നഷ്ടപരിഹാരത്തോടൊപ്പം വിമാനടിക്കറ്റ് നിരക്കും ഉയരും; ആശ്വാസം ആര്‍ക്ക്

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വിമാനക്കമ്ബനികള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക ഡിജിസിഎ ഉയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ ഇതിന്റെ ചുവടുപിടിച്ച് വിമാനടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്താന്‍ വിമാനക്കമ്പനികള്‍ നീക്കംതുടങ്ങി. പ്രവര്‍ത്തനച്ചെലവില്‍ വന്‍വര്‍ധനയ്ക്ക് ഡി.ജി.സി.എ. തീരുമാനം കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്താന്‍ തീരുമാനിച്ചത്. പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ക്ക് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്ബനികള്‍ നിരക്കുയര്‍ത്തുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. ആഗസ്ത് മധ്യത്തോടെ നിരക്കുയര്‍ത്താനാണ് വിമാനക്കമ്ബനികള്‍ ശ്രമം നടത്തുന്നത്. ടിക്കറ്റ്‌നിരക്കില്‍ വന്‍വര്‍ധന വരുത്തിയാല്‍ ഡി.ജി.സി.എ. ഇടപെടുമെന്നതിനാല്‍ പ്രത്യേക സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് വിമാനക്കമ്ബനികളുടെ നീക്കം. കഴിഞ്ഞദിവസമാണ് വിമാനക്കമ്ബനികള്‍ യാത്രക്കാര്‍ക്കുനല്‍കേണ്ട നഷ്ടപരിഹാരം കുത്തനെ ഉയര്‍ത്തി ഡി.ജി.സി.എ. ഉത്തരവിറക്കിയത്. വിമാനങ്ങള്‍ രണ്ടുമണിക്കൂറിലധികം വൈകിയാല്‍ യാത്രക്കാരന് 10,000 രൂപയും അധികബുക്കിങ് വഴി യാത്രമുടങ്ങിയാല്‍ 20,000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്നാണ് ഡി.ജി.സി.എ യുടെ പുതിയ ഉത്തരവ്. ഇതു നടപ്പാക്കാന്‍ വിമാനക്കമ്ബനികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി ജൂലായ് 30ന് തീരും.നിലവില്‍ ഇത്തരം സംഭവങ്ങളില്‍ വിമാനക്കമ്പനിയുടെ പരമാവധി ബാധ്യത 4000 രൂപയാണ്. വന്‍ സാമ്പത്തികബാധ്യതയാണ് പുതിയ തീരുമാനം വരുത്തിവെക്കുകയെന്നാണ് വിമാനക്കമ്പനികള്‍ പറയുന്നത്. നഷ്ടപരിഹാര നിരക്കുവര്‍ധന പൊതുമേഖലാ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയെയാണ് ഏറെ ബാധിക്കുക. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഇത്തരത്തില്‍ ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരംനല്‍കിയ 3.6 കോടിയില്‍ മൂന്നുകോടിരൂപയും എയര്‍ ഇന്ത്യയുടെ സംഭാവനയായിരുന്നു. മറ്റു വിമാനക്കമ്പനികള്‍ മാസത്തില്‍ രണ്ടുമുതല്‍ മൂന്നുലക്ഷം വരെ നഷ്ടപരിഹാരം നല്‍കുമ്പോള്‍ എയര്‍ ഇന്ത്യക്കിത് 50 മുതല്‍ 60 ലക്ഷം വരെയാണ്.
https://www.facebook.com/Malayalivartha