ഷാര്‍ജയില്‍ വന്‍തീപിടിത്തം; മൂന്ന് മലയാളികള്‍ വെന്തു മരിച്ചു

ഷാര്‍ജയുടെ ഉപനഗരമായ കല്‍ബയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലപ്പുറം ജില്ലക്കാരായ മൂന്നുപേര്‍ വെന്തു മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി കാണഞ്ചേരി സ്വദേശി കൈതക്കല്‍ ഹുസൈന്‍ (55), വളാഞ്ചേരി കൊട്ടാരം സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് (25) എന്നിവരാണ് മരിച്ചത്. മലപ്പുറം എടംകുളം സ്വദേശി മജീദിന്റെ ഉടമസ്ഥതയിലുള്ള അല്‍ വഹ്ദ ഫര്‍ണിച്ചറിന്റെ, വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ 8.15നായിരുന്നു സംഭവമുണ്ടായത്. അപകട കാരണം അറിവായിട്ടില്ല.
ഗോഡൗണിനോട് ചേര്‍ന്നാണ് മരിച്ച മൂന്ന് പേരും താമസിച്ചിരുന്നത്. സംഭവസമയം താമസ്ഥലത്ത് 13 പേരുണ്ടായിരുന്നു. അവധി ദിവസമായതു കാരണം ഇവരെല്ലാം ഉറക്കത്തിലായിരുന്നുവെന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. ഇവര്‍ അപകടം അറിയുമ്പോഴേക്കും തീ ആളിക്കത്തി. പത്തുപേര്‍ മുറിയിലെ വിന്‍ഡോ എ.സി തള്ളി താഴെയിട്ട് അതിന്റെ പഴുതില്‍ കൂടി രക്ഷപ്പെട്ടു.
മരിച്ച മൂന്നുപേര്‍ വേറെ മുറിയിലായിരുന്നു. ഇവരും രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് പുറത്തെത്തിയവര്‍ കരുതിയത്. ഈ മുറിയുടെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. എന്നാല്‍, ഇവരെ പുറത്ത് തിരഞ്ഞപ്പോള്‍ കണ്ടില്ല. പിന്നീടാണ് മരണം സ്ഥിരീകരിച്ചത്.
ഡിഫന്‍സുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഫോറന്‍സിക്, പൊലീസ് വിഭാഗങ്ങള്‍ സംഭവസ്ഥലത്തത്തെി. സ്ഥാപന ഉടമയെ പൊലീസ് ചോദ്യംചെയ്തു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. യാഹുവാണ് ഹുസൈന്റെ പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: സുഹറ. മക്കള്‍: ഉനൈസ്, ഹുസ്‌നത്ത്, അംജദ്. മരുമകന്‍: വഹാബ്. ഒരു വര്‍ഷം മുമ്പാണ് ഹുസൈന്‍ നാട്ടില്‍വന്ന് തിരിച്ചുപോയത്.
പരേതനായ കുഞ്ഞാലിയുടെ മകനാണ് നിസാമുദ്ദീന്‍. ഭാര്യ: റജുല. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: സലീം, ആബിദ്. എട്ടുമാസം മുമ്പ് അവധിക്ക് നാട്ടില്‍വന്ന് തിരിച്ചുപോയതായിരുന്നു. പരേതനായ ഓളിയില്‍ അഹമ്മദ്കുട്ടിയുടെ മകനാണ് ഷിഹാബ്. അവിവാഹിതനാണ്. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഇഖ്ബാല്‍ (ഷാര്‍ജ ഖല്‍ബ), സീനത്ത്, മൈമൂന, ശംസിയ, ജമീല. അവധിക്ക് വന്ന് 11 മാസം മുമ്പാണ് ഷിഹാബ് തിരിച്ചുപോയത്.
https://www.facebook.com/Malayalivartha

























