കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍ക്കു സൗജന്യ താമസം

യുഎഇയില്‍ രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വേതനമുള്ള തൊഴിലാളികള്‍ക്കു തൊഴിലുടമ സൗജന്യ താമസം നല്‍കണമെന്ന നിയമം ഡിസംബറില്‍ നിലവില്‍ വരും. അന്‍പതിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണു നിയമം ബാധകം. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ വകുപ്പു മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷാണ് ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്.
2000 ദിര്‍ഹത്തില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന, അന്‍പതിലേറെ തൊഴിലാളികളുള്ള കമ്പനികള്‍ തൊഴിലാളികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ നല്‍കേണ്ടതു സംബന്ധിച്ചു നിയമം നടപ്പാക്കേണ്ടതും നിബന്ധനകള്‍ നിര്‍ദേശിക്കേണ്ടതും പ്രാദേശിക അധികൃതരാണ്. ഇക്കാര്യത്തില്‍ കമ്പനികള്‍ പരിശോധനകള്‍ക്കും വിധേയമായിരിക്കും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടികളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
തൊഴില്‍ വിപണി സംബന്ധിച്ചു നടത്തിയ പഠനങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണു പുതിയ നിബന്ധന പ്രാബല്യത്തിലാക്കുന്നതെന്നു മന്ത്രി അറിയിച്ചു. അവിദഗ്ധ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും മറ്റും വിദഗ്ധര്‍ മാസങ്ങളോളം പഠിച്ചശേഷമാണു നടപടികളെടുത്തത്. തൊഴിലാളികളുടെ പാര്‍പ്പിട മേഖലകള്‍ മന്ത്രാലയ അധികൃതര്‍ സന്ദര്‍ശിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ഞൂറില്‍ കുറവ് തൊഴിലാളികള്‍ക്കു താമസം ഒരുക്കുന്ന കേന്ദ്രങ്ങള്‍ 2014ല്‍ പുറപ്പെടുവിച്ച നിയമപ്രകാരമുള്ള സേവനങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും പുതിയ ഉത്തരവ് ആവര്‍ത്തിച്ചു. കൂടാതെ, 2009ലെ ഉത്തരവ് അനുസരിച്ചുള്ള സൗകര്യങ്ങള്‍ അഞ്ഞൂറിലേറെ തൊഴിലാളികള്‍ക്ക് അനുവദിച്ചിരിക്കുന്ന താമസയിടങ്ങളിലും ലഭ്യമാക്കണം.
https://www.facebook.com/Malayalivartha