷിക പുനരുദ്ധാരണവുമായും റോഡിന്റെ ഡിജിറ്റൽ പതിപ്പ് ബന്ധപ്പെട്ടിരിക്കും. റോഡ് നിർമാണത്തിന് അനുവദിച്ചിരിക്കുന്ന ബജറ്റും സോഫ്റ്റ്‌വെയറിന്റെ ഭാഗമാണ് ഇത്. നിലവിലുള്ളതും നിർമാണത്തിൽ ഇരിക്കുന്നതുമായ റോഡുകളുടെ നിലവാരം കണ്ടെത്താവുന്നതാണ്. പൂർണമായും നിർമിത ബുദ്ധിയിൽ (എഐ) ആണ് ഈ സംവിധാനം പ്രവർത്തിക്കുക. ബജറ്റ് അനുസരിച്ചാണ് ഓരോ റോഡിനും ആവശ്യമായ അറ്റകുറ്റ പ്രവൃത്തികൾ നിർദേശിക്കുന്നത്.
അതോടൊപ്പം തന്നെ എമിറേറ്റിലെ എല്ലാ റോഡുകളും സോഫ്റ്റ്‌വെയറിന്റെ ഭാഗമാണ്. പ്രധാന റോഡുകളുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുകയാണ്. റോഡുകളുടെ വാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ബജറ്റിൽ അനുവദിച്ചിരിക്കുന്ന തുകയ്ക്കു കൃത്യമായി നിർമാണം പൂർത്തിയാക്കാനും ഇതുവഴി സാധിക്കുമെന്ന് ആർടിഎ അറിയിക്കുകയുണ്ടായി.
അങ്ങനെ പുതിയ സംവിധാനം വരുന്നതോടെ റോഡ് പരിശോധനയ്ക്കു ചെലവാകുന്ന തുകയിൽ 78% ലാഭിക്കാനാകുമെന്നും ആർടിഎ അറിയിക്കുകയുണ്ടായി. സ്കാനർ ഘടിപ്പിച്ച വാഹനം എല്ലാ റോഡുകളിലൂടെയും സഞ്ചരിക്കുന്നതാണ്. ഈ യാത്രയിൽ ഓരോ റോഡും പ്രത്യേക സ്കാനർ ഉപയോഗിച്ചു ഡിജിറ്റൽ രൂപത്തിലാക്കും. ലേസർ രശ്മികൾ ഉപയോഗിച്ചു സ്കാൻ ചെയ്യുന്നതിനാൽ റോഡിന്റെ ഉപരിതലം മാത്രമല്ല, ഉള്ളിലെ പ്രശ്നങ്ങളും രേഖപ്പെടുത്താനും സാധിക്കും.
https://www.facebook.com/Malayalivartha

























