കുവൈറ്റ് പൗരന്മാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട് നല്‍കി തുടങ്ങി

സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പൗരന്മാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട് നല്‍കുന്നത്. സുരക്ഷാ സംവിധാനം സംബന്ധിച്ച് കൃത്യമായ പഠനങ്ങള്‍ നടത്തി നിരവധി പ്രമുഖ കമ്പനികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പാസ്‌പോര്‍ട്ട് ഉടമയുടെ വിരലടയാളം, ഇലക്ട്രോണിക് ഒപ്പ് എന്നിവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട് ചിപ്പ് പാസ്‌പോര്‍ട്ടിനായി ഉപയോഗിക്കും. ഇപാസ്‌പോര്‍ട്ട് റീഡിങ്ങിനുള്ള സംവിധാനം വിമാനത്താവളത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു. അതിര്‍ത്തികളില്‍ ഈ സംവിധാനം സ്ഥാപിച്ചുവരികയാണ്.
കുവൈത്ത് പൗരന്മാര്‍ക്ക് രാജ്യാന്തര നിലവാരമുള്ളതും സുരക്ഷാ സംവിധാനങ്ങളോടും കൂടിയതുമായ ഇലക്ട്രോണിക് പാസ്‌പോര്‍ട് നല്‍കിത്തുടങ്ങിയതായി പാസ്‌പോര്‍ട്ട് വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് മസാന്‍ അല്‍ ജാറ അല്‍ സബാഹ് അറിയിച്ചു. ഇ-ഒപ്പും വിരലടയാളവും നിര്‍ബന്ധമാക്കിയിരിക്കുന്നത് 12 വയസ്സിനു മുകളിലുളളവര്‍ക്കാണ്. 12 വയസ്സിനു താഴെയുളളവരൊഴികെ ബാക്കി എല്ലാവരും പാസ്‌പോര്‍ട്ട് നേരിട്ട് കൈപറ്റണം. 30 വയസ്സിനു താഴെയുളളവര്‍ക്ക് 5 വര്‍ഷവും 30 വയസ്സിനു മുകളിലുളളവര്‍ക്ക് 10 വര്‍ഷവുമായിരിക്കും ഇ-പാസ്‌പോര്‍ട്ട് കാലാവധി.
പഴയ പാസ്‌പോര്‍ട്ട് മാറ്റി ഇ-പാസ്‌പോര്‍ട്ട് നല്‍കുന്ന നടപടി ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016-ല്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇ-പാസ്‌പോര്‍ട്ട് നല്‍കുന്നത്.
https://www.facebook.com/Malayalivartha

























