2020-ഓടെ ദുബായില്‍ പറക്കും ടാക്‌സികള്‍ യാഥാര്‍ഥ്യമാകും

ദുബായ് ആതിഥേയത്വം വഹിക്കുന്ന എക്‌സ്‌പോ 2020 ആവുമ്പോഴേക്കും ദുബായില്‍ പറക്കും ടാക്‌സികള്‍ യാഥാര്‍ഥ്യമാവുമെന്നാണ് സൂചന. യാത്രക്കാരനെ നില്‍ക്കുന്നിടത്തുനിന്ന് കയറ്റി ആകാശത്തിലൂടെ സഞ്ചരിച്ച് ആവശ്യമുള്ള സ്ഥലത്ത് ഇറക്കാന്‍ കഴിയുന്ന സംവിധാനമാണിത്. പറക്കും ടാക്‌സികള്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ തുടങ്ങാന്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ഉബറും തമ്മില്‍ ധാരണയിലെത്തി. 'വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വെഹിക്കിള്‍' (വിടോല്‍) എന്ന പറക്കും ടാക്‌സികളുടെ പരീക്ഷണ ഓട്ടത്തിനാണ് ഈ ധാരണ.
എക്‌സ്‌പോ 2020 തുടങ്ങുന്നതിനുമുമ്പ് തന്നെ ഈ പരീക്ഷണങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉബറും വ്യക്തമാക്കുന്നു. ദുബായ് നഗരത്തില്‍ അത്തരത്തില്‍ പറക്കാവുന്ന വാഹനങ്ങളുടെ നിര്‍മാണം സംബന്ധിച്ച് പരീക്ഷണംനടത്താന്‍ നേരത്തേ ആര്‍.ടി.എ. ഒരു ചൈനാ കമ്പനിയുമായും ധാരണയിലെത്തിയിരുന്നു. ഏറ്റവും മികച്ചതും സുരക്ഷിതവുമായ ആകാശവാഹനങ്ങളാണ് ദുബായ് ആര്‍.ടി.എ. കാത്തിരിക്കുന്നത്.
പറക്കും ടാക്‌സികള്‍ സംബന്ധിച്ച് അമേരിക്കയില്‍ നടന്ന സമ്മേളനത്തിലാണ് ദുബായിയെ പരീക്ഷണ പറക്കലിനുള്ള രണ്ട് നഗരങ്ങളിലൊന്നായി ഉബര്‍ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. മറ്റൊരു നഗരം അമേരിക്കയിലെ ടെക്‌സാസ് ആണ്. ആദ്യഘട്ടത്തില്‍ പൈലറ്റിനുപുറമേ ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന ആകാശ ടാക്‌സിയാണ് ആര്‍.ടി.എ. വിഭാവനം ചെയ്യുന്നത്. യാത്രക്കാരന്‍ ഉള്ള സ്ഥലത്തുനിന്ന് കയറ്റി ആവശ്യമുള്ള സ്ഥലത്ത് പൈലറ്റ് ഇറക്കും. രണ്ടാം ഘട്ടത്തില്‍ ആളില്ലാ വിമാനം എന്നതാണ് ആര്‍.ടി.എ. വിഭാവനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























