കരിയര്‍ മാമാങ്കത്തിന് ഇന്ന് കൊടുയേറും

ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യന്‍ വിദ്യാഭ്യാസ മാര്‍ഗ നിര്‍ദേശ കരിയര്‍ മേളയായ എജുകഫേയുടെ രണ്ടാം പതിപ്പ് ഇന്ന് വൈകീട്ട് നാലിന് ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്‌കൂളില്‍ തുടക്കമാകും. മുന്‍ വിദ്യാഭ്യാസ മന്ത്രിയും ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) ചെയര്‍മാനുമായ ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖതാമി മേള ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും.
ലോക പ്രശസ്ത പ്രചോദന പ്രഭാഷകയ പ്രിയാ കുമാര്‍ നയിക്കുന്ന 'ഗോ ബിയോണ്ട്' സെഷന്‍ 4.50ന് ആരംഭിക്കും. കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളാണ് അവര്‍ അവതരിപ്പിക്കുന്നത്. ദുബൈ ഹ്യൂമന്‍ ഡെവലപ്‌മെന്റ് അവാര്‍ഡ് ടീം ലീഡറും ഷാര്‍ജ ഇസ്ലാമിക് ബാങ്ക് ലേണിംഗ് ആന്റ് കരിയര്‍ ഡവലപ്‌മെന്റ് വിഭാഗം മേധാവിയുമായ് ഡോ. സംഗീത് ഇബ്രാഹിം നയിക്കുന്ന ഡംഗല്‍ ഡിബേറ്റ് 6.30ന് ആരംഭിക്കും. കുട്ടികള്‍ക്ക് വേണ്ട തൊഴില്‍മേഖല തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ് ഡിബേറ്റ്. 7.30 ന് ശ്രീവിദ്യാ സന്തോഷ് എന്‍ട്രന്‍സ് പരീക്ഷ സംബന്ധിച്ച സംശയങ്ങല്‍ക്ക് മറുപടി നല്‍കും. മാതൃകാ എന്‍ട്രന്‍സ് പരീക്ഷ ശനിയാഴ്ച രാവിലെ നടക്കും.
പ്രമുഖ കൗണ്‍സലര്‍ താരാ പിള്ള വിദേശ വിദ്യാഭ്യാസം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. കുട്ടികളില്‍ ആത്മ വിശ്വാസം ഉയര്‍ത്താനും പരീക്ഷാ ഭീതി അകറ്റാനും ഉപകരിക്കുന്ന വിദ്യകളുമായി ഗിരീഷ് ഗോപാലും എത്തുന്നു. നൂറു കണക്കിന് വിദ്യാര്‍ഥികളാണ് ഇതിനകം പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ കുടുംബ സമേതം വരവേല്‍ക്കാന്‍ മേളനഗരിയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദഗ്ധരും ഉപരിപഠന മാര്‍ഗ നിര്‍ദേശം നല്‍കാന്‍ എജുകഫേ നഗരയില്‍ എത്തിയിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസ കാലത്തെയും എജുകഫേ സന്ദര്‍ശനത്തെയും ഓര്‍മ ചിത്രമായി പകര്‍ത്തി സൂക്ഷിക്കാനുള്ള സൗകര്യവുമായി ലെന്‍സ്മാന്‍ സ്റ്റുഡിയോ ഒരുക്കുന്ന ഫോട്ടോ പവലിയനും തയ്യാറായി.
എജുകഫേ മേളയിലെ രജിസ്‌ട്രേഷന്‍ ഡെസ്‌ക് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആരംഭിക്കും. ഓണ്‍ലൈന്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍ എസ്.എം.എസ് ആയി ലഭിച്ച നമ്പര്‍ ഡെസ്‌കില്‍ കൈമാറിയാല്‍ മേളയിലെ പ്രഭാഷണങ്ങളിലേക്കും ആരോഗ്യ പരിശോധനക്കും കുടുംബ ഫോട്ടോ പവലിയനിലേക്കുമുള്ള പ്രവേശന കൂപ്പണുകള്‍ ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്ത 500 പേര്‍ക്കുള്ള പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കാനുള്ള കൂപ്പണിനും എസ്.എം.എസ് ഹാജറാക്കിയാല്‍ മതിയാവും. ഓണ്‍ലൈന്‍ മുഖേന പേര് ചേര്‍ക്കാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്കും മേളയില്‍ പ്രവേശനം ലഭിക്കും. ഇവര്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ശനിയാഴ്ച മേളയില്‍ നടക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് മാതൃകാ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവരും ഇന്ന് വൈകീട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
https://www.facebook.com/Malayalivartha

























