വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലേയ്ക്ക് ! ശുഭപ്രതീക്ഷ നൽകി ഇന്ത്യൻ സാന്നിധ്യം

കോവിഡ് മഹാമാരിയെ ഈ ഭൂലോകത്ത് നിന്നുതന്നെ തുരത്താൻ വാക്സിൻ പരീക്ഷണം തകൃതിയായി നടത്തുകയാണ് ലോക രാഷ്ട്രങ്ങൾ. ശുഭപ്രതീക്ഷ നൽകികൊണ്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെതിരായുള്ള വാക്സിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആശാവഹമായ പുരോഗതിയാണ് കൊവിഡ് വാക്‌സിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും നടന്നതെന്നും ഇതുവരെയുള്ള ഓരോ ഫലവും ശുഭപ്രതീക്ഷ നല്‍കുന്നതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഈ വാക്‌സിനേഷന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ ഡാറ്റ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും.
ലണ്ടനില്‍ താമസിക്കുന്ന ജയ്‌പൂര്‍ സ്വദേശിയായ ദീപക് ഓക്സ്ഫോര്‍ഡിനായുള്ള മനുഷ്യ പരീക്ഷണങ്ങളില്‍ പങ്കെടുത്തു. ദീപക് ഉള്‍പ്പെടെ ആയിരകണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് കൊവിഡ് വാക്സിന്റെ ഓരോഘട്ടത്തിലും പങ്കെടുക്കുന്നത്. വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വാക്സിന്‍ സഹായിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ ഉറച്ച വിശ്വാസം. ദീര്‍ഘകാല പ്രതിരോധശേഷി നല്‍കുന്ന ഒരു വാക്‌സിനാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഒരു സുഹൃത്തില്‍ നിന്നാണ് സന്നദ്ധപ്രവര്‍ത്തകരെ വാക്സിന്‍ പരീക്ഷണത്തിനായി വിളിക്കുന്നതിനെ കുറിച്ച് കേട്ടതെന്നും ഉടന്‍ താന്‍ രജിസ്‌ടര്‍ ചെയ്യുകയുമായിരുന്നുവെന്നും ദീപക് വ്യക്തമാക്കി. വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതിയത്. തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി മൂന്ന് മണിക്കൂറോളം നീണ്ട വലിയോരു സ്ക്രീനിംഗ് ഉണ്ടായിരുന്നുവെന്നാണ് ദീപക് പറയുന്നത്.
സ്ക്രീനിംഗ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് തന്നെ തിരഞ്ഞെടുത്ത് കൊണ്ടുള്ള വിവരം ലഭിച്ചത്. സന്നദ്ധപ്രവര്‍ത്തകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരീക്ഷണം. പരീക്ഷണങ്ങളെ തുടര്‍ന്നുള്ള ആഴ്ചകളില്‍ ഗവേഷകര്‍ ജീവിതശൈലിയില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ദീപക് പറഞ്ഞു. കൊവിഡ് വാക്സിന്‍ വിജയിക്കുമോയെന്ന് ഓര്‍ത്ത് വിഷമിക്കാറില്ലെന്നും ഒരു ശ്രമത്തിന്റെ ഭാഗമായതില്‍ താന്‍ സന്തുഷ്ടനാണെന്നുമാണ് ദീപകിന്റെ പ്രതികരണം. തന്റെ പങ്ക് നിര്‍വഹിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ദീപക് വ്യക്തമാക്കുന്നു.
അതേസമയം റഷ്യ കോവിഡ് വാക്സിൻ മോഷ്ടിക്കാൻ ശ്രമിക്കുന്നെന്ന ഗുരുതര ആരോപണവുമായി രാജ്യങ്ങൾ രംഗത്തെത്തി. ബ്രിട്ടൻ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് ആരോപണവുമായി രംഗത്തുവന്നത്. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഹാക്കിങ് ഗ്രൂപ്പ് ആക്രമിക്കുകയാണെന്ന് മൂന്ന് രാജ്യങ്ങള്‍ക്കും പരാതിയുണ്ട്. കോറോണ വാക്സിൻ വികസിപ്പിക്കാൻ ഏർപ്പെട്ടിരിക്കുന്ന അക്കാദമിക് ഫാർമസ്യൂട്ടിക്കൽ ഗവേഷണ സ്ഥാപനങ്ങളെയാണ് റഷ്യൻ ഹാക്കര്‍മാർ ആക്രമിക്കുന്നത്. രാജ്യങ്ങളുമായി ചർച്ച നടത്തി ബ്രിട്ടനിലെ ദേശീയസൈബർ സുരക്ഷ കേന്ദ്രമാണ് ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. കൊറോണയെ പ്രതിരോധിക്കാൻ പ്രവർത്തിക്കുന്നവരെയാണ് റഷ്യൻ ഇന്റെലിജിന്‍സുകൾ ലക്ഷ്യമിടുന്നതെന്നും വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























