അൺ ലോക്കിലേക്ക് ലോകം; കോവിഡ് പ്രതിരോധം സാധ്യമായോ? നിയന്ത്രണം ഒഴിവാക്കി ഒരു രാജ്യവും മുന്നോട്ടു പോകേണ്ട സമയമല്ലിതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ്

കോവിഡ് സർവ്വവ്യാപിയായി ലോകം മുഴുവൻ പടർന്നു പന്തലിക്കുകയാണ്. കോവിഡ് എന്ന മഹാമാരി നമ്മുടജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ടാവണം ആദ്യം ഈ രോഗത്തെ കുറിച്ച് കേട്ടപ്പോൾ ഉള്ള ജാഗ്രത പതുക്കെ പതുക്കെ പലർക്കും ഇല്ലാതായത്. മാസ്കും സാനിറ്റിസ്റ്റുമൊക്കെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകേണ്ടതാണ് എന്ന തിരിച്ചറിവ് പോലും പലരും കാണിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.. മാസ്ക് കൃത്യമായ രീതിയിൽ ധരിക്കാതെയും സാനിറ്റിസി ചെയ്യാതെയും നമ്മൾ നമ്മുടെ തന്നെയും അതുപോലെ നമ്മുടെ ഏറ്റവും പ്രിയപെട്ടവരുടെയും ജീവിതത്തെയാണ് ഇല്ലാതാക്കുന്നത് .ഇപ്പോൾ അൺ ലോക്കിന്റെ സമയമാണ് . കൊറോണ അകത്തു കയറാതിരിക്കാൻ നമ്മൾ അടച്ചിട്ട വാതിലുകൾ നാം തുറക്കുകയാണ്.. ചുറ്റും ഭയം വിതച്ചുകൊണ്ട് കോവിഡും
രണ്ടു മാസം മുമ്പ് ഏതാണ്ട് 10 ലക്ഷം കോവിഡ് രോഗികളാണു ലോകത്താകെ ഉണ്ടായിരുന്നത്. അടച്ചിടൽ അഥവാ ലോക്ഡൗൺ ആയിരുന്നു രാജ്യങ്ങളുടെ പ്രഥമ പ്രതിരോധ മാർഗം. എന്നിട്ടും ഇക്കാലത്തിനിടെ കൊറോണ വൈറസ് ലോകത്തിന്റെ മുക്കിലും മൂലയിലും എത്തി. ജൂൺ രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ 73 ലക്ഷത്തിലേറെ പേരാണു രോഗബാധിതർ. ജീവൻ വെടിഞ്ഞത് നാലു ലക്ഷത്തോളം പേർ. കോവിഡ് മഹാമാരി ആരുടെയും വീട്ടുമുറ്റത്തോളം എത്തുമെന്ന ഭീതിയുണർന്ന ഈ സമയത്താണ് ലോകം പുതിയ രീതി പിന്തുടരുന്നതും – അടച്ചിട്ടതെല്ലാം തുറക്കുക !
എത്രയോ നൂറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തിയ സമ്പദ് വ്യവസ്ഥ ഏതാനും ആഴ്ച കൊണ്ടു തകർന്നുതരിപ്പണമായപ്പോൾ രാജ്യങ്ങളെല്ലാം തന്നെ മടുത്തു , ലോക്ഡൗൺ മതിയാക്കുകയാണ് ഭൂഖണ്ഡങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങളിലേക്കു വൈറസ് മഹാമാരി പടരുമ്പോൾ പക്ഷേ ആരോഗ്യപ്രവർത്തകർ ആശങ്കയിലാണ്. ‘നിയന്ത്രണം ഒഴിവാക്കി ഒരു രാജ്യവും മുന്നോട്ടു പോകേണ്ട സമയമല്ലിത്’ – ഈ മുന്നറിയപ്പ് നൽകുന്നത് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ്. ചൈനയിലെ വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ട് ലോകശക്തികളെ പോലും വിറപ്പിച്ച കൊറോണ വൈറസ് കുറേക്കാലം ഒപ്പമുണ്ടാകുമെന്ന ലളിതമായ തിരിച്ചറിവിലാണ് ഇന്ന് ലോകമാകമാനമുള്ള മനുഷ്യർ.
യുഎസിലും യൂറോപ്പിലും മഹാമാരിയുടെ വ്യാപനനിരക്കു കുറയുന്നതായാണ് റിപ്പോർട്ടുകൾ. പക്ഷേ ലോകത്താകമാനം അറിഞ്ഞതും അറിയാത്തതുമായ എത്രയോ മനുഷ്യരിൽ വൈറസ് കൂടുകൂട്ടിക്കഴിഞ്ഞു. രോഗത്തിന്റെ മൂർധന്യാവസ്ഥ ലോകത്തു ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്സിനോ മരുന്നോ ഫലപ്രദമായ ചികിത്സയോ കണ്ടുപിടിക്കാത്ത കാലം വരെ ശരിയെന്ന് തെളിഞ്ഞ ഒറ്റ പ്രതിരോധമേ ഇതുവരെയുള്ളൂ – അകലം പാലിക്കൽ. ലോകത്തെങ്ങുമുള്ള നഗരങ്ങളിൽ ഈ നിയന്ത്രണം കഴിഞ്ഞ ആഴ്ചകളിൽ വരെ കർശനമായിരുന്നു.
ഏതാനും ദിവസം മുൻപ് പല കാരണങ്ങൾ മുൻനിർത്തി ലോക്ഡൗൺ നിയന്ത്രണങ്ങളിൽ രാജ്യങ്ങൾ ഇളവ് നൽകിത്തുടങ്ങി. മനുഷ്യർക്കു യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടായതിനൊപ്പം കൊറോണ വൈറസും യാത്ര ചെയ്തു തുടങ്ങി, നഗരങ്ങൾ പിന്നിട്ട് ഗ്രാമങ്ങളിലേക്കുംം. ഇത് അത്ര എളുപ്പം പരിഹരിക്കാവുന്ന കാര്യമല്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം. മഹാമാരി കെട്ടടങ്ങാതിരിക്കുമ്പോൾ തുടർച്ചയായ അടച്ചിടലും തുറക്കലും വീണ്ടും വേണ്ടിവരുമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു. ആദ്യഘട്ട നിയന്ത്രണങ്ങളേക്കാൾ കടുപ്പമേറിയ നടപടികളും അപ്പോൾ വേണ്ടിവന്നേക്കാം.
അടുത്ത കാലത്തെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത കഠിനസാഹചര്യങ്ങളിലൂടെയാണു കോവിഡ് കാലത്തു രാജ്യങ്ങൾ കടന്നുപോകുന്നത്. മഹാമാരിയുടെ തുടക്കത്തിൽ രാജ്യമാകെ അടച്ചിടാൻ കാണിച്ച രാഷ്ട്രീയ ഇച്ഛാശക്തി തുടർന്നും കാണിക്കാൻ ഭരണനേതൃത്വങ്ങൾക്കു സാധിക്കുമോ എന്നതിലും സംശയമുണ്ട്. സ്വമേധയാ തന്നെ ആഴ്ചകളും മാസങ്ങളും വീടിനുള്ളിൽ കഴിഞ്ഞ ജനത്തെ പരിമിതമായ നിയന്ത്രണങ്ങളോടെ ആണെങ്കിലും സ്വതന്ത്രരാക്കുകയാണ്. വൈറസിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കാൻ ഇപ്പോഴത്തെ ഇളവുകൾ കാരണമാകാം. എന്നാൽ വീണ്ടും അടച്ചിടപ്പെടാൻ ജനം തയാറാകുമോ എന്നതിൽ ഒരു ഉറപ്പുമില്ല.
വികസ്വര രാജ്യങ്ങളിലാണ് ഇപ്പോൾ വൈറസ് കൂടുതലായി വ്യാപിക്കുന്നത്. തരക്കേടില്ലാത്ത ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾ പോലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടെ അവതാളത്തിലാകും. ഏറ്റവുമധികം രോഗികളും മരണങ്ങളുമുണ്ടായ യുഎസിലെ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധനായ ആന്റണി ഫൗച്ചി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആപത്കാലത്തിന്റെ ആകെത്തുകയാണ്. ‘‘എന്റെ ഏറ്റവും ഭീകരമായ പേടിസ്വപ്നമാണു കോവിഡ്. നാലു മാസത്തിനുള്ളിൽ ലോകമാകെ കൊടിയ നാശമാണ് വിതച്ചത്. അത് ഇപ്പോഴൊന്നും തീരുന്ന മട്ടില്ല.’’– ഫൗച്ചി പറഞ്ഞു.
