ഗള്‍ഫ് നാടുകള്‍ തണുത്ത് വിറയ്ക്കുന്നു. ഒമാനിലും ദുബായിലും ശക്തമായ മൂടല്‍മഞ്ഞ്, ജനജീവിതം ദുസ്സഹമാകുന്നു

ഗള്‍ഫില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഞ്ഞും ശീതകാറ്റും. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് വെള്ളിയാഴ്ച രാവിലെ ശക്തമായ മഴ പെയ്തത്. ഇതോടെ കനത്ത ശൈത്യം രൂപപ്പെടുകയായിരുന്നു. ഇതോടെ ആളുകള്‍ പുറത്തിറങ്ങാതെയായി. മസ്‌കത്ത്, സൊഹാര്‍, സലാല തുടങ്ങി വിവിധ പ്രവിശ്യകളില്‍ പത്തുമുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് വെള്ളിയാഴ്ച വൈകുന്നേരവും രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി അനുഭവപ്പെട്ടത്. ശനിയാഴ്ചയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ പല വീടുകളുടേയും മേല്‍ക്കൂരകള്‍ പറന്നു പോയി. ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മൂടല്‍മഞ്ഞും പൊടിക്കാറ്റും പരക്കെ ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. പുറത്തിറങ്ങുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ സുക്ഷ്മത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. മഞ്ഞ് കാരണം പല ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
കാറ്റിനും മഴയ്ക്കും പിന്നാലെ യുഎഇയില്‍ ശക്തമായ തണുപ്പ്. പര്‍വത മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്കും താഴെയായി. ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്നലെ അടച്ചിട്ടു. റാസല്‍ഖൈമയില്‍ ജബല്‍ ജെയ്‌സ് പര്‍വത മേഖലയില്‍ താപനില മൈനസ് 2.2 ഡിഗ്രി സെല്‍ഷ്യസ് ആയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തു സെന്റിമീറ്റര്‍ വരെ കനമുള്ള മഞ്ഞുകട്ടകളാണു വീഴുന്നത്.
വാഹനം ഓടിക്കുന്നവര്‍ മൂടല്‍മഞ്ഞും പൊടിപടവും മൂലം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ദുബായിലും അബുദാബിയിലും ഷാര്‍ജയിലും അജ്മാനിലും അടക്കം പല മേഖലകളിലും മഴയുണ്ടായി. 75 - 80 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ച കാറ്റില്‍ പൊടിശല്യം രൂക്ഷമായി. 12-17 ഡിഗ്രിയിലാണു പകല്‍ താപനില. രാത്രി ഇതു വീണ്ടും കുറഞ്ഞു.
ജബല്‍ ജെയ്‌സിലെ മഞ്ഞുവീഴ്ചയെക്കുറിച്ച് അറിഞ്ഞതോടെ ഇവിടേക്കു പോകാന്‍ ഇന്നലെ രാവിലെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. എന്നാല്‍, പൊലീസ് പിന്നീട് പ്രവേശനം തടഞ്ഞു. മബ്ര മലനിരകളിലും താപനില പൂജ്യത്തിനു താഴെയായി.
ബീച്ചുകളില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നു നിര്‍ദേശമുണ്ട്. 15 അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അഭ്യര്‍ഥിച്ചു. ദക്ഷിണ ഇറാനിലും മറ്റുമുള്ള ന്യൂനമര്‍ദത്തിന്റെ ഫലമാണ് യുഎഇയിലും ഉത്തര ഒമാനിലും തണുപ്പ് വര്‍ധിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























