ചൈനയില്‍ പ്രളയം രൂക്ഷമാകുന്നു; വുഹാനില്‍ റെഡ് അലര്‍ട്ട്

കോവിഡ് മഹാമാരി ദുരിതം വിതച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടെ ചൈനയുടെ തെക്കന്‍, മധ്യ മേഖലകള്‍ക്കു പിന്നാലെ കിഴക്കന്‍ മേഖലയിലും പ്രളയം രൂക്ഷമാകുന്നു. ഇവിടം ദിവസങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 141 പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകള്‍ തകര്‍ന്നു.
ഹ്യൂബെ, ജിയാങ്‌സി, അന്‍ഹുയി, ഹുനാന്‍, സിഷ്വാന്‍, ഗുവാങ്സി തുടങ്ങി 27 പ്രവിശ്യകള്‍ വെള്ളത്തിലാണ്. കോവിഡ് നാശം വിതച്ച വുഹാന്‍ നഗരത്തിനു സമീപത്തുകൂടി ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്‌സി കവിഞ്ഞൊഴുകി രൂപപ്പെട്ട പൊയാങ് തടാകത്തില്‍ ജലനിരപ്പ് അപകട നിലയേക്കാള്‍ 2.5 മീറ്റര്‍ കൂടുതല്‍ ഉയരത്തിലെത്തി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ വുഹാന് 368 കിലോമീറ്റര്‍ അകലെയുള്ള മൂന്നു കൂറ്റന്‍ അണക്കെട്ടുകള്‍ തുറന്നത് പൊയാങ് തടാകത്തിന്റെ വിസ്തൃതി 2000 ചതുരശ്ര കിലോമീറ്ററോളം വര്‍ധിക്കാന്‍ കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതിനു കാരണമായി. അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ യാങ്‌സി നദിക്കു സമീപമുള്ള നഗരങ്ങള്‍ വെള്ളത്തിലായി.
മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ വുഹാന്‍ ഉള്‍പ്പെടെ മധ്യ ചൈനയിലെ നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 98 നദികളുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ചൈനയില്‍ ലെവല്‍ 3 ജാഗ്രത പുറപ്പെടുവിച്ചു. തീവ്രമഴ തുടരുന്ന തെക്കന്‍ പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ് ലെവല്‍ രണ്ടിലേക്ക് ഉയര്‍ത്തി. വുഹാന്‍ ഉള്‍പ്പെടുന്ന ഹ്യൂബെ പ്രവിശ്യയില്‍ പ്രളയ മുന്നറിയിപ്പ് ലെവല്‍ രണ്ടില്‍ നിന്ന് കനത്ത ജാഗ്രത ആവശ്യമുള്ള ലെവല്‍ ഒന്നിലേക്ക് ഉയര്‍ത്തി. പലപ്രദേശങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമായതോടെ ആയിരക്കണക്കിനു വീടുകളും റോഡുകളും തകര്‍ന്നു.
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം എത്താനിരിക്കെയാണ് വൈറസിന്റെ ഉത്ഭവ നഗരത്തെ പ്രളയം മുക്കിയത്. വുഹാന്‍ നഗരത്തിന്റെ സമീപമുള്ള വലിയ അണക്കെട്ടുകളുടെ സ്പില്‍വേയിലൂടെ വന്‍തോതില്‍ വെള്ളം ഒഴുക്കി സ്വഭാവിക പ്രളയമാക്കി ചിത്രീകരിച്ച് ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ അന്വേഷണം തടസ്സപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. 1961 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ചൈനയില്‍ ഇപ്പോള്‍ ലഭിക്കുന്നത്.
https://www.facebook.com/Malayalivartha
























