അമേരിക്കന്‍ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി ജോണ്‍ ലൂയിസ് ഓര്‍മയായി

മാണ്ട്‌ഗോമറി സെല്‍മയിലെ എഡ്മണ്ട് പെറ്റസ് പാലത്തിലൂടെ 1965-ല്‍ മാര്‍ച്ച് നടത്തി കറുത്തവര്‍ഗക്കാരെ മനുഷ്യരായി പരിഗണിക്കൂ എന്ന് വിളിച്ചു പറഞ്ഞ് അമേരിക്കന്‍ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ചരിത്ര മുഖമായി മാറിയ ജോണ്‍ ലൂയിസ് (80) വിടവാങ്ങി. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. 600 പ്രതിഷേധക്കാരെ 25-ാം വയസ്സില്‍ നയിച്ച് ലൂയിസ് ഉയര്‍ത്തിയ മുദ്രാവാക്യം യുഎസ് മനുഷ്യാവകാശ ചരിത്രത്തിലെ നാഴികക്കല്ലാണ്.
1965-ലെ സമരം ഉള്‍പ്പെടെ കിങ് ജൂനിയറിനൊപ്പം വിമോചന സമരങ്ങളില്‍ ലൂയിസ് മുന്നില്‍ നിന്നു. വിവേചനത്തിനെതിരെ പോരാടിയ, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ നേതൃത്വത്തിലുള്ള 6 മഹാരഥന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ലൂയിസ്. ഇരുകൈകളും കോട്ടിന്റെ പോക്കറ്റിലിട്ട് മാര്‍ച്ച് നയിച്ച ലൂയിസിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചു. തലയോട് പൊട്ടി ചോരയൊലിച്ച് കിടന്നപ്പോഴും കൈകള്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്നെടുക്കാതിരുന്ന ലൂയിസിന്റെ ചിത്രം കറുത്തവര്‍ നേരിടുന്ന അതിക്രമങ്ങളിലേക്കു ജനശ്രദ്ധ തിരിച്ചു. 'ബ്ലഡി സണ്‍ഡേ'യിലെ ഈ സമരവും തുടര്‍ന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ നയിച്ച സമരങ്ങളും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കു വോട്ടവകാശം ലഭിക്കുന്നതിലേക്കു നയിച്ചു.
അലബാമയിലെ പൈക് കൗണ്ടിയില്‍ 1940 ഫെബ്രുവരി 21-ന് കര്‍ഷക കുടുംബത്തിലാണു ലൂയിസിന്റെ ജനനം. വംശീയതയുടെ പേരില്‍ ലൈബ്രറി കാര്‍ഡ് നിഷേധിക്കപ്പെട്ടതിനെതിരെ തുടങ്ങിയതാണ് ലൂയിസിന്റെ സമരജീവിതം. ട്രോയി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ വിദ്യാര്‍ഥിയായി ലൂയിസ്. 18-ാം വയസ്സില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറുമായി സൗഹൃദത്തിലായതാണ് ജീവിതത്തിലെ വഴിത്തിരിവായത്.
1963ലെ വാഷിങ്ടന്‍ റാലിയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് 'എനിക്കൊരു സ്വപ്നമുണ്ട് (ഐ ഹാവ് എ ഡ്രീം)' എന്ന ചരിത്രപ്രസിദ്ധ പ്രസംഗം നടത്തുന്നതിന് തൊട്ടുമുന്‍പ് അതേ വേദിയില്‍ നടന്നത് ഒട്ടും മയപ്പെടുത്താത്ത ഒരു തീപ്പൊരി പ്രസംഗമാണ്, അതു ജോണ്‍ ലൂയിസിന്റേതായിരുന്നു.
'ഐ ഹാവ് എ ഡ്രീം' പ്രസംഗം കുറെക്കൂടി ശക്തവും വിമര്‍ശനപരവുമാകണമെന്ന നിലപാടായിരുന്നു ലൂയിസിന്. കിങ് അത് മയപ്പെടുത്തുകയായിരുന്നു.
1963-ല്‍ സ്റ്റുഡന്റ് നോണ്‍വയലന്റ് കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി അധ്യക്ഷനായ ലൂയിസ് 1981-ല്‍ അറ്റ്‌ലാന്റ സിറ്റി കൗണ്‍സില്‍ അംഗമായി രാഷ്ട്രീയത്തിലെത്തി. ദീര്‍ഘകാലം ജനപ്രതിനിധി സഭാംഗവുമായിരുന്നു ജോണ്‍ ലൂയിസ്.
2016 -ല്‍ ഡമോക്രാറ്റ് നേതൃത്വത്തില്‍ 'തോക്ക് ലൈസന്‍സി'നെതിരെ കോണ്‍ഗ്രസില്‍ കുത്തിയിരിപ്പു സമരത്തിനു നേതൃത്വം നല്‍കിയതും ലൂയിസായിരുന്നു. ആ സമരത്തീ അണഞ്ഞിട്ടില്ലെന്നു തെളിയിച്ച് ഈയിടെ നടന്ന 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രക്ഷോഭത്തിലും ലൂയിസ് അണിചേര്‍ന്നു.
https://www.facebook.com/Malayalivartha


























