മെക്സിക്കോ സിറ്റി പൊലീസ് മേധാവിയ്ക്കു നേരേ ആസൂത്രിത ആക്രമണം, നഗരത്തില്‍ പുതപ്പില്‍ പൊതിഞ്ഞ് 14 മൃതദേഹം

മെക്സിക്കോ സിറ്റിയിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലുമായി (സിജെഎന്‍ജി) ബന്ധമുള്ള ഡസന്‍ കണക്കിനു തോക്കുധാരികള്‍ മെക്സിക്കോ സിറ്റി പൊലീസ് മേധാവിയെ വധിക്കാന്‍ ശ്രമം നടത്തി. ഗുരുതരമായി പരുക്കേറ്റ പൊലീസ് മേധാവി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. രാജ്യത്തുടനീളം ഭീകരത പടര്‍ത്തിയ സേതാസിന്റെ വഴികളെ ഓര്‍മിപ്പിക്കുകയാണു സിജെഎന്‍ജി. മെക്‌സിക്കോയിലെ മയക്കുമരുന്ന് കടത്തുകാര്‍ പതിവായി ജഡ്ജിമാരെയും പൊലീസിനെയും ലക്ഷ്യം വയ്ക്കാറുണ്ട്.
പൊലീസ് മേധാവിയുടെ കവചിത വാഹനത്തെ വെള്ളിയാഴ്ച പുലര്‍ച്ചെയാണു ഗ്രനേഡുകളും 50 സ്നിപര്‍ റൈഫിളും ഉപയോഗിച്ച് സംഘം ആക്രമിച്ചത്. രണ്ട് അംഗരക്ഷകരെയും ഒരു സ്ത്രീയെയും കൊലപ്പെടുത്തി. പൊലീസ് മേധാവി ഒമര്‍ ഗാര്‍ക്ക ഹാര്‍ഫുച്ചിനു തോളിനും കഴുത്തെല്ലിനും കാല്‍മുട്ടിനും വെടിയേറ്റെങ്കിലും ജീവന്‍ തിരികെക്കിട്ടി.
തലസ്ഥാനത്ത് ആക്രമണം നടന്ന പേഷ്യോ ഡി ലാ റിഫോര്‍മ പരിസരത്തു പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ഡസന്‍ ഷൂട്ടര്‍മാരെ വളയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ജാലിസ്‌കോ ന്യൂ ജനറേഷന്‍ സംഘത്തിന്റെ തലവനെയും അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ സൂത്രധാരന്‍ ഇയാളാകാന്‍ സാധ്യതയുണ്ടെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നഗരത്തിന്റെ കിഴക്കുഭാഗത്തുനിന്നു പശു (ഇീം) എന്ന് വിളിപ്പേരുള്ള ജോസ് അര്‍മാന്‍ഡോ ബ്രിസോയെയാണ് അറസ്റ്റ് ചെയ്തത്.
മൂന്നാഴ്ച മുമ്പ് 28 തോക്കുധാരികളെ പൊലീസ് മേധാവിക്കെതിരായ ആക്രമണത്തിനായി ക്രിമിനല്‍ സംഘം റിക്രൂട്ട് ചെയ്തിരുന്നതായി മെക്‌സിക്കോ സിറ്റി പ്രോസിക്യൂട്ടര്‍ ഓഫിസ് വക്താവ് ഉലിസെസ് ലാറ പറഞ്ഞു. മെക്‌സിക്കോ സിറ്റിയുടെ ഹൃദയഭാഗത്തു മൂന്നു പ്രധാന പാതകളിലാണ് ഒളിയാക്രമണത്തിനു പദ്ധതിയൊരുക്കിയത്. തോക്കുധാരികളെ നാലു സെല്ലുകളായി തിരിച്ചു. കണ്ണും വായും മാത്രം പുറത്തേക്കു കാണുന്ന സ്‌കി മാസ്‌കുകളും ആയുധങ്ങളും വ്യാഴാഴ്ച രാത്രി അവര്‍ക്ക് എത്തിച്ചു. ആക്രമണം നടത്താനായി പുലര്‍ച്ചെ നാലിന് ഇവരെ മുന്‍നിശ്ചയിച്ച ഒളിയാക്രമണ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഹാര്‍ഫുച്ചിന്റെ വാഹനവ്യൂഹം കടന്നുപോകാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ഒരു ട്രക്കില്‍ നിന്ന് ചാടി വെടിയുതിര്‍ക്കുകയായിരുന്നു.
കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാള്‍ കൊളംബിയക്കാരനും മറ്റ് 11 പേര്‍ മെക്‌സിക്കന്‍ വംശജരുമാണ്. ഈ മാസം നടന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ഒരു ഫെഡറല്‍ ജഡ്ജിയെയും ഭാര്യയെയും അക്രമിസംഘം മുമ്പ് വെടിവച്ചു കൊന്നിരുന്നു.
യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള, ജാലിസ്‌കോയുടെ നേതാവായ എല്‍ മെന്‍ചോ എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗുവേര സെര്‍വാന്റസ് പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു രണ്ടാഴ്ച കഴിയുമ്പോഴാണു വെള്ളിയാഴ്ചത്തെ ആക്രമണമുണ്ടായത്. എല്‍ മെന്‍ചോയുടെ തലയ്ക്കു 10 മില്യന്‍ ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. മാര്‍ച്ചില്‍ അമേരിക്കയിലുടനീളം നടത്തിയ റെയ്ഡുകളില്‍ നൂറുകണക്കിനു ജാലിസ്‌കോ പ്രവര്‍ത്തകരെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.
മെക്‌സിക്കന്‍ സംസ്ഥാനമായ സകാറ്റെകാസില്‍ വെള്ളിയാഴ്ച 14 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതും ഇതുമായി ബന്ധപ്പെട്ടതാണെന്നു കരുതുന്നു. പുതപ്പു കൊണ്ട് പൊതിഞ്ഞു റോഡിന്റെ വശങ്ങളിലായിരുന്നു മൃതദേഹങ്ങള്‍ കിടത്തിയിരുന്നതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് അക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കെയാണ് ഈ സംഭവം. എങ്ങനെയാണ് മരണങ്ങളുണ്ടായതെന്നും ആരൊക്കെയാണ് ഇതിലുള്‍പ്പെട്ടതെന്നും അന്വേഷിക്കുമെന്നു സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. വലിയ നഗരങ്ങളിലൊന്നായ ഫ്രെസ്നില്ലോയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ആളുകള്‍ വീടിനുള്ളില്‍ ഇരുന്നപ്പോള്‍ മെക്‌സിക്കോയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കൊലപാതകങ്ങള്‍ കൂടിയെന്നും അവിടത്തെ മാധ്യമങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha