അതിവേഗ ഡ്രൈവര്‍ രഹിത ട്രെയിന്‍ ദോഹയില്‍

അതിവേഗ ഡ്രൈവര്‍രഹിത ട്രെയിനാകും ദോഹ മെട്രോയെന്ന് ഖത്തര്‍ റയില്‍. അറേബ്യന്‍ പെണ്‍കുതിരയുടെ അറബി വാക്കായ 'അല്‍ ഫറാസ്' എന്നു നാമകരണം ചെയ്ത ദോഹ മെട്രോയില്‍ 75 ട്രെയിനുകളാണുണ്ടാവുക. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്നതാണു നിര്‍മാണം പുരോഗിക്കുന്ന ദോഹ മെട്രോ. ഒരോന്നിലും മൂന്നു ബോഗികള്‍ വീതമുണ്ട്. ഇതില്‍ ഉയര്‍ന്ന നിരക്കുള്ള ഗോള്‍ഡ്, ഫാമിലി ക്‌ളാസിനാണ് ആദ്യ ബോഗി. ഗോള്‍ഡില്‍ 16 സീറ്റുകളും ഫാമിലി ക്യാബിനില്‍ 26 സീറ്റുകളുമുണ്ട്. 88 സീറ്റുകള്‍ വീതമുള്ള സ്റ്റാന്‍ഡേര്‍ഡ് ബോഗിയാണു മറ്റു രണ്ടെണ്ണം. കഴിഞ്ഞ ദിവസം മെട്രോ ക്യാബിനുകളുടെ മാതൃക അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശിച്ചിരുന്നു.
മികച്ച സുരക്ഷാ സംവിധാനങ്ങളും എയര്‍ കണ്ടീഷനിങ്ങും വീതിയേറിയ സീറ്റും മെട്രോയുടെ മറ്റു പ്രത്യേകതയാണു. ജപ്പാനിലെ കിന്‍കി ഷാര്യോ കമ്പനിയുടെ ഒസാക്കയിലെ ഫാക്ടറിയിലാണു ട്രെയിന്‍ നിര്‍മാണം. ദോഹ മെട്രോയുടെ ആദ്യഘട്ടം 2020ല്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. 37 മെട്രോ സ്‌റ്റേഷനുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഖത്തറിലെ പൊതുഗതാഗത സംവിധാനത്തിന്റേ നട്ടെല്ലാകും ദോഹ മെട്രോയെന്ന് ഗതാഗത, വിവരസാങ്കേതിക മന്ത്രി ജാസിം സെയിഫ് അല്‍ സുലൈത്തി പറഞ്ഞു. ദോഹ മെട്രോയുമായി ബന്ധപ്പെടുത്തി ബസുകള്‍ കൂടി ഏര്‍പ്പെടുത്തുന്നതോടെ ബസ്, റയില്‍ സംവിധാനത്തെ കോര്‍ത്തിണിക്കി യാത്ര സുഗമമാക്കാനാകും.
ഖത്തരി പാരമ്പര്യവും ആധുനികതയും ഇഴ ചേര്‍ത്താണു മെട്രോ ട്രെയിനിന്റെ ഡിസൈന്‍. ദൗ ബോട്ടിന്റെ മാതൃകയായ 'അല്‍ മെഹ്മെല്‍' എന്നാണു ലുസൈല്‍ ട്രാമിന്റെ പേര്. 28 സിറ്റാഡിസ് ട്രാംവേകളാണു ലുസൈലില്‍ സര്‍വീസിന് ഉപയോഗിക്കുക. അഞ്ചു ബോഗികള്‍ വീതമാണു ഒരോന്നിലുമുണ്ടാകുക. ഇതില്‍ പകുതി കുടുംബത്തിനും ബാക്കി സാധാരണ യാത്രക്കാര്‍ക്കുമായി നീക്കിവയ്ക്കും. ഫാമിലി ബോഗിയില്‍ 24 സീറ്റുകളുണ്ട്. ജനറല്‍ വിഭാഗത്തില്‍ 40 സീറ്റുകളുണ്ട്. ഇരുവിഭാഗത്തിലും എട്ടു സീറ്റുകള്‍ വീതം ആവശ്യമെങ്കില്‍ ഉപയോഗിക്കാനായി മടക്കി വയ്ക്കാവുന്നതാണ്. ആകെ 64 സീറ്റുകള്‍.
വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കു ട്രെയിനിലേക്കു കയറാനായി സംവിധാനമുണ്ട്. സ്‌റ്റേഷനുകളെ കുറിച്ച് ബോഗിക്കുള്ളില്‍ വിവരം നല്‍കാന്‍ ഇലക്ട്രോണിക് സ്‌ക്രീന്‍ സംവിധാനമുണ്ട്. അടുത്ത സ്‌റ്റേഷനുകളെ കുറിച്ചി ഇതിലൂടെ അറിയാനാകും. ട്രെയിനിന്റെ എല്ലാ വശത്തും ഇലക്ട്രോണിക് സ്‌ക്രീനുകളുണ്ടാകും. ദോഹ മെട്രോയുടെയും ലുസൈല്‍ ട്രാമിന്റെയും ഭാവി സ്‌റ്റേഷനുകളുടെയും മാതൃകകളും പൊതുജനങ്ങള്‍ക്കു കാണിക്കുന്നതിനായി അവസരം നല്‍കുമെന്ന് ഖത്തര്‍ റയില്‍ സിഇഒ അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍ സുബൈ പറഞ്ഞു.
https://www.facebook.com/Malayalivartha


























