സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പനക്ക് ഒമാന്‍ ആരോഗ്യമന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി

സൂപ്പര്‍മാര്‍ക്കറ്റുകളിലെയും കടകളിലെയും പുകയില ഉല്‍പന്നങ്ങളുടെ വില്‍പനക്ക് ഒമാന്‍ ആരോഗ്യമന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് പ്രകാരം പുകയില ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന വിധത്തില്‍ വയ്ക്കുവാന്‍ പാടില്ല. ഉല്‍പന്നങ്ങളുടെ പരസ്യങ്ങളും മറ്റും കടക്കുള്ളില്‍ വയ്ക്കുവാനും പാടില്ല.
ഇതുസംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വന്നതായി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പുകയില നിയന്ത്രണ കമ്മിറ്റി വക്താവും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ജവാദ് അല്‍ ലവാട്ടി പറഞ്ഞു. കടകള്‍ക്ക് സിഗരറ്റ് അടക്കം പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്താന്‍ ഒരു തടസ്സവുമില്ല.
എന്നാല്‍, ഉല്‍പന്നങ്ങളുടെ പരസ്യങ്ങളോ ആളുകള്‍ പുകവലിക്കുന്നതായ വലിയ ചിത്രങ്ങളോ വെക്കാന്‍ പാടില്ല. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മാളുകളിലും മറ്റ് ഔട്ട്‌ലെറ്റുകളിലുമായി പുകയില ഉല്‍പന്നങ്ങളുടെ സ്ഥാനം മാറ്റിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പുകവലി വിമുക്തമാക്കുന്നതിനുള്ള ആരോഗ്യമന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ച നിര്‍ദേശ പ്രകാരം റേഡിയോയിലും ടെലിവിഷനിലും പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പുകയില ഉല്‍പന്നങ്ങളുടെ പരസ്യം നല്‍കാന്‍ പാടില്ല. ലോകാരോഗ്യ സംഘടനയുടെ പുകയില പ്രതിരോധ കര്‍മപദ്ധതിയില്‍ അംഗമാകുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം പ്രാബല്യത്തില്‍ വന്നത്.
സര്‍വേ പ്രകാരം ഒമാനി പുരുഷന്മാരില്‍ 14 ശതമാനം പേരും സ്ത്രീകളില്‍ നല്ലൊരു ശതമാനവും പുകയില ഉല്‍പന്നങ്ങളുടെ ഉപഭോക്താക്കളാണ്. നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്ന പുകയിലയുടെ ഉപഭോഗം കുറക്കാന്‍ വില്‍പനയിലും പരസ്യങ്ങള്‍ നല്‍കുന്നതിലുമുള്ള നിയന്ത്രണത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അല്‍ ലവാട്ടി പറഞ്ഞു. ഒമാനിലെ 40 മുതല്‍ 60 ശതമാനം വരെ മരണങ്ങള്‍ക്ക് കാരണം ഹൃദ്രോഗവും കാന്‍സറും പോലുള്ള പകര്‍ച്ചവ്യാധിയിതര രോഗങ്ങളാണ്. ഇത്തരം രോഗങ്ങളുടെ വ്യാപനത്തിന് പുകവലിക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുകയില ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്വാഗതം ചെയ്തു. പുകയിലയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം നല്‍കാന്‍ ഇത് സഹായകമാകും.
https://www.facebook.com/Malayalivartha

























