അത്താഴം ഇനി ആകാശത്തുമാകാം; 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ' ദുബായിലും

ഇനി പ്രിയപ്പെട്ടവരോടൊപ്പം ആകാശനീലിമയില്‍ തൊട്ടുരുമ്മിയിരുന്നു പ്രിയഭക്ഷണം ആസ്വദിക്കാം. ദുബായ് നഗരം മുഴുവന്‍ നിങ്ങളുടെ കാല്‍ക്കീഴിലാവും. രുചികരമായ ഭക്ഷണത്തിനൊപ്പം ഇതുവരെ കാണാത്ത നഗരക്കാഴ്ചകളുടെ സ്വര്‍ഗീയാനുഭൂതി മതിയാവോളം ആസ്വദിക്കാം. കുറച്ചു മനക്കരുത്തുകൂടി വേണമെന്നു മാത്രം. 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ' എന്ന പ്രശസ്തമായ പരിപാടിയാണ് ദുബായില്‍ എത്തിയിരിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബിലെത്തുന്നവര്‍ക്ക് ഇനി അത്താഴം ആകാശത്ത്.
വലിയ ക്രെയിന്‍ ഉപയോഗിച്ച് താല്‍ക്കാലിക റസ്റ്ററന്റ് അപ്പാടെ അമ്പതു മീറ്റര്‍ ഉയരത്തിലേക്ക് (160 അടി) ഉയര്‍ത്തി ഭക്ഷണം വിളമ്പുന്ന ആശയമാണ് 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ' അതിഥികളെ കനത്ത സുരക്ഷാസന്നാഹങ്ങളോടെ ബക്കറ്റ് സീറ്റുകളില്‍ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കും. തുടര്‍ന്ന് മുമ്പു തയ്യാറാക്കിയ വിഭവങ്ങളും വിളമ്പുകാരും ഉള്‍പ്പെടെ മെല്ലെ റസ്‌റ്റൊറന്റ് ഉയര്‍ത്തും.

അമ്പതുമീറ്റര്‍ ഉയരത്തിലാണു ലോകോത്തര നിലവാരത്തിലുള്ള ഭക്ഷണം വിളമ്പുക. 499 ദിര്‍ഹം മുതല്‍ 799 ദിര്‍ഹം വരെയാണ് ഭക്ഷണത്തിന്റെ വില www.dinnerinthesky.ae എന്ന വെബ്‌സൈറ്റില്‍ പുത്തന്‍ അനുഭവത്തിനായി ബുക്ക് ചെയ്യാം. എന്നാല്‍ അതിനുമുമ്പ് വീഡിയോ കണ്ട് ഉറപ്പാക്കണമെന്നു മാത്രം. ബെല്‍ജിയത്തില്‍ ഉടലെടുത്ത 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ' ആശയം
പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. കുലാലംപൂര്‍ ടവര്‍, റോമിലെ വില്ലാ ബോര്‍ഗീസ്, ഏതന്‍സ്, കൊപ്പകബാന ബീച്ച്, കേപ്പ് ടൗണ്‍ എന്നിവിടങ്ങളില്‍ ഏറെ പ്രശസ്തമായി 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ' പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























