ചൈനയില്‍ വൈറസ് വ്യാപനം അതിവേഗത്തിലാക്കിയത് എയര്‍കണ്ടീഷനര്‍!

ഒരു ചൈനീസ് റെസ്റ്റോറന്റില്‍ ആഹാരം കഴിക്കാനെത്തിയ ഒരാളില്‍ നിന്നും ഒമ്പത് പേരിലേക്ക് കൊറോണ വൈറസ് വ്യാപിക്കാന്‍ കാരണമായത് എയര്‍ കണ്ടീഷനറാണെന്നുള്ള ഒരു പുതിയ പഠനം ഇപ്പോള്‍ പുറത്ത് വന്നിരിക്കയാണ്. ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. ജനങ്ങളെല്ലാം ജാഗ്രതയിലും മുന്‍കരുതലിലുമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.
സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ നടത്തിയ പഠനങ്ങളിലാണ്, ചൈനയിലെ ഗുവാംഗ്സൗ വിലെ ഒരു റെസ്റ്റോറന്റില്‍ കഴിഞ്ഞ ജനുവരിയില്‍ വുഹാനില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയത്തിയ ഒരു കുടുംബത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇവരില്‍ ഒരാളില്‍ നിന്നാണ് രോഗം ഒമ്പത് പേരിലേക്ക് പടര്‍ന്നത്. ഇതിന് കാരണമായത് റെസ്റ്റോറന്റിലെ ശീതീകരിച്ച വായുവിന്റെ സാന്നിദ്ധ്യമാണെന്നാണ് പഠനം പറയുന്നത്.
എന്നാല്‍ കൊവിഡ് രോഗബാധയുണ്ടായിരുന്ന ആള്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവര്‍ റെസ്റ്റോറന്റിലെത്തിയതിന് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഇയാളുടേയും കുടുംബാംഗങ്ങളുടേയും അടുത്ത ടേബിളുകളിലിരുന്ന് ഭക്ഷണം കഴിച്ചവരുള്‍പ്പെടെ മറ്റ് ഒമ്പത് പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്.
ഒരു മീറ്റര്‍ വീതം അകലമുണ്ടായിരുന്ന ടേബിളുകളില്‍ ഇരുന്നവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഇരുന്ന ടേബിളുകള്‍ക്കരികില്‍ ജനാലകളില്ലായിരുന്നു. കൊറോണ വൈറസ് സാധാരണ പകരുന്നത് ഡ്രോപ്ലെറ്റ് ട്രാന്‍സ്മിഷന്‍ വഴിയാണ്. രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന വൈറസ് മറ്റൊരാളുടെ മൂക്കുകളിലേക്കോ വായിലോ കണ്ണുകളിലോ എത്തുമ്പോഴാണ് ഈ രീതിയില്‍ രോഗം വ്യാപിക്കുന്നത്. കൊറോണ വൈറസിന് അധികനേരം അന്തരീക്ഷത്തില്‍ തങ്ങി നില്ക്കാനോ ഒരു മീറ്ററിനപ്പുറം സഞ്ചരിക്കാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ എയര്‍കണ്ടീഷനറാണ് വൈറസ് വ്യാപനത്തിനിടയായതെന്നാണ് ഗവേഷകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha