ഉത്തരകൊറിയയില്‍ പട്ടിണിയും ക്ഷാമവും രൂക്ഷം; വൈറസ് രാജ്യത്തിന്റെ സാമ്പത്തികമേഖല പാടെ തകര്‍ത്തു; ആണവ-മിസൈല്‍ പരീക്ഷണങ്ങളാല്‍ രാജ്യത്തിനുമേല്‍ ചുമത്തിയിട്ടുള്ള ഉപരോധം അവസാനിപ്പിച്ച് അടിയന്തരമായി ഭക്ഷണവിതരണം ഉറപ്പാക്കണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ഉത്തരകൊറിയയില്‍ മുഴു പട്ടിണിയും ക്ഷാമവുമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധന്റെ റിപ്പോര്‍ട്ട്. കോവിഡ്-19 ബാധയെത്തുടര്‍ന്ന് അഞ്ചുമാസത്തോളമായി ചൈനയുമായുള്ള അതിര്‍ത്തി അടച്ചതും കര്‍ശനമായ നടപടികളും രാജ്യത്തെ താറുമാറാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഉത്തരകൊറിയയിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്ന യു.എന്നിന്റെ പ്രത്യേക പ്രതിനിധി തോമസ് ഓജ ക്വിന്റാന പറുന്നതിങ്ങനെയാണ്. ''ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും ഏറിവരികയാണ്. ആണവ-മിസൈല്‍ പരീക്ഷണങ്ങളുടെപേരില്‍ ആ രാജ്യത്തിനുമേല്‍ ചുമത്തിയിട്ടുള്ള ഉപരോധം അവസാനിപ്പിച്ച് അടിയന്തരമായി ഭക്ഷണവിതരണം ഉറപ്പാക്കാന്‍ യു.എന്‍. രക്ഷാകൗണ്‍സില്‍ തയ്യാറാവണം''
അതേസയം ഉത്തരകൊറിയ ഇതുവരെ കോവിഡ് വൈറസ് ബാധ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വൈറസ് രാജ്യത്തിന്റെ സാമ്പത്തികമേഖല പാടെ തകര്‍ത്തതായി ക്വിന്റാന പറയുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചൈനയുമായുള്ള വ്യാപാരത്തില്‍ 90 ശതമാനമാണ് കുറഞ്ഞത്. വലിയ നഗരങ്ങളില്‍ വീടില്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നു. മരുന്നുവില കുത്തനെ കൂടുന്നു. ദിവസം രണ്ടുനേരം മാത്രം ഭക്ഷണം കഴിക്കുന്ന കുടുംബങ്ങള്‍ കൂടുന്നു. കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. പലര്‍ക്കും ചോളം മാത്രമാണ് കഴിക്കാനുള്ളത്. ചിലരാവട്ടെ പട്ടിണിയിലുമാണ്. രാജ്യത്ത് നിയന്ത്രണങ്ങളില്ലാതെ മാനുഷികസഹായമെത്തിക്കാനാവണം. മരുന്നുകളും എത്തിക്കണം. രാജ്യത്തെ 40 ശതമാനംപേരും അതായത് ഒരുകോടിക്കുമേലുള്ള ആള്‍ക്കാര്‍ പട്ടിണിയിലാണെന്നാണ് യു.എന്‍. കണക്കുകൂട്ടുന്നത്.
ഇതിനിടെ തെക്കന്‍ കൊറിയയുമായി ബന്ധം പൂര്‍ണമായും വിച്ഛേദിച്ച് ഉത്തര കൊറിയ. കൊറിയകള്‍ തമ്മിലുള്ള വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചതായി ഉത്തരകൊറിയയാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇത് രാജ്യത്തെ സ്ഥിതി പുറത്തറിയാതിരിക്കാനാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇരു രാഷ്ട്രതലവന്‍മാര്‍ക്കും ആശയവിനിമയം നടത്തുന്നതിനായി സ്ഥാപിച്ച ഹോട്ട് ലൈനും വിച്ഛേദിച്ചു. തെക്കന്‍ കൊറിയയെ ശത്രു രാജ്യമായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യപടിയാണിതെന്നായിരുന്നു ഉത്തരകൊറിയന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്ന കാര്യം.
ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിവന്ന പ്രതിദിന ഫോണ്‍കോളുകള്‍ ചൊവ്വാഴ്ച മുതല്‍ ഉണ്ടാവില്ലെന്നും ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്. 2018 ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും സൗഹാര്‍ദ്ദപരമായി നീങ്ങുന്നതിനുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചതും പ്രതിദിന ഫോണ്‍വിളികള്‍ ആരംഭിച്ചതും. 1953 ല്‍ യുദ്ധം അവസാനിച്ചുവെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന കരാറുകളില്‍ എത്തിയിരുന്നില്ല.
വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് പുറമേ സൈന്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും അവസാനിപ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ ബന്ധം അവസാനിപ്പിക്കുന്നതായി ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍വഴിയുള്ള ബന്ധം തുടര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha