ഫ്രഞ്ച് അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന നെപ്പോളിയന്റെ ആദ്യഭാര്യയുടെ പ്രതിമ തകര്‍ത്തു

വര്‍ണവിവേചനത്തിനെതിരേ പോരാടുന്നവര്‍ അധിനിവേശ ബിംബങ്ങളെ തകര്‍ത്തെറിയണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത് നിലവിലെ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ തള്ളിയതിനു പിന്നാലെ ജനം ഫ്രഞ്ച് അതിര്‍ത്തിയിലെ മാര്‍ട്ടിനിക്കില്‍ സ്ഥാപിച്ചിരുന്ന നെപ്പോളിയന്റെ ആദ്യഭാര്യയുടെ പ്രതിമയും അധിനിവേശ പ്രതിമയും തകര്‍ത്തെറിഞ്ഞു.
നെപ്പോളിയന്റെ ആദ്യ ഭാര്യ ജോസഫൈന്‍ ഡെ ബൊഹാര്‍നെസിന്റെ പ്രതിമയാണ് തകര്‍ക്കപ്പെട്ടതില്‍ പ്രധാനപ്പെട്ടത്. ഫ്രഞ്ച് ചക്രവര്‍ത്തിനിയായിരുന്ന ഇവരുടെ പ്രതിമ 30 വര്‍ഷം മുന്‍പും തകര്‍ക്കപ്പെട്ടിട്ടുണ്ട്. പിന്നീട് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയില്ല. ഇതാണ് ഇപ്പോള്‍ പൂര്‍ണമായും തകര്‍ത്തത്. സമ്പന്ന അധിനിവേശ കുടുംബത്തിലെ അംഗമായിരുന്നു ജോസഫൈന്‍.
ഫ്രഞ്ച് കോളനി സ്ഥാപിച്ചവരില്‍ പ്രധാനിയായ വ്യാപാരി പിയറി ബെലൈന്റെ പ്രതിമയും അക്രമാസക്തരായ ജനക്കൂട്ടം തകര്‍ത്തു. പ്രതിമകള്‍ എത്രയും പെട്ടെന്നു മാറ്റിയില്ലെങ്കില്‍ പൂര്‍ണമായും തച്ചുടയ്ക്കുമെന്ന മുന്നറിയിപ്പുകള്‍ കഴിഞ്ഞ ആഴ്ച സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