ആഗോളതലത്തിൽ കോവിഡ് സാഹചര്യം രൂക്ഷമാവുകയാണെന്നു ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു. അമിത ആത്മവിശ്വാസത്തിനെതിരെ രാജ്യങ്ങൾക്കു സംഘടന മുന്നറിയിപ്പും നൽകി. പല രാജ്യങ്ങളിലും പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകർന്നതായി കണ്ടെത്താനായിട്ടില്ലെന്നു സംഘടനയുടെ പകർച്ചാവ്യാധി വിദഗ്ധൻ വാൻ കോർകോവ് പറഞ്ഞു. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂർവമായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിലെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള അടിസ്ഥാനത്തിൽ സാഹചര്യം മോശമാവുകയാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് വ്യക്തമാക്കി. കഴിഞ്ഞ 10 ദിവസത്തിൽ ഒൻപതിലും ഒരു ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച മാത്രം 1.36 ലക്ഷത്തിലധികം കേസുകൾ. ഒരു ദിവസം ഇത്രയും ഉയർന്ന തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഇതാദ്യം. ഞായറാഴ്ചത്തെ രോഗികളിൽ 75 ശതമാനവും 10 രാജ്യങ്ങളിൽനിന്നുള്ളവരാണ്. കൂടുതൽപ്പേരും അമേരിക്ക, തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരും.
അമിത ആത്മവിശ്വാസമാണ് കോവിഡ് പോരാട്ടത്തിലെ ഏറ്റവും വലിയ ഭീഷണിയെന്നു ടെഡ്രോസ് പറഞ്ഞു. ആഗോളതലത്തിൽ പലരും പകർച്ചവ്യാധി ഭീഷണിയിലാണ്. ആറുമാസത്തിലധികമായി മഹാമാരി നമ്മുടെ ഇടയിൽ വന്നിട്ട്. ഇപ്പോൾ ഈ പോരാട്ടത്തിൽനിന്ന് ഒരു രാജ്യത്തിനും പിന്നോട്ടുപോകാനാകില്ല. ഇതുവരെ ലോകമെങ്ങുമായി ഏഴു ദശലക്ഷത്തിലേറെ പേരെ രോഗം ബാധിച്ചിട്ടുണ്ട്. മരണം നാലു ലക്ഷത്തിനു മുകളിലെത്തി. ആദ്യം കിഴക്കൻ ഏഷ്യയായിരുന്നു മഹാമാരിയുടെ ഉദ്ഭവകേന്ദ്രം. പിന്നീടത് യൂറോപ്പ് ആയി. ഇപ്പോൾ അമേരിക്കയാണ് പ്രഭവകേന്ദ്രം– ഡബ്ല്യുഎച്ച്ഒ വിശദീകരിച്ചു.
രാജ്യത്തിന്റെ പ്രതിഛായ നിലനിർത്തുന്നതിന്റെ ഭാഗമായി കോവിഡ് രോഗികളുടെ ഡേറ്റ മൂടിവയ്ക്കുന്ന സംഭവങ്ങളുണ്ട്. ഇതു രോഗപ്രതിരോധ സംവിധാനങ്ങളെ ആകെ തകിടം മറിക്കുന്ന നടപടിയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. തലസ്ഥാനമായ മോസ്കോയിൽ പകർച്ചവ്യാധി നിരക്ക് മാറ്റമില്ലാതെ കുതിക്കുമ്പോഴും നഗരത്തിലെ ലോക്ഡൗൺ നീക്കുകയാണു റഷ്യ ചെയ്തത്. രോഗം പ്രശ്നമല്ലെന്നു ലോകത്തെ കാണിക്കാനുള്ള വെമ്പലിന്റെ ഭാഗമാണിത്. വൈറസ് വ്യാപനത്തിന്റെ ആകെ എണ്ണം റിപ്പോർട്ട് ചെയ്യുന്നതു നിർത്തിയാണ് ബ്രസീൽ ഡേറ്റ മൂടിവയ്ക്കാൻ ശ്രമിച്ചത്. പിന്നീട് സുപ്രീംകോടതി ഇടപെട്ടാണു പ്രസിഡന്റ് ജെയർ ബോൽസനാരോയുടെ നടപടി തിരുത്തിയത്.
മെക്സിക്കോ സിറ്റിയിലെ നൂറുകണക്കിന്, ചിലപ്പോൾ ആയിരക്കണക്കിന്, മരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയാണു മെക്സിക്കോ എന്നു രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാൾ മൂന്നിരട്ടി മരണം നഗരത്തിലുണ്ടായെന്നു വെളിപ്പെടുത്തിയ ഉദ്യോഗസ്ഥരെ ജോലിയിൽനിന്നു മെക്സിക്കോ പുറത്താക്കുകയും ചെയ്തു. ജനസംഖ്യയിലെ പകുതിയിലേറെ പേരും ജീവിക്കാൻ പാടുപെടുന്ന മെക്സിക്കോയിൽ കോവിഡ് ദുരിതം എന്തുമാത്രം നാശമാണ് വരുത്തിയതെന്ന് അറിയാൻ ഇനിയും നാളേറെ കഴിയണം. പിടികിട്ടാത്തവിധമാണ് രാജ്യത്തു രോഗവ്യാപനമെന്നതാണു കാരണം.
130 കോടിയിലേറെ ജനമുള്ള രാജ്യം പൂർണമായി അടച്ചിട്ട് കോവിഡിനെ പുറത്തുനിർത്തുക എന്ന ചരിത്ര സംഭവത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്. പ്രയാസമേറെയുള്ള തീരുമാനത്തിലൂടെ അതിഥി തൊഴിലാളികൾ ഉൾപ്പെടെ നിരവധിപ്പേരെ ഇത് ബാധിച്ചു. എങ്കിലും ഇത്രയും ബൃഹത്തായ രാജ്യത്തിനു മുന്നിൽ മറ്റു വഴികളൊന്നുമില്ലെന്ന യാഥാർഥ്യവും ഇന്ത്യക്കാർ മനസ്സിലാക്കി. കോവിഡിന്റെ വിളനിലമാകാതെ രാജ്യത്തു കാത്തുരക്ഷിക്കാൻ സമ്പൂർണ ലോക്ഡൗണിനു സാധിക്കുകയും ചെയ്തു. ലോകം കൗതുകത്തോടെയാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ നോക്കിക്കണ്ടതും.
യുഎസ്, യുകെ പോലുള്ള വികസിത രാജ്യങ്ങൾ അടിപതറിയപ്പോൾ പ്രതിരോധക്കോട്ട കെട്ടി ഇന്ത്യ രാജ്യാന്തര താരമായി. എന്നാൽ ഏതാനും നാളുകളായി തുടരുന്ന ഇളവുകളും സമ്പൂർണ ലോക്ഡൗൺ പിൻവലിച്ചതും ഇന്ത്യയ്ക്കു കാൽചുവട്ടിലെ മണ്ണ് നഷ്ടപ്പെടുന്നതിനു തുല്യമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാർച്ച് 24ന് തുടങ്ങി ജൂൺ 8 വരെ ഏറെ നീണ്ട ലോക്ഡൗണിനാണു രാജ്യം സാക്ഷിയായത്. സംസ്ഥാനങ്ങളും ജില്ലകളും നഗരങ്ങളും ഗ്രാമങ്ങളും എല്ലാം അടഞ്ഞുകിടന്ന ദിനങ്ങൾ. ആളുകൾ തിങ്ങിപ്പാർക്കുന്ന, ജനസാന്ദ്രതയേറിയ രാജ്യം വലിയ പരുക്കില്ലാതെ കോവിഡിനോടു പോരാടി.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു പോവുകയാണോ എന്ന ആശങ്ക ജനത്തിൽ പടർന്നു തുടങ്ങിയിരിക്കുന്നു. നൂറിൽനിന്ന് ആയിരത്തിലേക്കും പിന്നെ പതിനായിരത്തിലേക്കും പ്രതിദിന രോഗികളുടെ കണക്ക് എത്താൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങളേ വേണ്ടി വന്നുള്ളൂ. കുറഞ്ഞ മരണനിരക്കും ഭേദപ്പെട്ട രോഗമുക്തി നിരക്കുമാണ് ഇതിനിടെ ആശ്വാസകരമായിട്ടുള്ളത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. ബുധനാഴ്ച ഉച്ചതിരിഞ്ഞുള്ള കണക്കനുസരിച്ച് 2.76 ലക്ഷം രോഗികൾ. തൊട്ടുമുന്നിൽ സ്പെയിനും യുകെയും. രണ്ടും രാജ്യങ്ങളുമായും പതിനായിരത്തോളം രോഗികളുടെ മാത്രം കുറവ്. ഇന്ത്യയിൽ ഇതുവരെ 7700ലേറെ പേർക്കാണു ജീവൻ നഷ്ടമായത്.
