ചൈനയെ തള്ളി ഇന്ത്യയിലേക്ക് ; ഇന്ത്യയും ജപ്പാനും തമ്മില്‍ സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ അടുത്ത മാസം ഒപ്പിട്ടേക്കും

ഇന്ത്യയും ജപ്പാനും തമ്മില്‍ സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ അടുത്ത മാസം ഒപ്പിട്ടേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണ് സൂചന. ഇതിന് പുറമെ ചൈനയിലുള്ള ജാപ്പനീസ് കമ്പനികളുടെ ഫാക്ടറികള്‍ ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യത്തിലും ഉച്ചകോടിയില്‍ തീരുമാനമുണ്ടാകും.
അക്വിസിഷന്‍ ആന്‍ഡ് ക്രോസ് സെര്‍വിസിങ് എഗ്രിമെന്റ് ( അക്‌സ) എന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിടാന്‍ പോകുന്ന സൈനികതാവളങ്ങള്‍ പങ്കുവെക്കാനുള്ള കരാറിന്റെ പേര്. ജപ്പാനുമായി കരാര്‍ ഒപ്പിടുന്നതോടെ ക്വാഡ് സഖ്യത്തിലുള്ള എല്ലാ രാജ്യങ്ങളുമായുമുള്ള സൈനിക ബന്ധം ഇന്ത്യയ്ക്ക് ഊട്ടിയുറപ്പിക്കാനാകും. ക്വാഡ് സഖ്യത്തിലുള്ള അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി നിലവില്‍ സമാനമായ കരാര്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ഉച്ചകോടിയാകും നടക്കുക. ഇന്ത്യയുമായും ജപ്പാനുമായും ചൈന തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ഉച്ചകോടിക്ക് പ്രാധാന്യമേറെയുണ്ട്. ലഡാക്കില്‍ ഇന്ത്യയുമായും സെന്‍കാകു ദ്വീപിനെ ചൊല്ലി ജപ്പാനുമായും ചൈന തര്‍ക്കത്തിലാണ്.
2019 ഡിസംബറിലായിരുന്നു ആദ്യം ഈ ചര്‍ച്ച നടത്താന്‍ തീരുമാനമായിരുന്നത്. അസമിലെ ഗുവാഹത്തിയില്‍ വെച്ച് ഉച്ചകോടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഉച്ചകോടി മാറ്റിവെച്ചു.
പിന്നീട് കോവിഡ് വ്യാപനം കൂടി വന്നതോടെ ഉച്ചകോടി സംബന്ധിച്ച തീരുമാനം നീണ്ടുപോവുകയായിരുന്നു. സെപ്റ്റംബര്‍ 10ന് വെര്‍ച്വലായി ഉച്ചകോടി നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സൈനിക സഹകരണത്തിനപ്പുറം ചൈനയെ ലക്ഷ്യമിട്ടുള്ള വാണിജ്യ സഹകരണവും ഉച്ചകോടിയുടെ അജണ്ടയാണ്. ജാപ്പനീസ് കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി അവരെ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനുള്ള പ്രഖ്യാപനങ്ങളുണ്ടായേക്കും. മാത്രമല്ല ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ തുറമുഖ നിര്‍മാണം സംബന്ധിച്ചും തീരുമാനങ്ങളുണ്ടായേക്കും.
ചൈനയുമായുള്ള തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സെ ആബെയ്‌ക്കെതിരെ മന്ത്രിസഭയ്ക്കുള്ളിലും പൊതുജനത്തിനും അതൃപ്തിയുണ്ട്. ചൈനയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആബെയ്ക്ക് മേല്‍ സമ്മര്‍ദ്ദവുമുണ്ട്. ഈ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുക എന്നതും ഇന്ത്യയേ സംബന്ധിച്ച് നിര്‍ണായകമാണ്.
ഇന്ത്യയെപ്പോലെ ചൈനയുടെ കടന്നുകയറ്റത്തെ പിടിച്ചുകെട്ടാൻ തന്നെയാണ് ജപ്പാന്റെയും തീരുമാനം. ചൈനയെ ലക്ഷ്യമിട്ട് മിസൈലുകൾ വിന്യസിക്കുന്നതിനോടൊപ്പം സൈന്യത്തിന്റെ എണ്ണവും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളും ജപ്പാൻ വർധിപ്പിച്ചിതായാണ് റിപ്പോർട്ട്. ചൈനയുടെ പ്രകോപനം കണക്കിലെടുത്ത് ജൂൺ അവസാനത്തോടെ പാട്രിയോട് പിഎസി 3 എംഎസ്ഇ പ്രതിരോധ മിസൈൽ സംവിധാനം നാലു സൈനിക താവളങ്ങളിലായി വിന്യസിക്കുമെന്ന് ജപ്പാൻ അറിയിച്ചു. ഏത് ഹിറ്റ്–ടു–കിൽ മിസൈലുകളെയും പ്രതിരോധിക്കാൻ ശക്തിയുള്ളവയാണ് പിഎസി 3 എംഎസ്ഇ എന്നാണ് യുഎസ്, ജപ്പാൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്.
നിലവിൽ ജപ്പാനിൽ വിന്യസിച്ചിരിക്കുന്ന പാട്രിയോട് പിഎസി 3 മിസൈലുകൾക്ക് 70 കിലോമീറ്റർ വരെ പ്രഹരശേഷിയാണ് ഉള്ളത്. ഇത് കൂടുതൽ നൂതനമാക്കി 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പാകത്തിനാണ് പിഎസി 3എംഎസ്ഇ രൂപകൽപന ചെയ്തിരിക്കുന്നത്. നവീകരിച്ച പിഎസി 3 എംഎസ്‌ഇ അതിന്റെ ഫയർപവർ വർധിപ്പിക്കുന്നതിനൊപ്പം ഉയരവും പ്രകടനവും മെച്ചപ്പെടുത്തി.
ചൈനയും ജപ്പാനും തമ്മിലുള്ള പോരിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജപ്പാനിൽ സെൻകാകുസ് എന്നും ചൈനയിൽ ഡയോയസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ഇതിനു കാരണം. ദ്വീപിനു മേൽ ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ 1972 മുതൽ ഇവ ജപ്പാന്റെ അധീനതയിലാണ്. ടോക്കിയോയ്ക്ക് െതക്കു പടിഞ്ഞാറായി 1200 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഈ പാറ ശൃംഖലകൾക്കു മേൽ നൂറോളം വർഷമായി നിലനിൽക്കുന്ന തർക്കം ഇരു രാജ്യങ്ങളിലും പുകയുകയാണ്.
ദക്ഷിണ ചൈന കടലിലെ കടൽ തീരങ്ങൾ, ദ്വീപുകൾ മറ്റ് സവിശേഷമായ പ്രദേശങ്ങൾ എന്നിവയെല്ലാം തങ്ങളുടെതാണെന്ന് അവകാശപ്പെട്ട് ഫിലിപ്പൈൻസ്, ജപ്പാൻ, തായ്‌വാൻ എന്നിങ്ങനെ വിവിധ അയൽരാജ്യങ്ങളുമായും ഭരണകൂടങ്ങളുമായും കാലങ്ങളായി ചൈനയുടെ തർക്കം ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha



























