പാകിസ്ഥാനെ വിറപ്പിച്ച് മൂന്ന് ഭീകരവാദ സംഘടനകള്‍ ഒന്നിച്ച്! പാകിസ്ഥാനില്‍ മൂന്ന് ഭീകരവാദ സംഘടനകള്‍ ലയിച്ച് ഒന്നാകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ മൂന്ന് ഭീകരവാദ സംഘടനകള്‍ ലയിച്ച് ഒന്നാകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാനിലെ ജമാഅത്തുള്‍ അഹ്റര്‍, ഹിസ്ബുള്‍ അഹ്റര്‍ എന്നീ സംഘടനകളാണ് ലയിച്ച് ഒന്നാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് അഫ്ഗാനിസ്ഥാനിലെ സമാധാനത്തേയും തങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ ഭയം.
ഏഴ് മാസത്തോളം നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് മൂന്ന് സംഘടനകളും ലയിക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ സേനയ്ക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന ഭീകരവാദ സംഘടനയാണ്. മറ്റ് രണ്ട് ഭീകരവാദ സംഘടനകള്‍ കൂടി ഇവര്‍ക്കൊപ്പം ലയിക്കുന്നതോടെ തെഹ്രിക് ഇ താലിബാന്‍ കൂടുതല്‍ കരുത്താര്‍ജിക്കുമോയെന്നാണ് പാകിസ്ഥാന്റെ ആശങ്ക.
അഫ്ഗാനിസ്ഥാനിലെ പക്തിയ, കുനാറില്‍ എന്നിവിടങ്ങളില്‍ നടന്ന യോഗങ്ങളില്‍ വച്ചാണ് മൂന്ന് സംഘടനകളും തമ്മില്‍ ഒത്തു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ലയനത്തിലൂടെ ഒന്നായ സംഘടനയുടെ തലവനായി തെഹ്രിക് ഇ താലിബാന്റെ നേതാവായ മുഫ്തി നൂര്‍ വാലിയെ തിരഞ്ഞെടുത്തു. ഉപദേശക സമിതിയായ അമരി ശൂറയുടെ തലവനായിജമാ അത്തുള്‍ അഹ്ററിന്റെ നേതാവായ ഇക്രം തുറാബിയെ തിരഞ്ഞെടുത്തു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ഈ സമിതിയിരിക്കും. അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിറുത്തുന്നതിനും പാകിസ്ഥാനില്‍ നിന്നും ഭീകരവാദികളെ തുടച്ചുനീക്കുന്നതിനും ഭീകരവാദ സംഘടനയുടെ പുതിയ നീക്കം വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് പാകിസ്ഥാന്റെ വിലയിരുത്തല്‍.
അഫ്ഗാനിസ്താനില്‍ ഏകദേശം 6000 മുതല്‍ 6500 വരെ പാക് ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ അധികവും തെഹ്രിക് ഇ പാകിസ്ഥാന്‍ എന്ന സംഘടനയില്‍ പെട്ടവരാണ്. എന്നാല്‍ വ്യത്യസ്ഥ അഭിപ്രായമുള്ള മൂന്ന് ഭീകര സംഘടനകള്‍ തമ്മില്‍ ലയിച്ചതിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോയെന്നാണ് പാകിസ്ഥാന്റെ സംശയം. ഇതിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്നാണ് പാകിസ്ഥാന്റെ വിലയിരുത്തൽ.
ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക് ഭീകര സംഘടനകള്‍ തങ്ങളുടെ ഭീകരവാദികള്‍ക്ക് അഫ്ഗാനില്‍ വെച്ച് പ്രത്യേക പരിശീലനം നല്‍കുന്നവെന്ന് നേരെത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. യു.എന്‍ രക്ഷാസമിതിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയ സംഘടനകളാണ് അംഗങ്ങളെ അഫ്ഗാനിസ്താനിലയച്ച് പരിശീലിപ്പിക്കുന്നത്.
ഐഇഡി ( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിഗിച്ച് ആക്രമണം നടത്തുന്നതില്‍ ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കാനാണ് ഇവരെ അഫ്ഗാനിലേക്ക് അയയ്ക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്താനുള്ള പരിശീലനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
ഇരു ഭീകരവാദ സംഘടനകളിലെ അംഗങ്ങള്‍ക്കും താലിബാനാണ് പരിശീലനം നല്‍കുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. നംഗ്രഹാര്‍ പ്രവിശ്യയിലെ താലിബാന്‍ കേന്ദ്രങ്ങളായ മോമന്ദ് ദാര, ദുര്‍ ബാബ, ഷെര്‍സാദ് എന്നീ ജില്ലകളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇരു സംഘടനകളില്‍ നിന്നുമായി ഏകദേശം 800 മുതല്‍ 1000 വരെ ഭീകരര്‍ ഇവിടെ പരിശീലനം നേടുന്നുണ്ടെന്നാണ് കരുതുന്നത്.
ഇതിന് പുറമെ കുനാര്‍, നൂരിസ്താന്‍ എന്നീ പ്രവിശ്യകളിലും മറ്റ് ഭീകര സംഘടനകള്‍ ഉണ്ട്. തെഹ്‌രിക് ഇ താലിബാന്‍ പാകിസ്താന്‍, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയ സംഘടനകളാണ് ഈ മേഖലകളിലും ഉള്ളത്. ഇവയ്‌ക്കെല്ലാം അഫ്ഗാന്‍ താലിബാന്റെ പിന്തുണയും പരിശീലനവും ലഭിക്കുന്നുണ്ട്.
ഹഖാനി നെറ്റ്‌വര്‍ക്ക്, അല്‍ ഖ്വായിദ എന്നീ സംഘടനകളുമായി ഇപ്പോഴും താലിബാന്‍ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം അമേരിക്കയുമായി സമാധാന കരാര്‍ യാഥാര്‍ഥ്യമായതിനാല്‍ അഫ്ഗാന്‍ സര്‍ക്കാരിനെതിരെ താലിബാന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























