യുഎസ് ഭരണകൂടത്തിന്റെ ഉത്തരവ് ഗള്‍ഫ് യാത്രികര്‍ക്ക് ഇരുട്ടടിയായി

യുഎസ് ഭരണകൂടത്തിന്റെ ഉത്തരവ് ഗള്‍ഫില്‍ നിന്നുളള വിമാനയാത്രികര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. വിമാനയാത്രയ്ക്കിടെ ലാപ്‌ടോപ്, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നത് വിലക്കിയാണ് ഉത്തരവ്. യുഎസ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ കാരണം വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഒഴിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതു വിലക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. 96 മണിക്കൂറിനകം നടപ്പാക്കിയില്ലെങ്കില്‍ വിമാന കമ്പനികളുടെ യുഎസ് സര്‍വീസ് അനുമതി പിന്‍വലിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ബ്രിട്ടനും സമാന ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ദുബായ്, അബുദാബി, ദോഹ, കുവൈത്ത് സിറ്റി വിമാനത്താവളങ്ങള്‍ പട്ടികയിലില്ല.യുഎസിലേക്കുള്ള ദീര്‍ഘയാത്രയ്ക്കിടെ ജോലിയാവശ്യത്തിനും നേരംപോക്കിനും ഇലക്ട്രോണിക് ഉപകരണങ്ങള്‍ യാത്രക്കാര്‍ ഉപയോഗിക്കുക സാധാരണമായിരുന്നു. വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചെക്ക്ഇന്‍ ബാഗേജില്‍ അയയ്ക്കുന്നതിനോടു യാത്രക്കാര്‍ക്കു താല്‍പര്യമില്ല. ബാഗേജുകള്‍ വിമാനത്തില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനാല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുമോയെന്നാണു ഭയം.
യുഎസ് യാത്രയ്ക്കു ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഗള്‍ഫ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ നിരക്ക്, മികച്ച സര്‍വീസ് തുടങ്ങിയവയാണ് ഇവയെ ആകര്‍ഷകമാക്കുന്നത്. ദോഹ, ദുബായ്, അബുദാബി തുടങ്ങിയ ഹബ്ബുകളിലെത്തി വിമാനം മാറിക്കയറിയാണ് ഇവര്‍ യുഎസിനു പോകുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നു ഗള്‍ഫിലെത്തി യാത്ര തുടരുന്നവരെ ആശങ്കപ്പെടുത്തുന്നതാണു തീരുമാനം. നാട്ടില്‍നിന്നു കയറുമ്പോഴേ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചെക്ക്ഇന്‍ ബാഗേജില്‍ സൂക്ഷിക്കേണ്ടി വരും. ഗാലക്‌സി നോട്ട് 7 സ്മാര്‍ട് ഫോണ്‍ നേരത്തേ തന്നെ ഹാന്‍ഡ് ബാഗേജില്‍ നിരോധിച്ചിരുന്നു. ഈ നിരോധനവും തുടരും. വിലക്കു ബാധകമായ വിമാനത്താവളങ്ങളില്‍നിന്നു സര്‍വീസ് നടത്താത്തതിനാല്‍ യുഎസ് വിമാനക്കമ്പനികള്‍ക്കു വിലക്കു ബാധകമല്ല.
https://www.facebook.com/Malayalivartha

























