വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

വാഗമണ്‍ വഴിക്കടവില്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരന്‍ മരിച്ചു. തിരുവനന്തപുരം നേമം, ശാസ്താ ലൈന്‍, ശാന്തി വില്ല നാഗമ്മല്‍ വീട്ടില്‍ എസ്. അയാന്‍സ്‌നാഥ് (4) ആണ് മരിച്ചത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ്. ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പാലായിലാണ് ആര്യയും മകനും താമസിച്ചിരുന്നത്. ശനിയാഴ്ച മൂന്ന് മണിയോടെയാണ് അപകടം. ശബരിനാഥ് അവധിക്കെത്തിയപ്പോള്‍ കുടുംബസമേതം വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട് ചാര്‍ജിങ് സ്‌റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു ആര്യയും കുഞ്ഞും. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് അയാന്റെയും ആര്യയുടെയും മേല്‍ ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാലാ പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേതാണ് എന്നാണ് വിവരം.
https://www.facebook.com/Malayalivartha