ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് കേരള ഹൈകോടതി അസാധുവാക്കിയതോടെ ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനം അവതാളത്തിലായിരിക്കുകയാണ്. ഫെബ്രുവരി 19ന് പുറപ്പെടുവിച്ച പ്രോസ്പെക്ടസ് അനുസരിച്ച് റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കണമെന്ന ഹൈകോടതി ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാറിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളി. വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകളെ അനിശ്ചിതത്വത്തിലേക്കും അതുവഴി ആയിരക്കണക്കിന് വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും കഠിനമായ മാനസികസമ്മർദത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ് ഈ നിയമയുദ്ധം. വിഷയം സുപ്രീംകോടതി കയറിയാലും ആശ്വാസകരമായ ഫലപ്രാപ്തി ഉറപ്പിക്കാനാവില്ല. അതാണ് സുപ്രീം കോടതിയിൽ നിന്നും സർക്കാർ പിൻമാറിയത്.
ഒന്നര പതിറ്റാണ്ടിനടുത്തായി പിന്തുടരുന്ന മാർക്ക് ഏകീകരണ ഫോർമുലക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നിട്ടും സമയബന്ധിതമായ പരിഹാരമോ പുതിയ ഫോർമുലയോ ഉണ്ടാക്കുന്നതിൽ സർക്കാർ അനാസ്ഥ കാണിച്ചു. ഉന്നത വിദ്യാഭ്യാസമേഖലയിലെ വിഷയങ്ങൾ എത്ര അലംഭാവത്തോടുകൂടിയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത് എന്നതിന്‍റെ ദയനീയമായ ഉദാഹരണമാണ് ഈ നടപടികൾ. വിവിധ ബോർഡുകളിൽ പഠിച്ച വിദ്യാർഥികൾക്ക് തുല്യത നൽകാൻ സ്വീകരിച്ച മാർക്ക് ഏകീകരണ ഫോർമുല സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് അനീതിയാണ് നൽകിയത്. ഈ വിമർശനത്തെ മുഖവിലക്കെടുത്തുകൊണ്ടാണ് മാർക്ക് എകീകരണ രീതി സംബന്ധിച്ച് പരിശോധന കമ്മിറ്റിയെ നിയോഗിക്കണമെന്ന് പരീക്ഷ കമീഷണർ സർക്കാറിന് കത്തയച്ചത്. ഡേറ്റ പരിശോധിച്ചും കുറ്റമറ്റ രീതിയിലും പരിഹരിക്കേണ്ട വിഷയത്തിൽ പക്ഷേ,
സംഭവിച്ചത് കുറ്റകരമായ അലംഭാവവും തുടർനടപടികളിലെ കാലതാമസവുമായിരുന്നു. 2025 ഫെബ്രുവരി 19ന് പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നതത്.യഥാർത്ഥത്തിൽ ഇത് നിയമ വിരുദ്ധമായിരുന്നു.വീണ്ടും ഒരുമാസത്തിലേറെയെടുത്തു വിദഗ്ധസമിതിയെ നിയോഗിച്ച് ഉത്തരവിറക്കാൻ. വിവിധ പരീക്ഷ ബോർഡുകളുടെ ഫലങ്ങളും ഡാറ്റയും വിശകലനം ചെയ്ത് മാത്രമേ ബദൽ രീതികൾ നിർദേശിക്കാനാകൂ എന്നും അതിന് മതിയായ സമയം ആവശ്യമുണ്ടെന്നുമായിരുന്നു സമിതിയുടെ നിലപാട്. അത് ശരിയും യുക്തിസഹവുമായിരുന്നു. തിരക്കുപിടിച്ച പരിഹാരങ്ങൾ കാരണം കുട്ടികളുടെ അവകാശങ്ങളായിരിക്കും ഹനിക്കപ്പെടുക എന്നത് നിസ്തർക്കമാണ്. വളരെ പ്രാധാന്യമുള്ളതും വിദ്യാർഥികളുടെ ഭാവിയെ നിർണയിക്കുന്നതുമായ ഈ പ്രവേശനപരീക്ഷ കുറ്റമറ്റതും നീതിപൂർവുമാകുക സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ വിശ്വാസ്യതക്കും അനിവാര്യമായിരുന്നു.
