ലോകത്തിലെ മികച്ച മൂന്നാമത്തെ സൈബര്‍ സുരക്ഷ ഒമാനില്‍

ലോകത്തിലെ മൂന്നാമത്തെ മികച്ച സൈബര്‍ സുരക്ഷാ സംവിധാനം ഒമാനിലേതെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോറിറ്റി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അവെയര്‍നെസ് വിഭാഗം പ്രതിനിധി സുമയ്യ അല്‍ കിന്ദി വ്യക്തമാക്കി. സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുളള കരുത്തും സൈബര്‍ സുരക്ഷയും കണക്കിലെടുത്താണ് ഒമാന്‍ മുന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒമാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനെസ് സെന്ററിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഇതിന് തുണയാകുന്നത്. എല്ലാ വെബ്‌സൈറ്റുകളും സുരക്ഷിതമാണെന്ന് അവര്‍ ഉറപ്പാക്കുന്നു. സ്വകാര്യ മേഖലയിലെയും ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തിഗത വെബ്‌സൈറ്റുകളുമെല്ലാം സംരക്ഷിക്കാന്‍ അവര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ സുരക്ഷിതത്വത്തിന് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അതോറിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍സ് യൂനിയന്‍ തങ്ങളുടെ റീജനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ ഒമാനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും സുമയ്യ അല്‍ കിന്ദി പറഞ്ഞു. ഇവര്‍ സംയുക്തമായാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടത്തുന്നത്. വിവിധ അറബ് രാഷ്ട്രങ്ങളില്‍ സൈബര്‍ സുരക്ഷയെ കുറിച്ച ബോധവത്കരണം ലക്ഷ്യമിട്ടുള്ള പരിശീലനങ്ങള്‍ നടത്താറുണ്ട്. ഖത്തറില്‍ ഞായറാഴ്ച ആരംഭിച്ച പാന്‍ അറബ് സൈബര്‍ ഡ്രില്ലില്‍ ഒമാന്‍ ഭാഗമായി.
https://www.facebook.com/Malayalivartha

























