ജീവിക്കുന്ന പരീക്ഷണശാല; ടൊയോട്ടയുടെ ആ അത്ഭുത നഗരം ഉടൻ പൂർത്തിയാകും; ഇനിയുള്ള ലോകം ഇങ്ങനെ

കാർ നിർമ്മാണ കമ്പനികളിൽ ഏറ്റവും പ്രശസ്തവും മുൻപന്തിയിൽ നിൽക്കുന്നതുമായ കമ്പനികളിൽ ഒന്നാണ് ടൊയോട്ട. അനേക ലക്ഷം പേർ ഇവരുടെ ഉപഭോക്താക്കളാണ്. ടൊയോട്ട ഇനി ഒരു കാർ നിർമ്മാതാവായി മാത്രം അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല . ജാപ്പനീസ് കമ്പനി തങ്ങളുടെ വാഹനങ്ങൾ ഓടിക്കുന്ന നഗരങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു എന്ന പുതിയ വാർത്തയാണ് ലോകത്തെ ഇപ്പോൾ അമ്പരപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ മൗണ്ട് ഫുജിയുടെ താഴെയുള്ള 175 ഏക്കർ “സ്മാർട്ട്” മുനിസിപ്പാലിറ്റിയായി വോവൻ സിറ്റി എന്ന് പേര് നൽകിയിരിക്കുന്ന നഗരം വികസിപ്പിക്കാനുള്ള തങ്ങളുടെ ആഗ്രഹം തിങ്കളാഴ്ച നടന്ന ഉപഭോക്തൃ ഇലക്ട്രോണിക്സ് ഷോയിൽ കമ്പനി പ്രഖ്യാപിചിരുന്നു. ഇത്തരമൊരു പദ്ധതിയിലൂടെ വോവൻ സിറ്റിയെ ഭാവിയിലെ സാങ്കേതികവിദ്യകൾ - സ്വയംഭരണ വാഹനങ്ങൾ മുതൽ സ്മാർട്ട്-ഹോം സെൻസറുകൾ, റോബോട്ടിക്സ് എന്നിവ വരെ പരീക്ഷിച്ച് ദൈനംദിന ജീവിതത്തിൽ സംയോജിപ്പിക്കാൻ കഴിയുന്ന ഒരു ജീവനുള്ള ലബോറട്ടറിയാക്കി മാറ്റാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ടൊയോട്ട പ്രസിഡന്റ് അകിയോ ടൊയോഡ ലോകത്തെ അറിയിച്ചു. ടൊയോട്ടയെ മാത്രമല്ല എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണിത് എന്നും അകിയോ ടൊയോഡ അഭിപ്രായപ്പെടുന്നു.
2021 ഓടെ പദ്ധതി പ്രാബല്യത്തിൽ വരുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ആദ്യ അഞ്ച് വർഷത്തിനുള്ളിൽ രണ്ടായിരത്തോളം പേർക്ക് സിറ്റിയിൽ പ്രവർത്തനം ആരംഭിക്കാനും പാർപ്പിടവും മറ്റ് സൗകര്യങ്ങളും ഒരുക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്. താമസക്കാർ പ്രധാനമായും ടൊയോട്ട ജീവനക്കാരും, അവരുടെ കുടുംബങ്ങളും, വിരമിച്ചവരും, പങ്കാളികളായ കമ്പനികളുടെ പ്രതിനിധികളും, നഗരം സന്ദർശിക്കുന്ന ശാസ്ത്രജ്ഞരും ആയിരിക്കും. ഹ്രസ്വകാല പ്രോജക്ടുകളിലൂടെ അവരുടെ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ പുറത്തുനിന്നുള്ള ഗവേഷകരെ അനുവദിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
നഗരത്തിന്റെ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഡാനിഷ് വാസ്തുശില്പിയായ ജാർക്ക് ഇംഗൽസാണ്, അവരുടെ കമ്പനിയായ ജാർക്കെ ഇംഗൽസ് ഗ്രൂപ്പ് (ബിഗ്) മുമ്പ് ഗൂഗിളിന്റെയും ലെഗോയുടെയും ആസ്ഥാനങ്ങളും രൂപകൽപ്പന ചെയ്തിട്ടുണ്ട്.
നഗരത്തിന്റെ തെരുവുകളെ മൂന്ന് തരം ഉപയോഗങ്ങൾക്കായാണ് വിഭജിക്കുന്നത്, വേഗതയേറിയ വാഹനങ്ങൾക്കുള്ള റോഡുകൾ, കുറഞ്ഞ വേഗത്തിലെ യാത്രക്കുള്ള പാതകൾ, കാൽനട യാത്രക്കുള്ള പാതകൾ. തെരുവുകളെയെല്ലാം കോർത്തിണക്കുന്ന ഒരു ഗ്രിഡ് പാറ്റേൺ രൂപിക്കുന്നതുകൊണ്ടാണ് നഗരത്തിനു വോവൻ സിറ്റി അഥവാ നെയ്ത നഗരം എന്ന പേര് നൽകിയിരിക്കുന്നത്. ടൊയോട്ടയുടെ ഹൈഡ്രജൻ പവർ സെല്ലുകളാണ് മുഴുവൻ പ്രോജക്ടിനും കരുത്തേകുന്നത്.
ടൊയോട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് ഡവലപ്മെന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെയിംസ് കുഫ്നർ ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സർക്കാർ കാലതാമസത്തിൽ മന്ദഗതിയിലാകാതെ പുതിയ മൊബിലിറ്റി സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും വിന്യസിക്കാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് കാർനെഗീ മെലോൺ സർവകലാശാലയിലെ മുൻ റോബോട്ടിക് പ്രൊഫസർ കൂടിയായ കുഫ്നർ പറയുന്നു. തങ്ങൾ അതിനെ ഒരു ലബോറട്ടറി എന്ന് വിശേഷിപ്പിക്കുന്നെങ്കിലും പൂർണമായും ഒരു യഥാർത്ഥ ലോകം തന്നെ ആയിരിക്കും വോവൻ സിറ്റിയിലും എന്നും കുഫ്‌നർ കൂട്ടിച്ചേർക്കുന്നു.
നിലവിലുള്ള നഗരങ്ങളിൽ സാങ്കേതികവിദ്യകൾ എളുപ്പത്തിൽ വിന്യസിക്കുന്നത് ടൊയോട്ട പോലുള്ള മറ്റ് കാർ നിർമ്മാതാക്കൾക്കും വളരെ ഭുധിമുട്ടുള്ള കാര്യമാണ്. സാങ്കേതിക വിദ്യക്ക് വേണ്ടി ഒരു നഗരം തന്നെ ഉണ്ടാക്കി ഈ പ്രശ്നം പരിഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
ടൊയോട്ടയുടെ അഭിലാഷമായ മെഗാപ്രോജക്റ്റ് ശരിയായ ദിശയിലേക്കുള്ള നീക്കമാണെന്ന് ചില വ്യവസായ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും നഗരത്തിന്റെ നിർമ്മാണത്തിനായി വളരെയധികം തുക ചിലവഴിക്കേണ്ടി വരുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ പദ്ധതിക്കായി എത്ര രൂപ ചിലവഴിക്കുന്നു എന്ന വിവരം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha
























