കൊടും ശൈത്യത്തില്‍ മുങ്ങി മരുഭൂമി

സൗദി അറേബ്യയിലെ പല ഭാഗങ്ങളും ബുധനാഴ്ച മുതല്‍ കൊടും ശൈത്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ലക്ഷണം കാട്ടിത്തുടങ്ങിയിരുന്നു. കമ്പിളി കൊണ്ടും പോലും പ്രതിരോധിക്കാനാവാതെ ജനജീവിതം തണുത്ത് വിറയ്ക്കുകയാണവിടെ. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വെള്ളമെടുക്കാന്‍ കഴിഞ്ഞില്ല. ടാങ്കുകളിലും ടാപ്പുകളിലും വെള്ളം കട്ടപിടിച്ചു. ടാപ്പുകളില്‍ നിന്ന് ലീക്ക് ചെയ്തുകൊണ്ടിരുന്ന വെള്ളം മഞ്ഞ് രൂപങ്ങളായി ഞാന്നുകിടന്നു.
ഹാഇല്‍, അല്‍ജൗഫ്, അറാര്‍, ഖുറയാത്ത്, റഫ്ഹ, ഹഫര്‍ അല്‍ബാതിന്‍, തബൂഖ് എന്നീ മേഖലകളില്‍ വ്യാഴാഴ്ച രാത്രി മുതലേ താപനില പൂജ്യത്തിലും താഴെയായി. വെള്ളിയാഴ്ച പുലര്‍ച്ചെ ഈ ഭാഗങ്ങളില്‍ മൈനസ് രണ്ടാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഏറ്റവും ഉയര്‍ന്ന താപനില റിയാദില്‍ രേഖപ്പെടുത്തിയത് വൈകീട്ടാണ്. 11 ഡിഗ്രി. ഏതാണ്ട് ഇതേ നിലയായിരുന്നു മറ്റിടങ്ങളിലും. ഖമീസ് മുശൈത്ത്, അബഹ, നജ്‌റാന്‍, മദീന എന്നിവിടങ്ങളില്‍ 20 ഡിഗ്രിക്ക് ചുവടെയായിരുന്നു ചൂട്.
ജിദ്ദ, മക്ക, ജീസാന്‍ ഒഴികേയുളള സൗദിയുടെ മറ്റെല്ലാ പ്രവിശ്യകളിലും കൊടുംശൈത്യം തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഒരാഴ്ചയോളം ഈ അവസ്ഥ തുടരും. ശനിയാഴ്ച റിയാദ് പ്രവിശ്യയില്‍ ഏറ്റവും കുറഞ്ഞ താപനില മൈനസ് ഒന്നായിരിക്കും. പുലര്‍ച്ചെ മൂന്നോടെ പൂജ്യം ഡിഗ്രിയിലത്തെുന്ന താപനില നാലിനും ആറിനും ഇടയ്ക്ക് മൈനസ് ഒന്നിലേക്ക് താഴും. പകല്‍ ഏറ്റവും കൂടിയ താപനില 13 ഡിഗ്രിയാകും. ഞായറാഴ്ച മുതല്‍ ഇത് ക്രമേണ മെച്ചപ്പെടും. ഞായറാഴ്ച കൂടിയത് 16ഉം കുറഞ്ഞത് അഞ്ചും ഡിഗ്രിയായിരിക്കും. വെള്ളിയാഴ്ചയോടെ സാധരണനില പ്രാപിക്കും.
https://www.facebook.com/Malayalivartha

























