രണ്ടുമുറി വീട്ടിൽ നിന്നും ഗൂഗിളിന്റെ നെറുകയിലേക്ക് ....സുന്ദർ പിച്ചെ എന്ന സൂപ്പർമാൻ !

സുന്ദര്‍ പിച്ചൈ തീര്‍ച്ചയായും രാജ്യത്തിന്റെ അഭിമാനമാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് ഇന്നത്തെ വാർത്ത മറ്റൊന്നുമല്ല ഗൂഗിൾ സ്ഥാപിച്ച ലാറി പേജും സെർജി ബ്രിന്നിയും എല്ലാ ചുമതലുകളും സുന്ദർ പിച്ചൈയെ ഏൽപിച്ച് പടിയിറങ്ങുകയാണ്. അങ്ങനെ സുന്ദര്‍ പിച്ചൈ എന്ന ബുദ്ധിരാക്ഷസൻ ഗൂഗിളിന്റെ തലപ്പത്ത്. വളരെ സാധാരണ ചുറ്റുപാടിൽ ജനിച്ചു വളർന്ന സുന്ദർ പിച്ചൈ ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ആയി നിയമിതനാകുമ്പോൾ ഇന്ത്യയ്ക്ക് അഭിമാനിക്കുവാൻ ഏറെ. അമേരിക്കയിൽ ടെക്നോളജി കമ്പനികളുടെ തലവനാകുക എന്ന അഭിമാനാർഹമായ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പിച്ചൈ. മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നാദെല്ല ആണ് ഇതിനു മുൻപ് ഇത്തരമൊരു അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ത്യക്കാരൻ. എന്നാൽ ഇപ്പോൾ രണ്ടു കമ്പനികളുടെ സിഇഒയാണ് പിച്ചൈ.
ഇന്നലെയാണ് 21 വർഷത്തെ സേവനം അവസാനിപ്പിച്ച് ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജും സെർജി ബ്രിന്നും മാതൃ കമ്പനിയായ ആൽഫബെറ്റ് വിട്ടത്. ഇത്രയും കാലം കമ്പനിയുടെ ദൈനം ദിനകാര്യങ്ങളിൽ മേൽനോട്ടം വഹിച്ചതിൽ അഭിമാനിക്കുന്നതായി ലാറി പേജും സെർജി ബ്രിന്നും ബ്ലോഗിൽ കുറിച്ചു. അതേസമയം, ഇരുവരും കമ്പനി ബോർഡിൽ അംഗങ്ങളായി തുടർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വംശജനായ സുന്ദർ പിച്ചെ ആൽഫബെറ്റിൻറെ പുതിയ സിഇഒയായി ചുമതലയേൽക്കുന്നത് . കഴിഞ്ഞ നാലു വർഷത്തോളമായി ഗൂഗിളിന്റെ സിഇഒയാണ് സുന്ദർ പിച്ചെ. കുറച്ച് മാസങ്ങളായി ബ്രിന്നും പേജും കമ്പനി മീറ്റിംഗുകളിൽ നിന്ന് വിട്ടു നിൽക്കുന്നതായി വാർത്തകളുണ്ടായിരുന്നു. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ് ഇപ്പോൾ കമ്പനിക്ക് ഉണ്ടെന്നാണ് പടിയിറക്കത്തിന് കാരണമായി ഇരുവരും വ്യക്തമാക്കിയത്.
അതേസമയം, ആൽഫബെറ്റിന്റെ 51 ശതമാനം വോട്ടിംഗ് ഷെയറും ഇപ്പോഴും ഇരുവരുടെയും കൈവശമാണ്. ഏപ്രിലെ കണക്കനുസരിച്ച് 26.1 ശതമാനം വോട്ടിംഗ് പവറും പേജിന്റെ കൈവശമാണ്. 25.25 ശതമാനം വോട്ടിംഗ് പവർ പ്രസിഡന്റായിരുന്ന ബ്രിന്നിന്റെ കൈവശമുണ്ട്. 1 ശതമാനത്തിനു താഴെ മാത്രമാണ് പിച്ചെയുടെ ഷെയർ.പ്രചോദനാത്മാകമായ ഒരു ജീവിത കഥയാണ് സുന്ദർ പിച്ചൈയ്ക്കു പറയുവാനുള്ളത്. വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് സുന്ദർ പിച്ചൈ എന്നറിയപ്പെടുന്ന പിച്ചൈ സുന്ദരരാജൻ ജനിക്കുന്നത്. തമിഴ്നാട്ടിലെ ചെന്നൈയിൽ 1972 ജൂലൈ 12-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 43-ാം ജന്മദിനത്തലേന്നാണ് ഗൂഗിൾ സിഇഒ സ്ഥാനം കിട്ടിയത്. ഇപ്പോൾ വയസ്സ് 46 ആയി. മൂന്നു വർഷങ്ങൾക്ക് ശേഷം കിട്ടിയ ആൽഫബെറ്റിന്റെ സിഇഒ സ്ഥാനം അദ്ദേഹത്തിന്റെ വലിയ കഴിവുകൾക്കുള്ള അംഗീകാരമാണ്.
രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചൈ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്കൂളിൽ പഠിച്ചപ്പോൾ ക്രിക്കറ്റു കളിയായിരുന്നു പിച്ചൈയെ ആകർഷിച്ചിരുന്നത്. സ്കൂളിന്റെ നായകനായിരുന്ന പിച്ചൈ സ്കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്കൂൾ കാലം മികച്ച രീതിയിൽ പൂർത്തിയാക്കിയ അദ്ദേഹം കാരഖ്പൂറിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐറ്റി) -യിൽ നിന്നും മെറ്റലർജിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർഥിയായിരുന്നു പിച്ചൈ.
ടെക് വിദഗ്ധരെ സൃഷ്ടിക്കുന്നതിൽ പ്രമുഖരായ സ്റ്റാൻഫോര്‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളർഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയൻസ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പിച്ചൈ ജനറൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലേയ്ക്കു പോകാനുള്ള വിമാനയാത്രയുടെ ചിലവു പോലും അദ്ദേഹത്തിന്റെ പിതാവിന്റെ വാർഷിക വരുമാനത്തിലും അപ്പുറമായിരുന്നു.
പെൽസിൽവാനിയ യൂണിവേഴ്സിറ്റിയുടെ വാർട്ടൺ സ്കൂളിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഗൂഗിളിൽ ചേരുന്നതിനു മുൻപ് പല ചെറു കമ്പനികളിലും ജോലി നോക്കി. ഒരു അപ്ലൈഡ് മെറ്റീരിയൽ കമ്പനിയിൽ എൻജിനീയറായും, മകെൻസി ആന്‍ഡ് കമ്പനിയിൽ മാനേജ്മെന്റ് കൺസൾട്ടന്റ് ആയും പിച്ചൈ പ്രവർത്തിച്ചിട്ടുണ്ട്. 2004-ലാണ് പിച്ചൈ ഗൂഗിളിൽ എത്തുന്നത്. 2008-ൽ ക്രോം ബ്രൗസർ, ഗൂഗിൾ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ.
ഗൂഗിൾ ക്രോം വൻ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകർഷിച്ചു. തുടർന്ന് ഗൂഗിൾ ടൂള്‍ബാർ, ഡെസ്ക്ടോപ് സെർച്, ഗാഡ്ജെറ്റ്സ്, ഗൂഗിൾ ഗിയേഴ്സ് ആൻഡ് ഗാഡ്ജെറ്റ്സ് എന്നിവ വികസിപ്പിയ്ക്കുന്നതിലും പിച്ചൈ നിര്‍ണായക പങ്കു വഹിച്ചു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്്സ് എന്നിവ വികസിപ്പിക്കുന്നതിനു മേൽനോട്ടം വഹിച്ചതും പിച്ചൈ ആയിരുന്നു. വെബ്എം എന്ന വിഡിയോ ഫോർമാറ്റ് രൂപകൽപന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്. 2013 മാർച്ച് 13-ന് ഗൂഗിൾ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തിൽ ആന്‍ഡ്രോയ്ഡ് ചേർക്കപ്പെട്ടപ്പോൾ തന്റെ കരിയറിലെ മറ്റൊരു മികച്ച സംഭാവനയായി മാറുകയായിരുന്നു അത്. 2014-ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആകുവാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഉയർന്നു കേട്ട പ്രധാന പേരിലൊരാളും പിച്ചൈ ആയിരുന്നു.
https://www.facebook.com/Malayalivartha