അഗ്‌നിശമന ദൗത്യങ്ങളില്‍ മുഖ്യപങ്കാളിയാകാന്‍ ഡ്രോണുകള്‍ ഒരുങ്ങുന്നു

ദുബായില്‍ അഗ്‌നിശമന ദൗത്യങ്ങളില്‍ മുഖ്യപങ്കാളിയാകാന്‍ ഡ്രോണുകള്‍ ഒരുങ്ങുന്നു. 15 ഡ്രോണുകളില്‍ നടത്തിയ പരീക്ഷണം വിജയമായതോടെ പ്രത്യേക സിവില്‍ ഡിഫന്‍സ് യൂണിറ്റ് രൂപവല്‍കരിക്കാനാണു തീരുമാനം. തീപിടിത്തമുണ്ടായ കെട്ടിടങ്ങളുടെ മുകള്‍ നിലകളില്‍ അഗ്‌നിശമന ഉപകരണങ്ങളും മറ്റും അതിവേഗത്തില്‍ എത്തിക്കാന്‍ ഇതു സഹായകമാകും. അടുത്തവര്‍ഷം ആദ്യം ഇതിനു തുടക്കമാകുമെന്നു ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ദുബായ് പൊലീസിനു നിലവില്‍ ജെറ്റ് സ്‌കീ, ജെറ്റ് പായ്ക്ക് ഉള്‍പ്പെടുന്ന ഡോള്‍ഫിന്‍ എന്ന ദ്രുത കര്‍മവിഭാഗമുണ്ട്. വിവിധ രക്ഷാദൗത്യങ്ങളില്‍ ഡ്രോണുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും. മനുഷ്യര്‍ക്ക് എത്തിപ്പെടാനാവാത്ത മേഖലകളില്‍ പോലും ഡ്രോണുകള്‍ക്കു കടന്നു ചെല്ലാനാകും.
റിമോട്കണ്‍ട്രോള്‍ സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന ഇവയില്‍ ഘടിപ്പിച്ച നൂതന ക്യാമറകള്‍ നിശ്ചല-വിഡിയോ ചിത്രങ്ങള്‍ പകര്‍ത്തി അപകടമേഖലയില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്നും മറ്റും അറിയാനാകും. അപകടത്തിന്റെ വ്യാപ്തി എത്രമാത്രമുണ്ടെന്നു മനസ്സിലാക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വ്യക്തമായ രൂപം നല്‍കാനും കഴിയും. കാടുകളില്‍ തീപിടിത്തമുണ്ടാകുമ്പോഴും മറ്റും ഇത്തരം ഡ്രോണുകളുടെ സേവനം യുഎസില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഗതാഗതമേഖലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ നൂതനഡ്രോണുകള്‍ ഉപയോഗപ്പെടുത്താന്‍ ആര്‍ടിഎയും പദ്ധതി തയാറാക്കിയിട്ടുണ്ട്.
മെട്രോ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ നിരീക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനം കണ്ടെത്താനുമെല്ലാം കഴിയും. മരുഭൂമിയും നിരീക്ഷണ പരിധിയിലാക്കാന്‍ ഉദ്ദേശിക്കുന്നു. ഡെസര്‍ട്‌സഫാരി, ക്വാഡ് ബൈക്കുകളുടെ പ്രകടനം തുടങ്ങിയവ നിരീക്ഷിക്കാനും മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്നവരെയും വഴി തെറ്റുന്നവരെയും കണ്ടെത്താനും കഴിയുമെന്നത് ഡ്രോണുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ചരക്കുനീക്കവും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഡിപി വേള്‍ഡും ഡ്രോണുകളെ രംഗത്തിറക്കിയിട്ടുണ്ട്. ചരക്കുകയറ്റുന്നതും ഇറക്കുന്നതും നിരീക്ഷിക്കുന്നതിനു പുറമെ തുറമുഖത്ത് വാഹനങ്ങള്‍ കൃത്യമായ അകലം പാലിച്ചാണോ പോകുന്നതെന്നും കണ്ടെത്താന്‍ ഡ്രോണുകള്‍ക്കു കഴിയും.
https://www.facebook.com/Malayalivartha


























