ബെയ്ജിങ്ങില്‍ കോവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ രണ്ടാം വ്യാപന ഭീതി ഉയര്‍ത്തി കോവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പഴം, പച്ചക്കറി, മാംസം എന്നിവയുടെ ഏഷ്യയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രങ്ങളിലൊന്നായ സിന്‍ഫാദി മാര്‍ക്കറ്റ് ആണ് കൊറോണ വൈറസ് ബാധയുടെ പുതിയ ഉറവിടമെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.
ഫെങ്തായ് ജില്ലയിലെ സിന്‍ഫാദി മാര്‍ക്കറ്റ് സന്ദര്‍ശിച്ച മാംസ ഗവേഷണ കേന്ദ്രത്തിലെ 2 ജീവനക്കാരില്‍ രോഗം കണ്ടെത്തിയതിനു പിന്നാലെ വെള്ളിയാഴ്ച ബെയ്ജിങ്ങില്‍ കോവിഡ് സ്ഥിരീകരിച്ച 6 പേരും മാര്‍ക്കറ്റ് സന്ദര്‍ശിച്ചവരാണെന്ന് വ്യക്തമായി. ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇവിടെ 517 പേരില്‍ നടത്തിയ സ്രവ പരിശോധനയില്‍ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാര്‍ക്കറ്റിനു പുറമേ സമീപത്തെ 11 താമസ മേഖലകളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ട പതിനായിരത്തില്‍പരം ആളുകള്‍ക്ക് കോവിഡ് പരിശോധന നടത്തും.
ഹയ്ദാന്‍ ജില്ലയിലെ പച്ചക്കറി മാര്‍ക്കറ്റിലും ഒരാള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ചൈനയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കി. വിനോദ പരിപാടികള്‍ക്കു വിലക്കേര്‍പ്പെടുത്തി. ഇറക്കുമതി ചെയ്ത സാല്‍മണ്‍ മത്സ്യങ്ങള്‍ മുറിക്കാനുപയോഗിച്ച ബോര്‍ഡുകളില്‍ നിന്നാണു വൈറസ് ബാധയെന്നു കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പ്രധാന കച്ചവട കേന്ദ്രങ്ങളില്‍ നിന്നെല്ലാം സാല്‍മണ്‍ മത്സ്യം ഒഴിവാക്കി. മാംസ വിപണന കേന്ദ്രങ്ങളെല്ലാം അടച്ചു.
https://www.facebook.com/Malayalivartha