മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബിന് അഴിമതിക്കേസില്‍ 12 വര്‍ഷം തടവ്

സാമ്പത്തിക തട്ടിപ്പു കേസില്‍ മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് 12 വര്‍ഷം ജയില്‍ശിക്ഷ. മലേഷ്യയില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് നജീബ്. തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് അദ്ദേഹം വാദിച്ചിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കും.
1 മലേഷ്യ ഡവലപ്‌മെന്റ് ബെര്‍ഹഡ് (1എംഡിബി) എന്ന നിക്ഷേപ നിധിയില്‍ നിന്ന് 100 കോടിയിലേറെ ഡോളര്‍ തട്ടിയെടുത്ത കേസില്‍ അധികാര ദുര്‍വിനിയോഗത്തിന് 12 വര്‍ഷവും വിശ്വാസവഞ്ചനയ്ക്ക് 3 വകുപ്പുകളിലായി 10 വര്‍ഷം വീതവും പണാപഹരണത്തിന് 3 വകുപ്പുകളില്‍ 10 വര്‍ഷം വീതവുമാണ് തടവുശിക്ഷ വിധിച്ചത്. ഇതിനു പുറമേ, 21 കോടി റിങ്കിറ്റ് (368 കോടിയോളം രൂപ) പിഴയും ഹൈക്കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള 5 അഴിമതിക്കേസുകളില്‍ ആദ്യത്തേതിലാണ് വിധിപറഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനായി നജീബ് തന്നെ ആരംഭിച്ച നിധി അദ്ദേഹവും കൂട്ടാളികളും കൊള്ളയടിച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് 2 വര്‍ഷം മുന്‍പ് നജീബിന് അധികാരം നഷ്ടമാകാന്‍ ഇടയാക്കിയത്.
മറ്റു കേസുകള്‍ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നജീബിന്റെ മലായ് പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ മലേഷ്യ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ രാഷ്ട്രീയമാനമുള്ള വിധിയാണിത്. വിധി അട്ടിമറിക്കപ്പെടുമോ എന്ന് സംശയിക്കുന്നവരേറെയുണ്ട്.
https://www.facebook.com/Malayalivartha



























