മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതിനു പിന്നാലെ ചൈനയെ വെട്ടിലാക്കി മറ്റൊരു നീക്കം., ചൈനീസ് കളർ ടിവികളുടെ ഇറക്കുമതിയിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തി

ചൈനീസ് കളർ ടിവികളുടെ ഇറക്കുമതിയിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് . ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങളെ പൊതുസംഭരണ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്ന് ഒഴിവാക്കുകയും ചെയ്തെന്നാണു ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ആണ് ‘സൗജന്യം’ ആയിരുന്ന കളർ ടിവി ഇറക്കുമതി നയത്തെ ‘നിയന്ത്രിത’ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ‘കളർ ടിവിയുടെ ഇറക്കുമതി ഇപ്പോൾ നിയന്ത്രിത വിഭാഗത്തിലാണ് ഉള്ളത് . ഇനി ഇറക്കുമതിക്കാരനു ലൈസൻസ് വാങ്ങേണ്ടുന്ന സ്ഥിതിയാണ് ഉള്ളത്. ചൈനീസ് ടിവികളുടെ അമിത വരവ് പരിശോധിക്കുകയും കുറയ്ക്കുകയുമാണു പ്രധാന ലക്ഷ്യം .ഇന്ത്യയിൽ 15,000 കോടി രൂപയുടേതാണു ടിവി വ്യവസായം. ഇതിൽ 36 ശതമാനം പ്രധാനമായും ചൈനയിൽ നിന്നും തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യാറുള്ളത് .
ചൈന കൂടാതെ വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തൊനേഷ്യ, തായ്‌ലാൻഡ്, ജർമനി എന്നീ രാജ്യങ്ങളിലായിട്ടാണ് കൂടുതലായി കളർ ടിവികൾ കയറ്റുമതി ചെയ്യുന്നവർ. എന്നാൽ ഈ കാര്യത്തിൽ സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി ജൂൺ 29ന് കേന്ദ്ര സർക്കാർ ടിക് ടോക്, യുസി ബ്രൗസർ ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധി ക്കുന്ന സാഹചര്യമുണ്ടായിരുന്നു. വിദേശത്തുനിന്നുള്ള സാധനങ്ങളുടെ കൂടിയ അളവിലെ ഇറക്കുമതി രാജ്യത്തെ ആഭ്യന്തര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതായി സർക്കാർ കണക്കാക്കുകയാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് അഭിയാൻ പ്രകാരം ഇന്ത്യ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെലവ് കുറഞ്ഞ രീതിയിൽ ഇലക്ട്രോണിക് വസ്തുക്കൾ നിർമിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപാദനം 2014 ലെ 29 ബില്യൻ ഡോളറിൽ നിന്ന് 2019 ൽ 70 ബില്യൺ ഡോളറായി ഉയർന്നു. ടിവികൾക്കായി ഘട്ടംഘട്ടമായുള്ള നിർമാണ പരിപാടി (പിഎംപി) നടക്കുന്നു.
‘മേക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരം സൃഷ്ടിക്കുക, ഉപഭോക്താവിന് താരതമ്യപ്പെടുത്താവുന്ന നിരക്കിൽ സാധനം നൽകുക എന്നിവ ലക്ഷ്യമിട്ടുള്ള ആലോചനകളുടെ തുടർച്ചയാണു ചൈനീസ് ടിവികളുടെ വരവ് നിയന്ത്രിക്കാനുള്ള തീരുമാനമെന്ന് അധികൃതർ അറിയിച്ചു. അതിർത്തി സംഘർഷത്തിന്റെ തുടർച്ചയായി ചൈനയ്ക്കെതിരായ നീക്കം ഇത്തരത്തിൽ കടുപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നത് .
ഇന്ത്യ ഇത്തരത്തിൽ നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ചൈന ചില മുന്നറിയിപ്പുകൾ നടത്തിയിട്ടുണ്ടായിരുന്നു. ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിര്‍ബന്ധപൂര്‍വം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തുമെന്നായിരുന്നു ചൈനയുടെ ഭീഷണി. ചൈന ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ ഭീഷണിയല്ലെന്നും പരസ്പര സഹകരണത്തോടെയല്ലാതെ നമുക്ക് മുന്നോട്ടുപോകാനാകില്ലെന്നും ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് വ്യക്തമാക്കിയിരുന്നു . ചെനീസ് ആപ്പുകള്‍ നിരോധിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് അംബാസഡറുടെ ഈ അഭിപ്രായപ്രകടനം നടത്തിയത് . പരസ്പര സഹകരണത്തിലൂടെ ഒരുമിച്ച് നേട്ടമുണ്ടാക്കുന്നതിനെയാണ് ചൈന പിന്തുണയ്ക്കുന്നതെന്നും ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം നേട്ടമുണ്ടാകുന്ന രീതിയെ എതിര്‍ക്കുന്നുവെന്നും സണ്‍ വെയ്‌ദോങ് അഭിപ്രായപ്പെട്ടിരുന്നു. ചൈന ഇങ്ങനെ പറഞ്ഞെങ്കിലും ഇന്ത്യ നിലപാടിൽ നിന്നും മാറുന്നില്ല എന്നാണ് പുതിയ നീക്കത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha



























