ലോകത്തിലെ 4 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും; പട്ടികയിൽ നാലാം സ്ഥാനം ലഭിച്ചത് കുറ്റകൃത്യങ്ങളുടെ കുറവും സുരക്ഷാഘടകങ്ങളും കണക്കിലെടുത്ത്

സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയനുസരിച്ച് ലോകത്തിലെ 4 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും ഇടംപിടിച്ചിരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ കുറവും സുരക്ഷാഘടകങ്ങളും കണക്കിലെടുത്താണ് ഒമാന് പട്ടികയിൽ നാലാം സ്ഥാനം ലഭിച്ചിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ തന്നെ പശ്ചിമേഷ്യയിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. ഒന്നാംസ്ഥാനത്ത് ഖത്തറും രണ്ടാം സ്ഥാനത്ത് യു.എ.ഇയുമാണ് നിലകൊള്ളുന്നത്. കൂടാതെ തായ്വാനും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുമുണ്ട്. ഒമാന്റെ സുരക്ഷാനിരക്ക് 80.01ഉം കുറ്റകൃത്യങ്ങളുടെ നിരക്ക് 19.99ഉം ആണ്.
അതോടൊപ്പം തന്നെ ഒമാന്റെ തലസ്ഥാനമായ മസ്കറ്റ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് 20ാം സ്ഥാനത്താണ്.എന്നാൽ ഇവിടത്തെ ക്രൈംനിരക്ക് 20.54ഉം സുരക്ഷാനിരക്ക് 79.46ഉം ആണ്. മസ്കറ്റിൽ ക്രൈം നിരക്ക് താരതമ്യേനെ കുറവാണ് എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്. മോഷണം, ഭവനഭേദനം, കാർ മോഷണം, കൊലപാതകം, മതത്തിന്റെ പേരിലുള്ള ആക്രമണം, നിറത്തിന്റെ പേരിലുള്ള വിവേചനം എന്നിവ ഒമാനിൽ കുറവാണെന്ന് നമ്പെയോ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവുള്ള രാജ്യവും ഒമാൻ തന്നെയാണ്. ഇക്കാര്യത്തിൽ 36.76 പോയിന്റോടെയാണ് ഒമാൻ ഒന്നാമതെത്തിയിരിക്കുകയാണ്. യു.എ.ഇയുടേത് 47.94 പോയന്റും ഖത്തറിന്റേത് 60.05 പോയന്റുമാണ്. ജീവിതനിലവാരത്തിന്റെ കാര്യത്തിൽ ഒമാന് ഏഷ്യയിൽ മൂന്നാം സ്ഥാനമാണ്. ഇക്കാര്യത്തിൽ യു.എ.ഇയും ജപ്പാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്.
https://www.facebook.com/Malayalivartha

























