സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ഡാറ്റ ശേഖരിക്കുന്നതില്‍ കടുത്ത ആശങ്കയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്; കൊറോണയെ ഭീകരര്‍ ആയുധമാക്കിയേക്കാം എന്നും മുന്നറിയിപ്പ്

കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ഡാറ്റ ശേഖരിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വൈറസ് വ്യാപനമടക്കമുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം ഈ ഘട്ടത്തില്‍ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ടെങ്കിലും ചില ആശങ്കകളുമുണ്ടെന്ന് ഗുട്ടെറസ് പറഞ്ഞു.
‘അടിയന്തിര നടപടികള്‍ക്ക് വേണ്ടിയോ രോഗം ബാധിച്ച ആളുകളെ കണ്ടെത്തുന്നതിന് വേണ്ടിയോ ആര്‍ട്ടിഫിഷല്‍ ഇന്റെലിജന്‍സും ബിഗ് ഡാറ്റയും ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്നായിരുന്നു ഗുട്ടെറസിന്റെ മുന്നറിയിപ്പ് . ഇവ ദുരുപയോഗിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അടിയന്തിര ഘട്ടമെന്ന നിലയ്ക്ക് ചെയ്യുന്നത് പ്രതിസന്ധി ഘട്ടം കഴിയുമ്പോള്‍ സ്വാഭാവികമെന്ന രീതിയിലായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.
‘മതിയായ സുരക്ഷാ മാര്‍ഗങ്ങള്‍ ഇല്ലാതെയുള്ള ഇത്തരം ടെക്‌നോളജികളുടെ ഉപയോഗം കൊണ്ടെത്തിക്കുക സാമൂഹിക വിവേചനത്തിലേക്കും പൗരന്മാരുടെ സ്വകാര്യത ഹനിക്കുന്നതിലേക്കും ആയിരിക്കും. അല്ലെങ്കില്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എതിരായി കൊവിഡ് പ്രതിരോധത്തിന് അപ്പുറത്തേക്കും അവ ഉപയോഗിക്കപ്പെടാം’, ഗുട്ടെറസ് വ്യക്തമാക്കി.
കൊവിഡ് മഹാമാരിയെ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നതിനോ വിവരങ്ങളെ ദുരുപയോഗിക്കുന്നതിനോ ഉള്ള ഉപാധിയായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യത്തിലെ അടിയന്തിര ഘട്ടത്തില്‍ ആരംഭിച്ച കാര്യങ്ങള്‍ മനുഷ്യാവകാശ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ പ്രതിസന്ധി ഘട്ടത്തോട് ഇന്ത്യ, ചൈന, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ പ്രതികരണത്തില്‍ പൊരുത്തമില്ലായ്മയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്വേഷ പ്രചരണം, ന്യൂനപക്ഷങ്ങളെ ഉന്നംവെക്കല്‍, ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അതീവ സുരക്ഷാ സംവിധാനങ്ങളുടെ ഉപയോഗവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രതികൂലമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസിനെ വിദേശി രോഗമെന്നും മറ്റും വിശേഷിപ്പിക്കുന്നത് വിവേചനവും മറ്റ് രാജ്യങ്ങളോടുള്ള വിദ്വേഷവും വംശീയതയും ആക്രമണങ്ങളുമാണ് സൃഷ്ടിക്കുന്നതെന്നും ഗുട്ടെറസ് വിശദീകരിച്ചു.
കോവിഡ്-19 മഹാമാരി ലോകത്തിന് ഭീഷണിയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രോഗത്തെ ആയുധമായി ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. വൈറസ് ബാധിച്ചയാളില്‍ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരര്‍ ലോകമെമ്പാടും വലിയ രോഗപ്പകര്‍ച്ചയ്ക്ക് ഇടവരുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
കോവിഡ് -19 വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കൂടിക്കാഴ്ച നടത്തുമ്പോഴാണ് അന്റോണിയോ ഗുട്ടെറസ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങളെ ഒരു തലമുറയുടെ പോരാട്ടമെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനില്‍പ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.
ഇതൊരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ദൂരവ്യാപകമാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു ഭീഷണിയാണ്. സാമൂഹികമായ അസമത്വങ്ങളും അക്രമങ്ങളും കോവിഡിനെതിരായ പോരാട്ടത്തെ ബാധിക്കും. ഈ ബലഹീനതകളും തയ്യാറെടുപ്പുകളുടെ അഭാവവും ഒരു ജൈവ ഭീകരാക്രമണത്തിനുള്ള ജാലകം തുറന്നിടുന്നു. അതുമൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്.
ഭീകരവാദ ഭീഷണി ഇന്നും നിലനില്‍ക്കുന്നുണ്ട്. എല്ലാ സര്‍ക്കാരുകളും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha