സൗദി അറേബ്യയിലുണ്ടായ കൃഷിനാശം മൂലം ബഹ്‌റൈനില്‍ പച്ചക്കറി വിലയില്‍ വര്‍ധന

സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശം മൂലം ബഹ്‌റൈനില്‍ പച്ചക്കറി വിലയില്‍ വര്‍ധന വന്നു. പച്ചക്കറികള്‍ക്ക് അനിയന്ത്രിതമായി വില ഉയര്‍ന്നതോടെ മൊത്തവ്യാപാരികള്‍ സൗദി കോസ്‌വേ വഴി വരുന്ന ചരക്ക് എടുക്കല്‍ നിര്‍ത്തിവച്ച് ഒരുദിവസം പ്രതിഷേധം നടത്തി. ചില പച്ചക്കറി ഇനങ്ങള്‍ക്ക് പെട്ടിക്കു മൂന്നു ദിനാര്‍ വരെ വില ഉയര്‍ന്നത് കഴിഞ്ഞ വാരാന്ത്യത്തില്‍ ബഹ്‌റൈന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടത്തെ വരെ ബാധിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ചയാണു വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തേ 800 ഫില്‍സ് ഉണ്ടായിരുന്ന തക്കാളിയുടെ വില രണ്ടു ദിനാര്‍ വരെയായി ഉയര്‍ന്നു.
ഇലക്കറികള്‍, ചീര, തക്കാളി, ബീറ്റ്‌റൂട്ട്, കക്കിരി തുടങ്ങിയവയ്ക്കും വന്‍തോതില്‍ വില കൂടി. ഇലക്കറികളുടെ വില 1. 200 നിന്ന് 2.200 ദിനാറായി. മഴയെത്തുടര്‍ന്നുള്ള കൃഷിനാശം മൂലം കുവൈത്തിലും ഖത്തറിലും ആവശ്യം വര്‍ധിച്ചതും വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്. കൊടും തണുപ്പുമൂലം ജോര്‍ദാനില്‍ ഉല്‍പാദനം കുറഞ്ഞു. വില ഉയര്‍ന്നതോടെ ഇടപാടുകാരില്‍ നിന്നുള്ള രോഷത്തിനു വ്യാപാരികള്‍ ഇരകളാകുന്ന അവസ്ഥയാണ്. കോസ്‌വേ ഫീസും കടത്തുകൂലിയുമെല്ലാം കഴിയുമ്പോള്‍ ഒരു പെട്ടി പച്ചക്കറിയില്‍ നിന്നു മൊത്ത വ്യാപാരികള്‍ക്കു ലഭിച്ചിരുന്ന ലാഭം 200 ഫില്‍സാണ്. ഇപ്പോഴത് 50 ഫില്‍സ് പോലുമില്ലെന്ന് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























