ദുബായ് മറീനയിലെ ആഡംബര പാര്‍പ്പിട മന്ദിരത്തില്‍ വന്‍ തീപിടുത്തം, രണ്ടു അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു

ദുബായ് മറീനയിലെ ആഡംബര പാര്‍പ്പിട മന്ദിരത്തില്‍ വന്‍ തീപിടുത്തം. എന്നാല്‍ ആളപായമില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ദുബായ് മറീനയിലുള്ള അല്‍ സുലഫ ടവറില്‍ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 76 നിലകളുള്ള പാര്‍പ്പിട കേന്ദ്രത്തിന്റെ മുപ്പത്തിയഞ്ചാമത്തെ നിലയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് സംശയിക്കുന്നു
. പതിനഞ്ച് നിലകളിലായി കെട്ടിടത്തിന്റെ രണ്ടു ഭാഗങ്ങളിലുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണമായി കത്തി നശിച്ചു. ഫ്‌ളാറ്റിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും രേഖകളുമെല്ലാം കത്തിച്ചാമ്പലായി. ഇന്ത്യക്കാരടക്കം ഒട്ടേറെ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ ഇവിടെ ഉണ്ടായിരുന്നവരെ മുഴുവന്‍ സുരക്ഷിതമായി ഒഴിപ്പിച്ചു.
കെട്ടിടത്തിന്റെ നിയന്ത്രണം സിവില്‍ ഡിഫന്‍സ് ഏറ്റെടുത്തിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തെ തുടര്‍ന്ന് ഈ പ്രദേശത്തെ റോഡുകളില്‍ വാഹനഗാതഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൂടു ശക്തമായതോടെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ കെട്ടിടങ്ങളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha