യുഎസ് ഫ്‌ളോയിഡ് വധം: പ്രക്ഷോഭകര്‍ പ്രതിമകള്‍ തകര്‍ക്കുന്നു

യു എസ്സിലെ ജനരോഷം വെള്ളക്കാരുടെ പൈതൃക സ്മാരകങ്ങള്‍ക്കെതിരായ ആക്രമണമായി മാറുന്നു. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്തു (1861-65) കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്‌സ് പ്രസിഡന്റായിരുന്ന ജെഫേഴ്‌സന്‍ ഡേവിസിന്റെ പ്രതിമ പൊലീസ് നോക്കിനില്‍ക്കെ പ്രക്ഷോഭകര്‍ തകര്‍ത്തു. വെര്‍ജീനിയയിലെ റിച്ച്മണ്ടില്‍ പ്രശസ്തമായ മൊന്യൂമെന്റ് അവന്യുവിലെ ജെഫേഴ്‌സന്റേത് അടക്കം 4 പ്രതിമകള്‍ ബുധനാഴ്ച രാത്രിയാണ് തകര്‍ത്തത്. റിച്ച്മണ്ടിലെ കൊളംബസിന്റെ പ്രതിമയും തകര്‍ത്തു.
അടിമത്തം നിലനിര്‍ത്തണമെന്ന് വാദിച്ച വെര്‍ജീനിയ അടക്കം തെക്കന്‍ സംസ്ഥാനങ്ങളാണ് കോണ്‍ഫെഡറേറ്റായി വിഘടിച്ച് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചത്. കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്‌സ് പ്രസിഡന്റായിരുന്ന ജെഫേഴ്‌സന്റെ 1907-ല്‍ സ്ഥാപിച്ച പ്രതിമ, വംശീയമേധാവിത്തത്തിന്റെ സ്മാരകമെന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. അത് നീക്കം ചെയ്യണമെന്ന ആവശ്യം നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്.
ജെഫേഴ്‌സന്‍ ഡേവിസിന്റെ പ്രതിമ നില്‍ക്കുന്ന അതേ തെരുവിലുള്ള കോണ്‍ഫെഡറേറ്റ് ജനറല്‍ റോബര്‍ട് ഇ.ലീയുടെ പ്രതിമ നീക്കം ചെയ്യാന്‍ വെര്‍ജീനിയ ഗവര്‍ണര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതി ഇതു 10 ദിവസത്തേക്കു സ്റ്റേ ചെയ്തു.വംശീയമേധാവിത്തത്തിന്റെ ചിഹ്നങ്ങളായ എല്ലാ സ്മാരകങ്ങളും നീക്കം ചെയ്യണമെന്ന ആവശ്യവും ശക്തമായി. എന്നാല്‍, കോണ്‍ഫെഡറേറ്റ് സേനാ ഓഫിസര്‍മാരുടെ പേരിട്ട 10 കരസേനാതാവളങ്ങളുടെ പേരു മാറ്റുന്ന പ്രശ്‌നമില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
അതിനിടെ, സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡന്‍ പവലിന്റെ ദക്ഷിണ ഇംഗ്ലണ്ടിലെ പൂളില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമ നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ബ്രിട്ടിഷ് സാമ്രാജ്യകാലത്തു ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ഗക്കാരെ അടിച്ചമര്‍ത്തിയ ബോവര്‍ യുദ്ധം നയിച്ച ജനറലാണു ബേഡന്‍ പവല്‍.
https://www.facebook.com/Malayalivartha