രാജ്യങ്ങൾക്കെതിരെയുള്ള ജൈവായുധമായി അമേരിക്ക കൊതുകുകളെ ഉപയോഗിക്കുന്നുണ്ടോ ?അങ്ങ്നെയൊരു യാഥാർഥ്യം ലോകത്തിനു മുന്നിൽ മറച്ചുവയ്ക്കപ്പെടുന്നതാണോ ? യുഎസ്–ക്യൂബ സംഘർഷം കൊടുമ്പിരിക്കൊണ്ടിരുന്ന 1980കളിൽ അത്തരമൊരു ജൈവായുധം യുഎസ് പ്രയോഗിച്ചുവെന്ന് ഇന്നും ക്യൂബ വിശ്വസിക്കുന്നു; തെളിവുകളുടെ പിൻബലത്തോടെ

രാജ്യങ്ങൾക്കെതിരെയുള്ള ജൈവായുധമായി അമേരിക്ക കൊതുകുകളെ ഉപയോഗിക്കുന്നുണ്ടോ ?അങ്ങ്നെയൊരു യാഥാർഥ്യം ലോകത്തിനു മുന്നിൽ മറച്ചുവയ്ക്കപ്പെടുന്നതാണോ ? യുഎസ്–ക്യൂബ സംഘർഷം കൊടുമ്പിരിക്കൊണ്ടിരുന്ന 1980കളിൽ അത്തരമൊരു ജൈവായുധം യുഎസ് പ്രയോഗിച്ചുവെന്ന് ഇന്നും ക്യൂബ വിശ്വസിക്കുന്നു; തെളിവുകളുടെ പിൻബലത്തോടെ . യുഎസിന്റെ മുൻകാല പ്രവർത്തനങ്ങളിൽ അത്തരമൊരു ആരോപണത്തിനു ശക്തിപകരുന്ന തെളിവുകൾ ശക്തമായി നിലനിൽക്കുന്നു.
1981ലാണ് ക്യൂബയിൽ പ്രത്യേകതരം ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തത്. തലച്ചോറിനെ ഉൾപ്പെടെ ബാധിക്കുന്ന ഈ പനി കാരണം അന്നു ക്യൂബയ്ക്കു നഷ്ടമായത് 158 ജീവനുകൾ . അതിൽ 101 പേരും കുട്ടികൾ. അപ്രതീക്ഷിതമായി ഡെങ്കിപ്പനി അക്കാലത്ത് ക്യൂബ സംശയത്തോടെ കണ്ടു . ആരോഗ്യ മേഖലയിൽ രാജ്യം മുന്നിട്ടുനിൽക്കുന്ന സമയം കൂടിയായിരുന്നു അത്. ആരോഗ്യ രംഗത്തെ ജൈവസാങ്കേതികതയിലും ക്യൂബ ശ്രദ്ധയൂന്നിയ നാളുകൾ. തുടക്കം മുതൽ ക്യൂബയുടെ സംശയം അമേരിക്കയുടെ നേർക്കായിരുന്നു. എന്നാൽ ആരോഗ്യരംഗത്തെ വീഴ്ച മറയ്ക്കാൻ ക്യൂബ മനഃപൂർവം കെട്ടിച്ചമച്ചതാണിതെന്നായിരുന്നു അമേരിക്കയുടെ ആരോപണം. വാദം വിവാദത്തിലേക്കു വഴിമാറിയതോടെ സംഭവത്തെപ്പറ്റി ക്യൂബ അന്വേഷണത്തിനും ഉത്തരവിട്ടു.
1950കളിൽ യുഎസ് നടത്തിയ മൂന്നു പരീക്ഷണങ്ങളാണ് ഡെങ്കി പരത്തുന്ന കൊതുകുകളുടെ വിതരണം സംബന്ധിച്ച് ക്യൂബയിൽ സംശയം ഉണ്ടായത് . 1955ലെ ഓപറേഷൻ ബിഗ് ബസ്സ്, ഓപറേഷൻ ബിഗ് ഇച്ച്, ഓപറേഷൻ ഡ്രോപ് കിക്ക് എന്നിവയായിരുന്നു അത്. പേരുകൾ പോലെത്തന്നെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു മൂന്നു പരീക്ഷണങ്ങളും. മഞ്ഞപ്പനി പരത്തുന്ന കൊതുകുകളെ ആയുധങ്ങളിൽ ഉപയോഗിക്കാനാകുമോ എന്നു പരീക്ഷിക്കുന്നതായിരുന്നു ബിഗ് ബസ്സ്, ഡ്രോപ് കിക്ക് ഓപറേഷനുകൾ. എലിച്ചെള്ളിനെ ക്ലസ്റ്റർ ബോംബുകളിലൂടെ വിതരണം ചെയ്യാനാകുമോ എന്നു പരീക്ഷിക്കുന്നതായിരുന്നു ഓപറേഷൻ ബിഗ് ഇച്ച്.
1954ലും 1956ലും ജോർജിയയിലും ഫ്ലോറിഡയിലുമായിരുന്നു വിമാനങ്ങളിൽനിന്ന് ‘കറുത്ത മഴയായി’ കൊതുകിൻ കൂട്ടം പറന്നിറങ്ങിയത്. എന്നാൽ ഇവയിലൊന്നു പോലും രോഗം പരത്താൻ ശേഷിയുള്ളതായിരുന്നില്ല. കൊതുകുകളുടെ വിതരണം, എത്ര ദൂരേക്ക് അവയെത്തി, മനുഷ്യനെ കടിക്കുന്നുണ്ടോ, എത്ര നേരം വരെ ജീവിക്കാനാകുന്നു തുടങ്ങിയ കാര്യങ്ങളറിയുകയായിരുന്നു ലക്ഷ്യം. കൊതുകുകളിലെ ഏറ്റവും അപകടകാരികളിലൊന്നായ ഈഡിസ് ഈജിപ്തിയെയാണു പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇവയുടെ രോഗവാഹകശേഷി നശിപ്പിച്ച ശേഷമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.
ഇ14 ബോംബുകളിൽ നിറച്ചായിരുന്നു 3.3 ലക്ഷത്തിലേറെ കൊതുകുകളെ 300 അടി ഉയരത്തിൽനിന്ന് ഭൂമിയിലേക്ക് അയച്ചത്. വിയറ്റ്നാം യുദ്ധകാലത്ത് ജൈവായുധ പ്രയോഗത്തിന് അമേരിക്ക വികസിപ്പിച്ചതായിരുന്നു ഇത്തരം ബോംബുകൾ. ചെറുബോംബുകളായി താഴേക്കു പതിച്ച് പാരച്യൂട്ടുകളുടെ സഹായത്തോടെ വിശാലമായ പ്രദേശത്ത് പ്രാണികളെ ‘വിതയ്ക്കാൻ’ ശേഷിയുള്ളവയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ വിമാനത്തിൽനിന്ന് നേരിട്ട് താഴേക്കു വിട്ടാൽ എത്രമാത്രം കൊതുകുകൾ ജീവനോടെ നിലനിൽക്കും, കാറ്റിന്റെ സഹായത്താൽ എത്രമാത്രം ദൂരേക്ക് ഇവയെത്തും തുടങ്ങിയ കാര്യങ്ങളാണ് ഓപറേഷൻ ബിഗ് ബസ്സിലൂടെ പരിശോധിച്ചത്. 10 ലക്ഷത്തോളം കൊതുകുകളെ ഉൽപാദിപ്പിച്ചവയിൽ ശേഷിച്ചവയെ ബോംബുകളിൽ എങ്ങനെ ജീവൻ നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്ന പരീക്ഷണത്തിനു വേണ്ടിയാണ് ഉപയോഗിച്ചത്.
1956 ഏപ്രിൽ–നവംബർ സമയത്താണ് യുഎസ് ആർമിയിലെ കെമിക്കൽ കോറിന്റെ നേതൃത്വത്തിൽ ഓപറേഷൻ ഡ്രോപ് കിക്ക് നടത്തിയത്. ജൈവായുധമായി പ്രാണികളെ വിവിധ യുദ്ധകേന്ദ്രങ്ങളിൽ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയുകയായിരുന്നു ലക്ഷ്യം. ജോർജിയയിലെ സാവന്നയിലെ ഒരു റെസിഡൻഷ്യൽ ഏര്യയിലേക്കായിരുന്നു കൊതുകുകളെ തുറന്നുവിട്ടത്. ഇവയിൽ എത്രമാത്രം കൊതുകുകൾ വീടിന് അകത്തെത്തി മനുഷ്യനെ കടിച്ചു എന്നും പരിശോധിച്ചു. ഒറ്റദിവസംതന്നെ ഒട്ടേറെ പേരെ കൊതുക് കടിച്ചതായും കണ്ടെത്തി.
ലബോറട്ടറി പരീക്ഷണത്തിനിടെ പുറത്തെത്തിയ വൈറസാണ് ക്യൂബയിൽ രോഗം വിതച്ചതെന്ന അമേരിക്കൻ വാദം അക്കാലത്തുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എല്ലാ വൈറസുകൾക്കും ഒരേ ജനിതകഘടനയാകേണ്ടതായിരുന്നു. ക്യൂബയിൽ കണ്ടെത്തിയവയിലെല്ലാം സ്വാഭാവിക ജനിതകമാറ്റമുണ്ടായിരുന്നു. അതിനാൽതന്നെ ആ വാദത്തിനു പ്രസക്തിയില്ലാതെയുമായി. ക്യൂബയുടെ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന ഫിഡൽ കാസ്ട്രോയെയും അവിടുത്തെ ഭരണകൂടത്തെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ അക്കാലത്ത് ഒമേഗ 7 എന്ന ഭീകരസംഘം യുഎസിലുണ്ടായിരുന്നു. ഇതിലെ പ്രധാനനേതാവായ എഡ്വേഡോ അരോസിനയുടെ യുഎസ് കോടതിയിലെ വിചാരണയ്ക്കിടെ പറഞ്ഞിട്ടുണ്ട്, 1980ൽ ക്യൂബയിൽ പ്രത്യേകതരം രോഗാണുവിനെ വിന്യസിക്കുന്ന അമേരിക്കൻ ഓപറേഷനില്‍ താനും പങ്കാളിയായിരുന്നെന്ന്. എന്നാൽ അയാൾക്കെതിരെ മറ്റു വിവാദ കേസുകള്‍ ഏറെയുണ്ടായിരുന്നതിനാൽ ഈ വെളിപ്പെടുത്തലിനു കാര്യമായ പ്രാധാന്യം ലഭിച്ചതുമില്ല. ഇപ്പോൾ ക്യൂബയിലെ ഡെങ്കിപ്പനി ദുരന്തം കഴിഞ്ഞ് നാലു പതിറ്റാണ്ടായിരിക്കുന്നു. പ്രതിസ്ഥാനത്ത് അമേരിക്കയാണെന്ന് ക്യൂബ ആവർത്തിക്കുമ്പോഴും യാഥാർഥ്യം ഇന്നും അജ്ഞാതമാണ്.
https://www.facebook.com/Malayalivartha



























