കോവിഡ് വാക്‌സിന്റെ ഉപയോഗത്തിനു നിയന്ത്രിത അനുമതി നല്‍കാനൊരുങ്ങി റഷ്യ

റഷ്യയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതായി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ഉപയോഗത്തിനു നിയന്ത്രിത അനുമതി നല്‍കാനൊരുങ്ങി റഷ്യ. ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതായും ഒക്ടോബറില്‍ രാജ്യത്തു വ്യാപകമായി വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും റഷ്യയുടെ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു.
ഈ മാസം തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കിയേക്കും. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യം വാക്‌സിന്‍ നല്‍കുക. അതേ സമയം, മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ 3 ഘട്ടങ്ങളും അവസാനിച്ചിട്ടുണ്ടോ അതോ രണ്ടാം ഘട്ടമാണോ പൂര്‍ത്തിയായത് എന്നതിനെപ്പറ്റി വ്യക്തതയില്ല. ചൈനയില്‍ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ വാക്‌സിന്‍ നിയന്ത്രിത രീതിയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.
പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. യുഎസ് വികസിപ്പിക്കുന്ന വാക്‌സിനുകള്‍ ആദ്യം നല്‍കേണ്ടതാര്‍ക്കെന്ന കാര്യത്തില്‍ അടുത്ത മാസം അവസാനത്തോടെ മാര്‍ഗനിര്‍ദേശം വന്നേക്കും.
https://www.facebook.com/Malayalivartha



