ആളുകൾ കൂടുന്ന ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പിങ് സെന്ററുകൾ ഉൾപ്പെടെ ഒട്ടുമിക്ക പൊതുസ്ഥലങ്ങളും ഇന്ത്യ തുറന്നു കൊടുത്തു. മറ്റു രാജ്യങ്ങളിലും അങ്ങനെ തന്നെയാണ്. വിമാനം, ട്രെയിൻ, ബസ് തുടങ്ങിയ ഗതാഗത സൗകര്യങ്ങളും പഴയ അവസ്ഥയിലേക്കു മടങ്ങിവരുന്നു. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാനുള്ള സൗകര്യമായി. പരിശോധന ലളിതമാക്കി. ഇതോടെ രോഗികളുടെ എണ്ണത്തിൽ കുതിപ്പുണ്ടായി. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള രാജ്യത്തെ അന്‍പതിലേറെ ജില്ലകളിലും നഗരസഭകളിലും പ്രാദേശിക സർക്കാരുകളെ സഹായിക്കുന്നതിനു കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല കേന്ദ്ര സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്. 15 സംസ്ഥാനങ്ങളിലായാണ് ഈ വിദഗ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം.
മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാന്‍, അസം, ഹരിയാന, ഗുജറാത്ത്, കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ബംഗാള്‍, ഡല്‍ഹി, ബിഹാർ, ഉത്തര്‍പ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണു കോവിഡ് കൂടുതലായുള്ളത്. രണ്ടു മാസത്തേക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അധിക ആവശ്യങ്ങളിലും കുറഞ്ഞ മാനവശേഷി ലഭ്യതയിലും മറ്റു വെല്ലുവിളികളിലും സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കുകയാണു സംഘങ്ങളുടെ ലക്ഷ്യം.
അതെ നമ്മൾ അടച്ചിട്ടിരുന്നതെല്ലാം തുറന്നു സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴും ഭയത്തോടൊപ്പം ജാഗ്രതയും ആവശ്യമാണ്.. സാമൂഹിക അകലം പാലിക്കാതെ ബസുകളിൽ തിക്കിത്തിരക്കി യാത്രക്കാർ കയറുമ്പോൾ ഇതിൽ ഇനി ഞാനെവിടെ കയറാനാണ് എന്നാലോചിച്ചു നിൽക്കുന്ന കൊറോണയുടെ ട്രോള് കാണുമ്പോൾ നമ്മൾ ചിരിക്കുകയല്ലവേണ്ടത്..ചിന്തിക്കുകയാണ് ..അതൊരു മുന്നറിയിപ്പാണ്..,എല്ലാം തുറന്നിട്ട നാം കൊറോണയ്ക്കുള്ള വഴിയൊരുക്കുകയാണ് ..മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എല്ലാത്തിനോടുമുള്ള പുച്ഛഭാവം,നിസ്സംഗത ഈ മഹാമാരിയോടും കാണിച്ചാൽസോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന മുന്നറിയിപ്പ് പോലെ ഇനി അടച്ചിടലില്ല ,കുഴിച്ചിടലേ ഉള്ളു എന്ന് നാം മറക്കരുത്
https://www.facebook.com/Malayalivartha