ദുബായ് മുനിസിപ്പാലിറ്റി മുറ്റത്ത് വിടര്‍ന്ന സ്മാര്‍ട് പുഷ്പം

ദുബായ് മുനിസിപ്പാലിറ്റി ഓഫീസിനു മുന്നില്‍ ആദ്യത്തെ സൗരോര്‍ജ പാനലായ സ്മാര്‍ട് പുഷ്പം വിടര്‍ന്നു. ബനിയാസ് റോഡിലെ ആസ്ഥാനമന്ദിരത്തിനു മുന്നിലാണ് ഈ പുഷ്പം വിടര്‍ന്നത്. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത ഉദ്ഘാടനം നിര്‍വഹിച്ചു. സ്മാര്‍ട് പുഷ്പത്തിലെ സെന്‍സറുകള്‍ സൂര്യപ്രകാശ ലഭ്യത തിരിച്ചറിഞ്ഞ് സൗരോര്‍ജം ആഗിരണം ചെയ്യുന്നു. സൂര്യപ്രകാശം വരുന്ന ദിശയിലേക്കു തിരിയാനും കഴിയും. സൂര്യോദയത്തില്‍ വിടരുകയും അസ്തമയത്തില്‍ ഇതളുകള്‍ ചുരുങ്ങി ഒറ്റപ്പാളിയായി മാറുകയും ചെയ്യും. പാര്‍ക്കുകളിലും ഈ പുഷ്പങ്ങള്‍ ഇനി വിടരും. ഊര്‍ജോപയോഗം 90% വരെ കുറയ്ക്കാന്‍ കഴിയുന്ന എല്‍ഇഡി ബള്‍ബ് ആയ ദുബായ് ലാംപിന്റെ ഉല്‍പാദനവും തുടങ്ങുകയാണ്. 2.5 ലക്ഷം ദുബായ് ലാംപുകള്‍ക്ക് ഊര്‍ജമേകാന്‍ ഒരു സ്മാര്‍ട് പുഷ്പത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്ന പരമ്പരാഗത രീതിയിലുള്ള പാനലുകളേക്കാള്‍ കൂടുതല്‍ ശേഷിയുള്ളതാണിത്.
മരുഭൂമിയിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ച വിധത്തില്‍ ലഭ്യമാകുന്ന സൂര്യപ്രകാശത്തില്‍നിന്നു പരമാവധി ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള ഈ സംവിധാനം വികസിപ്പിച്ചെടുത്തത് ഓസ്ട്രിയന്‍ കമ്പനിയാണ്. സൂര്യപ്രകാശ ലഭ്യത കൂടുതലാണെങ്കിലും കൊടുംചൂടും പൊടിക്കാറ്റും പാനലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഈ വെല്ലുവളിയെ അതിജീവിക്കുന്നതാണ് സ്മാര്‍ട് പുഷ്പം. ഇതിലെ നൂതന വെന്റിലേഷന്‍ സംവിധാനം ഉയര്‍ന്ന ഊഷ്മാവിലും പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിഭാവനം ചെയ്യുന്ന ഹരിതസങ്കല്‍പങ്ങളുടെ പ്രതീകമാണ് സ്മാര്‍ട് പുഷ്പം. ദുബായിയെ സ്വയംപര്യാപ്ത നഗരമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഇതിനായി ഏറ്റവും നവീന ആശയങ്ങള്‍ ആവിഷ്‌കരിക്കുകയും അതു ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യും. അപ്ലൈഡ് സസ്‌റ്റൈനബിലിറ്റി ആന്‍ഡ് റിന്യൂവബിള്‍ ഡിപാര്‍ട്‌മെന്റ് ഈ വര്‍ഷം നടപ്പാക്കുന്ന സുപ്രധാന പദ്ധതികളിലൊന്നാണ് സ്മാര്‍ട് പുഷ്പമെന്നു മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ഷെറീഫ് അല്‍ അവാധി പറഞ്ഞു.
https://www.facebook.com/Malayalivartha

























