ചരിത്ര ദൗത്യവുമായി യു എ ഇ: ചൊവ്വാ പര്യവേഷണ പേടക വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി, 'അൽ അമൽ' കുത്തിച്ചുയർന്നു; അറബ് ലോകത്തിന്റെ ആദ്യ കാല്‍വെപ്പ്

അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർന്നു. ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് യു എ ഇ സമയം പുലർച്ചെ 1:54 നായിരുന്നു വിക്ഷേപണം. മോശം കാലാവസ്ഥയെതുടർന്ന് പല തവണ മാറ്റിവച്ച യു എ ഇയുടെ സ്വപ്ന പദ്ധതിയാണ് കുതിച്ചുയർന്നത്.
'അൽ അമൽ' എന്ന് പേരിട്ട പദ്ധതിയുടെ കൗൺഡൗൺ അറബിയിലായിരുന്നു. 200 ദിവസത്തെ യാത്രയ്ക്കൊടുവിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പേടകത്തിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഓസോൺ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നിവയാണിത്.
യു.എ.ഇ രൂപം കൊണ്ടതിന്റെ 50-ാം വാർഷികമായ 2021ഫെബ്രുവരിയിൽ ചുവന്നഗ്രഹമായ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുകയാണ് അമലിന്റെ ലക്ഷ്യം. യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ് പേടകം നിർമിച്ചത്. യു.എ.ഇ ഇതുവരെ മൂന്ന് നിരീക്ഷണ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. ഭൂമിയുടെ ഭ്രമണപഥം വിട്ടു പോകാത്ത മൂന്ന് ദൗത്യങ്ങളും വിജയമായിരുന്നു.
ഈ ദൗത്യം യു.എ.ഇയ്ക്കും മേഖലയ്ക്കും ഒരു സുപ്രധാന നാഴികക്കല്ലാണ്,” ജപ്പാനില്‍ നടന്ന വിക്ഷേപണാനന്തര പത്രസമ്മേളനത്തില്‍ യു.എ.ഇയുടെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടര്‍ യൂസഫ് ഹമദ് അല്‍ഷൈബാനി പറഞ്ഞു.
പ്രാദേശികമായി ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നേടാന്‍ കഠിനമായി പരിശ്രമിക്കാനും പുതിയ കാല്‍വെപ്പ് ഇതിനകം പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























