കഴിഞ്ഞ 18 ദിവസമായി പുതിയ രോഗികള്‍ ഇല്ല, ന്യൂസീലന്‍ഡ് കോവിഡ് മുക്തം

ന്യൂസീലന്‍ഡില്‍ കോവിഡാനന്തര ജീവിതത്തിന് വരവേല്‍പ്. കോവിഡ് മുക്തമായതില്‍ രാജ്യത്ത് ആഘോഷം. ആലിംഗനം ചെയ്തും ചുംബിച്ചും വിരുന്നുകള്‍ സംഘടിപ്പിച്ചും ന്യൂസീലന്‍ഡുകാര്‍ ആഘോഷിക്കുന്നു.
ഈ ദക്ഷിണ പസിഫിക് ദ്വീപുരാജ്യം തിങ്കളാഴ്ചയാണ് കോവിഡ് മുക്തമായി പ്രഖ്യാപിച്ചത്. 50 ലക്ഷം ജനങ്ങളുള്ള ഇവിടെ ആകെ 1504 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 1482 പേര്‍ രോഗമുക്തരായി. 22 മരണം. കഴിഞ്ഞ 18 ദിവസമായി പുതിയ രോഗികള്‍ ആരുമില്ല. രണ്ടര മാസത്തിനിടെ 3 ലക്ഷത്തോളം പേരെ പരിശോധിച്ചു. നിലവില്‍ ആരും ചികിത്സയിലില്ല.
ഏഴാഴ്ചയോളം നീണ്ട കര്‍ശനമായ ലോക്ഡൗണില്‍ അവശ്യസേവന വിഭാഗങ്ങളൊഴികെ മറ്റൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. രാജ്യം കോവിഡ് മുക്തമായതിന്റെ ആഹ്ലാദത്തില്‍ താന്‍ നൃത്തം ചെയ്തുവെന്നാണ് പ്രതിരോധദൗത്യത്തിനു നേതൃത്വം നല്‍കിയ പ്രധാനമന്ത്രി ജസിന്‍ഡ അര്‍ഡന്‍ (39) പറഞ്ഞത്.
കഫേകളിലും മാളുകളിലും സ്റ്റേഡിയങ്ങളിലും നിശാക്ലബുകളിലും പൊതുസ്ഥലങ്ങളിലും ഇനി മുതല്‍ നിയന്ത്രണങ്ങളില്ല. ശനിയാഴ്ച നടക്കുന്ന സൂപ്പര്‍ റഗ്ബി മത്സരം കാണാന്‍ 20,000 പേര്‍ എത്തുമെന്നാണു കരുതുന്നത്.
ഫെബ്രുവരി അവസാനമാണു ന്യൂസീലന്‍ഡില്‍ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തമായെങ്കിലും അതിര്‍ത്തികള്‍ ന്യൂസീലന്‍ഡ് തുടര്‍ന്നും അടച്ചിടും. സ്വദേശത്തേക്കു മടങ്ങിവരുന്നവര്‍ക്കു മാത്രമാണു പ്രവേശനം. ഇവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് യാത്രകളും പുനരാരംഭിക്കില്ല.
കോവിഡ് വ്യാപനം തടയുന്നതില്‍ വിജയിച്ച ഓസ്‌ട്രേലിയയില്‍ പുതിയ രോഗികള്‍ 2. ആകെ രോഗികള്‍ 7267. ഇതില്‍ 6720 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 102.
https://www.facebook.com/Malayalivartha