പക്ഷേ, ആദ്യത്തെ മെല്ലെപ്പോക്കുകൾക്ക് ശേഷമുണ്ടായ അമിതവേഗം കാര്യങ്ങളെ കൂടുതൽ അപകടത്തിലാക്കിയിരിക്കുകയാണ്.മേയ് 14ന് പരീക്ഷ പൂർത്തിയാകുകയും സ്കോർ പ്രസിദ്ധീകരിക്കുകയും ചെയ്തശേഷം കഴിഞ്ഞ ജൂൺ അഞ്ചിനാണ് വിദഗ്ധസമിതി അഞ്ച് ബദൽ നിര്‍ദേശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചത്. ഈ നിർദേശങ്ങളിൽ ഏറ്റവും മികച്ചതേതാണ് എന്ന പരിശോധനകളും ചർച്ചകളും സംഘടിപ്പിച്ച് അടുത്ത വർഷം മുതൽ നടപ്പാക്കുന്നതായിരുന്നു നല്ലത്. പക്ഷേ, അതുവരെ ഇഴഞ്ഞ സർക്കാർ ജൂൺ 30ന് പ്രത്യേക മന്ത്രിസഭ വിളിക്കുന്നു, പ്രോസ്പെക്ടസ് ഭേദഗതി അംഗീകരിക്കുന്നു. അടുത്തദിവസം തന്നെ ഉത്തരവിറക്കുകയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാം അതിവേഗം പൂർത്തിയായി! ഇത്രയും കാലത്തെ നിഷ്ക്രിയതയെയും ഒടുവിലത്തെ അമിതവേഗത്തിലെ നിയമവിരുദ്ധതയെയുമാണ് ഹൈകോടതി നിശിതമായി വിചാരണ ചെയ്തിരിക്കുന്നത്.
ജൂലൈ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നും മാർക്ക് ഏകീകരണരീതിയിൽ അവസാന നിമിഷം മാറ്റംവരുത്തിയത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. കളി തുടങ്ങിയശേഷം ചട്ടത്തിൽ മാറ്റം വരുത്താനാകില്ലെന്ന കോടതിയുടെ വിധിതീർപ്പ് സർക്കാർ ഗൗരവത്തിലെടുക്കുകയും വീഴ്ചകൾ പരിഹരിക്കുകയും ചെയ്യണം.കഴിഞ്ഞ ആഗസ്റ്റ് മുതൽ പ്രൊസ്പെക്ടസ് പുറത്തിറക്കിയ ഫെബ്രുവരി 19 വരെ ഉന്നത വിദ്യാഭ്യാസവകുപ്പ് ഈ വിഷയത്തിൽ എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയാൻ വകുപ്പ്മന്ത്രിക്ക് ബാധ്യതയുണ്ട്. ഫോർമുല മാറ്റണമെന്ന അഭിപ്രായത്തിനുമേൽ അനാവശ്യമായി അടയിരുന്ന് ഉറങ്ങിയ ഉന്നത വിദ്യാഭ്യാസവകുപ്പാണ് വിദ്യാർഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കി അവരെ നിയമയുദ്ധത്തിലേക്ക് എത്തിച്ചത്.
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലൂടെ ഹൈകോടതി സർക്കാറിന്‍റെ അലംഭാവത്തിനും അധികാരപ്രമത്തതക്കുമുള്ള ശക്തമായ പ്രഹരമാണ് നൽകിയിരിക്കുന്നത്. പ്രവേശനപരീക്ഷകളുടെ നടത്തിപ്പിലും തുടർനടപടികളിലുമുണ്ടാകുന്ന വീഴ്ചകൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയാണ് തകർക്കുന്നത്. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസകൗൺസിൽ പ്രവേശനം പൂർത്തിയാക്കാൻ നിശ്ചയിച്ച സമയമായ ആഗസ്റ്റ് 14ന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാറിന് കഴിഞ്ഞില്ലെങ്കിൽ പ്രശ്നം കൂടുതൽ വഷളാകും. അധികാരപ്പലകയിലെ ചൂതാട്ടത്തിനിടെ പുതിയ തലമുറയുടെ ഭാവി വിസ്മരിക്കപ്പെടരുത്. ഇനിയെങ്കിലും ഇക്കാര്യത്തിൽ സർക്കാറിന്‍റെ മുഖ്യ പരിഗണന വിദ്യാർഥികൾക്കായിരിക്കണം. അവർക്ക് മാത്രം. ഗവർണറും മന്ത്രിയും തമ്മിലുള്ള തർക്കം രൂക്ഷമായ സമയത്താണ് കീം വരുന്നത്. തന്നെ കണ്ട മാധ്യമങ്ങളോട് നിങ്ങൾ കോടതിയാകേണ്ടെന്ന് മന്ത്രി പറഞ്ഞു . തന്നെ ചോദ്യം ചെയ്യാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് മന്ത്രിക്ക് ക്ഷമ നഷ്ടമായി. തന്നെ മാധ്യമങ്ങൾ ടാർഗറ്റ് ചെയ്യുന്നു എന്നു പറയാനും മന്ത്രി മറന്നില്ല. തന്നെ ബലമായി ആക്രമിക്കാൻ ശ്രമിക്കുന്നു എന്ന വിശ്വാസത്തിലാണ് മന്ത്രി. കേരള സർവകലാശാലാ രജിസ്ട്രാർ അനിൽ കുമാറിനെ ഗവർണർക്കെ തിരായി തിരിക്കുന്നതിൽ മന്ത്രി ബിന്ദുവിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. കേരള വി.സി. സർക്കാരിന് എതിരായതിനാൽ രജിസ്ട്രാറെ ഉപയോഗിച്ചാണ് സർക്കാർ ഗവർണർക്കെതിരായ നീക്കങ്ങൾ സജീവമാക്കുന്നത്. എന്നാൽ സർക്കാരിന്റെ ഗൂഢനീക്കങ്ങളെല്ലാം ഗവർണർ അറിയുന്നുണ്ടായിരുന്നു. അങ്ങനെയാണ് രജിസ്ട്രാറുടെ ജോലി തെറിക്കുന്ന സാഹചര്യമുണ്ടായത്. അതോടെ സർക്കാർ രജിസ്ട്രാറെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പഴയ ഗവർണറെക്കാൾ കുഴപ്പമാണ് പുതിയ ഗവർണർ എന്ന പ്രസ്താവന മന്ത്രി ബിന്ദു നടത്തിയതിന്റെ പിറ്റേന്നാണ് കീം റിസൾട്ട് കുഴഞ്ഞുമറിഞ്ഞത്. എൻട്രൻസ് പരീക്ഷയുടെ സ്കോറും 12–ാം ക്ലാസ് പരീക്ഷയുടെ മാർക്കും 50:50 എന്ന അനുപാതത്തിലെടുത്താണ് കീം റാങ്ക് നിശ്ചയിക്കുന്നത്. 12–ാം ക്ലാസിലെ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി മാർക്കുകൾ 1:1:1 അനുപാതത്തിൽ കണക്കാക്കുമെന്നാണ് ഫെബ്രുവരിയിലെ പ്രോസ്പെക്ടസിൽ അറിയിച്ചിരുന്നത്. 2011 മുതൽ പിന്തുടരുന്ന മാനദണ്ഡമാണിത്. എന്നാൽ ജൂലൈ ഒന്നിനു ഭേദഗതിയിലൂടെ ഈ അനുപാതം 5:3:2 എന്നാക്കി. വിവിധ ബോർഡുകളിൽ പഠിച്ചവരുടെ മാർക്കുകൾ ഏകീകരിക്കുന്നതിനുള്ള ഫോർമുലയും മാറ്റി.2011 ലാണ് ഈ രീതി തുടങ്ങിയത്. ഇതനുസരിച്ച് എൻട്രൻസ് പരീക്ഷയുടെ സ്കോറും 12–ാം ക്ലാസ് പരീക്ഷയുടെ മാർക്കും 50:50 എന്ന അനുപാതത്തിലെടുക്കും. 12–ാം ക്ലാസിലെ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി മാർക്കുകൾ 1:1:1 അനുപാതത്തിലാണ് കണക്കാക്കുന്നത്. ഇതാണ് ഫെബ്രുവരി 19 പുറത്തിറക്കിയ പ്രോസ്പെക്ടസിലും പറഞ്ഞിരുന്നത്.
പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് (കെമിസ്ട്രി പഠിക്കാത്തവർക്ക്, പകരം പഠിച്ച കംപ്യൂട്ടർ സയൻസ്/ബയോടെക്നോളജി/ ബയോളജി) എന്നീ വിഷയങ്ങൾക്കു ലഭിച്ച മാർക്ക് എടുക്കും. ഇതാണ് കോടതി റദ്ദാക്കിയ പുതിയ രീതി. കേരള സിലബസിൽ ഉയർന്ന മാർക്ക് 100 ഉം മറ്റു പരീക്ഷാ ബോർഡിലേത് (സിബിഎസ്ഇ, ഐഎസ്‍സി) 95ഉം ആണെങ്കിൽ ഇവ രണ്ടും 100 മാർക്കായി പരിഗണിക്കും. ഉയർന്ന മാർക്ക് 95 ആയ ബോർഡിന്റെ പരീക്ഷയെഴുതിയ കുട്ടിക്ക്, ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ചത് 70 മാർക്കാണെങ്കിൽ ഇത് നൂറിലേക്കു മാറ്റും. 70/95x100 എന്ന ഫോർമുലയിലാണ് ഇതു കണക്കാക്കുക. അങ്ങനെ മാർക്ക് 73.68 ആകും. (70/95x100=73.68). മൂന്നു വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിച്ച് മൊത്തം മാർക്ക് 300ൽ കണക്കാക്കും.
പിന്നീട് ഓരോ വിഷയത്തിനുമുള്ള മാർക്ക് 5:3:2 അനുപാതത്തിൽ റാങ്ക് പട്ടികയ്ക്കായി പരിഗണിക്കും. മാത്‍സിന് 150, ഫിസിക്സിന് 90, കെമിസ്ട്രിക്ക് 60 എന്നിങ്ങനെയാണ് വെയ്‌റ്റേജ്. ഇത് പ്രവേശന പരീക്ഷാ മാർക്കിനൊപ്പം ചേർക്കും. ഇതാണ് ജൂലൈ ഒന്നിനു വരുത്തിയ ഭേദഗതി.കോടതി പറഞ്ഞത് ഇതാണ്:സാധാരണഗതിയിൽ, അപേക്ഷ നൽകാനുള്ള അവസാന തീയതിക്കുശേഷം പ്രോസ്പെക്ടസിൽ മാറ്റം വരുത്താനാവില്ല. മാർച്ച് 10 വരെയായിരുന്നു അപേക്ഷാസമയം. പരീക്ഷ നടന്നത് ഏപ്രിൽ 23 മുതൽ 29 വരെയാണ്. മേയ് 14ന് എൻട്രൻസ് സ്കോർ കാർഡ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ പ്ലസ്ടു മാർക്കും അപ്‌ലോഡ് ചെയ്തതോടെ മുഴുവൻ ഡേറ്റയും അധികൃതർക്കു ലഭിച്ചു. തുടർന്ന് കേരള സിലബസ് വിദ്യാർഥികളുടെ പ്രകടനം നല്ലതല്ലെന്നു കണ്ടു ഫോർമുല മാറ്റാൻ തീരുമാനിച്ചു. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് പ്രോസ്പെക്ടസിൽ സർക്കാർ വരുത്തിയ മാറ്റം നിയമവിരുദ്ധവും
നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്. ഫെബ്രുവരി 19നു പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എൻട്രൻസ് കമ്മിഷണർക്കു നിർദേശം നൽകി.സർക്കാർ വാദം ഇതാണ് :നിലവിലുണ്ടായിരുന്ന ഫോർമുലയിൽ, കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾ റാങ്ക് നിർണയിക്കുമ്പോൾ പിന്നിലാകുന്നു. തുല്യ അവസരം നൽകാനാണു മാറ്റം വരുത്തിയത്.മന്ത്രി ബിന്ദു ഒറ്റപ്പെടുമ്പോൾ സർക്കാരിൽ ആരും മന്ത്രിയെ സഹായിക്കാനില്ലെന്നതാണ് രസകരമായ കാര്യം. മന്ത്രിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും ആരും ഇറക്കുന്നില്ല. അതാണ് മന്ത്രിയുടെ ക്ഷോഭത്തിന്റെ കാരണം.
https://www.facebook.com/Malayalivartha