ഒന്നിന് പിറകെ ഒന്നായി തേടിയെത്തിയ ദുരന്തം; മക്കളുടെ മരണമറിയാതെ ജീവനുവേണ്ടി മല്ലിട്ട് എൽസി...

കാർ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങൾ പാലക്കാട് പൊൽപുള്ളിയിൽ മരിച്ച സംഭവത്തിൽ പെട്രോൾ ടാങ്കിലേക്ക് തീ പടർന്നതാകാം അപകട കാരണമെന്ന നിഗമനത്തിൽ മോട്ടോർ വാഹന വകുപ്പ് എത്തിച്ചേർന്നിരിക്കുകയാണ്. പെട്രോൾ ട്യൂബ് ചോർന്ന് സ്റ്റാർട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം വീണിരിക്കാമെന്നും വാഹനം സ്റ്റാർട്ട് ചെയ്‌തപ്പോൾ സ്പാർക്ക് ഉണ്ടായി തീ പെട്രോൾ ടാങ്കിലേക്ക് പടർന്നതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് സാധ്യത പരിശോധിക്കുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2002 മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ പോസ്റ്റ‌്‌മോർട്ടം ഇന്ന് നടക്കും. 6 വയസുകാരൻ ആൽഫ്രഡ്, 4 വയസുകാരി എമലീന എന്നിവരുടെ മൃതദേഹം ഇന്നലെ രാത്രിയോടെ പാലക്കാട് ജില്ല ആശുപതി മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. കുട്ടികളുടെ സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും. ഇവർക്കൊപ്പം പരിക്കേറ്റ അമ്മ എൽസിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 40% പൊള്ളലേറ്റ മൂത്തമകളും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എൽസിയുടെ അമ്മ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഏറെ നാളുകൾക്കു ശേഷം എല്ലാവരും ഒരുമിച്ചു പുറത്തുപോകുന്ന സന്തോഷത്തിൽ കാറിൽ കയറിയതായിരുന്നു എൽസിയുടെ കുഞ്ഞുമക്കൾ. കാർ ഓടിക്കുന്ന അമ്മയ്ക്കൊപ്പം മുൻ സീറ്റിൽ ചേച്ചിയിരുന്നപ്പോൾ മുത്തശ്ശിക്കൊപ്പം പുറകിലിരിക്കാനാണ് ആൽഫ്രെഡും എമിൽ മേരിയും കാറിന്റെ പിൻസീറ്റിൽ കയറിയത്. എല്ലാവരും പുറത്തിറങ്ങി കാറിൽ കയറിയപ്പോൾ മുത്തശ്ശി ഡെയ്സി വീടിന്റെ വാതിൽ പൂട്ടാൻ നിന്നു. ഇതിനിടയിലാണു കാറിൽ കയറിയ എൽസി വാഹനം സ്റ്റാർട്ട് ചെയ്യുന്നതും അപകടമുണ്ടാകുന്നതും.
മൂന്നു മാസം മുൻപുണ്ടായ അപകടത്തിൽ എൽസിയുടെ കയ്യൊടിഞ്ഞിരുന്നു. അതു ഭേദമായി വന്നപ്പോഴാണ് അസുഖം മൂർച്ഛിച്ച് ഭർത്താവ് മാർട്ടിൻ കുടുംബത്തോടു വിടപറഞ്ഞത്. അതുകഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം എൽസിക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. എല്ലാം കഴിഞ്ഞ് ജോലിക്കു പോയിത്തുടങ്ങിയതിന്റെ രണ്ടാംനാളാണ് നാടിനെയാകെ നടുക്കിയ ഈ ദുരന്തം എൽസിയുടെ കുടുംബത്തിലുണ്ടായത്.
https://www.facebook.com/Malayalivartha