ചൈനീസ് അതിര്‍ത്തിയുടെ സുരക്ഷയ്ക്ക് ഇന്ത്യയ്ക്കുള്ളത് 3 ലക്ഷത്തിലധികം പട്ടാളക്കാര്‍... കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലുടനീളം ഇന്ത്യ ശക്തമായ പടയൊരുക്കം നടത്തിയതോടെ, കൂടുതല്‍ മുന്നോട്ടുനീങ്ങാന്‍ ചൈനയ്ക്കു സാധ്യമല്ലെന്നു സേനാ വൃത്തങ്ങള്‍

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവായി പാംഗോങ് ട്‌സോ തടാകത്തിനോടു ചേര്‍ന്നുളള മലനിരകള്‍. യഥാര്‍ഥ നിയന്ത്രണ രേഖയിലുളള (എല്‍എസി) ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍നിന്ന് പിന്നോട്ടു മാറിയെങ്കിലും പാംഗോങ് ട്‌സോയിലെ മലനിരകളില്‍ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. സൈനിക ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമം തുടരുമെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാലിതാ ഇപ്പോള്‍ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്കു തയാറെടുത്ത് ഇന്ത്യ ചൈന സേനകള്‍. ഇരുപക്ഷവും തമ്മില്‍ 10 ചര്‍ച്ചകള്‍ നടക്കുമെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. പാംഗോങ് ട്‌സോ മലനിരകളില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തില്‍ ചൈന കടുംപിടിത്തം തുടരുകയാണ്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ മുന്‍പുണ്ടാക്കിയ കരാറുകളുടെ പകര്‍പ്പുമായി ചര്‍ച്ചകള്‍ക്കെത്തുന്ന ഇന്ത്യന്‍ സംഘം, അവ പാലിക്കപ്പെടേണ്ടതാണെന്നു ചൈനയെ ഓര്‍മിപ്പിക്കുന്നു.
ചൈനീസ് അതിര്‍ത്തിയുടെ സുരക്ഷയ്ക്ക് ഇന്ത്യയ്ക്കുള്ളത് 3 ലക്ഷത്തിലധികം പട്ടാളക്കാര്‍. 3488 കിലോമീറ്റര്‍ വരുന്ന യഥാര്‍ഥ നിയന്ത്രണ രേഖയുടെ ചുമതല വഹിക്കുന്ന വിവിധ കോറുകളിലെ അംഗങ്ങളുടെ എണ്ണമാണിത്. 1962 ല്‍ ചൈനയോടു പരാജയപ്പെട്ട സേനയല്ല ഇന്നത്തേതെന്നും ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലുടനീളം ഇന്ത്യ ശക്തമായ പടയൊരുക്കം നടത്തിയതോടെ, കൂടുതല്‍ മുന്നോട്ടുനീങ്ങാന്‍ ചൈനയ്ക്കു സാധ്യമല്ലെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എങ്കിലും, നിലവിലുള്ള കടന്നുകയറ്റങ്ങളില്‍ നിന്ന് ഒഴിയാന്‍ അവര്‍ തയാറാവണം. ബലപ്രയോഗം വേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. ചൈനയുമായുള്ള ഇടപെടലുകളില്‍ ക്ഷമയ്ക്ക് സ്ഥാനമേറെയുണ്ടെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് ഇന്ത്യന്‍ സേനയുടെ ഇടപെടലുകള്‍.
തടാകക്കരയിലെ മലനിരകളിലേക്ക് അതിക്രമിച്ചു കയറിയ ചൈനയുടെ നടപടി അംഗീകരിക്കില്ലെന്നും അവര്‍ പിന്മാറും വരെ സേനാ സന്നാഹം ഒഴിവാക്കില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ചൈനയുടെ ആവശ്യവും ഇന്ത്യ തള്ളി.
ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ നിന്ന് അല്‍പദൂരം പിന്നോട്ടു മാറിയെങ്കിലും ചൈനീസ് പട്ടാളം വീണ്ടുമെത്താനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല. അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികര്‍ക്കു പിന്തുണ നല്‍കാന്‍ പിന്നില്‍ ഇരു സേനകളും ടാങ്ക് അടക്കമുള്ള സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ നയതന്ത്ര, സേനാ തലങ്ങളിലുള്ള ചര്‍ച്ചകള്‍ ഇന്ത്യയും ചൈനയും തുടരുകയാണെന്നു വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളിലെയും ഭരണനേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണകള്‍ പ്രകാരം പ്രശ്‌നം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ യോജിച്ചതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സംഘര്‍ഷത്തില്‍ അയവു വരുത്താനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha